ന്യൂദല്‍ഹി: ചരിത്രം കുറിച്ച വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനു പിന്നാലെ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒന്‍പതിന് എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം മുനമ്പം ജനതയെ അഭിസംബോധന ചെയ്യും.
വഖഫ് അധിനിവേശത്തിനെതിരേ മുനമ്പം ജനത നടത്തിയ പോരാട്ടം രാജ്യമാകെ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കവേ റിജിജു, കേന്ദ്ര സര്‍ക്കാര്‍ മുനമ്പം ജനതയ്ക്കൊപ്പമാണെന്നു വ്യക്തമാക്കി. മുനമ്പം ജനതയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം വഖഫ് ഭേദഗതി ബില്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും മറ്റ് എന്‍ഡിഎ നേതാക്കളും മന്ത്രിക്കൊപ്പം മുനമ്പത്തെത്തും.
മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളാണ് വഖഫ് അനിധിവേശ ഭീഷണി നേരിടുന്നത്. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയും മുനമ്പത്തുകാര്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. മുനമ്പം പ്രശ്നംപരിഹരിക്കാന്‍ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്ക്കണമെന്നു കെസിബിസിയും സിബിസിഐയും ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അതിനോടു മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു കേരളത്തിലെ ഇടത്-വലതു മുന്നണികള്‍. കെസിബിസി പ്രസ്താവനയെ ആദ്യം സ്വാഗതം ചെയ്ത കേന്ദ്ര മന്ത്രിമാരിലൊരാളാണ് റിജിജു.
കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങളില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയൊഴികെ മറ്റാരും ബില്ലിനെ പിന്തുണച്ചില്ല. ഇടത്-വലതു മുന്നണി എംപിമാര്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ത്തു. ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് ആണയിട്ടു പറഞ്ഞ അവര്‍ മുനമ്പം ജനതയുടെ കണ്ണീരു കണ്ടില്ല.
ലോക്സഭയില്‍ ബില്‍ പാസായ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനു മുനമ്പത്തെ ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു പ്രകടനം നടത്തി. ഇതു രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. രാജ്യസഭയിലും ബില്ലിനെതിരായ നിലപാടാണ് കേരളത്തില്‍ നിന്നുള്ള ഇടത്-വലത് എംപിമാര്‍ സ്വീകരിച്ചത്. ലോക്സഭയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയിലുണ്ടായിരുന്ന സോണിയ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തതു പോലുമില്ല. പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും പ്രിയങ്ക വാദ്ര സഭയില്‍ ഹാജരായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: