തിരുവനന്തപുരം : ഇന്‍ഡി സഖ്യത്തിലെ കേരളത്തിലെ കോണ്‍ഗ്രസ് , സി പി എം എം പി മാര്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ഇവര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ ഈ വേളയില്‍ കേരളത്തിലെ രണ്ട് ബി ജെ പി എം പിമാര്‍ ജനങ്ങള്‍ക്ക് വേണ്ടി തല ഉയര്‍ത്തി പിടിച്ചു നിന്നു. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ശക്തമായി സര്‍ക്കാര്‍ നിലപാടുകള്‍ അവതരിപ്പിച്ച കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യനെയും സുരേഷ് ഗോപിയെയും സൂചിപ്പിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ഇങ്ങനെ കുറിച്ചത്.
കോണ്‍ഗ്രസ്, സി പി എം എം പിമാര്‍ ജനങ്ങളുടെ ഹൃദയങ്ങളിലും മനസുകളിലും വര്‍ഗീയ വിഷവും നുണകളും നിറയ്‌ക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. കേരളത്തിലെ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് നിയമഭേദഗതിയിലൂടെ കഴിയും.
രാജ്യത്തെ വിവിധയിടങ്ങളിലെ കണ്ണായ ഭൂമിയില്‍ വക്കഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയായ സാഹചര്യത്തിലാണ് വക്കഫ് നിയമം ഭേദഗതി ചെയ്തത്. പഴയ നിയമ പ്രകാരം വക്കഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമി വില്‍ക്കാന്‍ പറ്റില്ല. വഖഫ് ട്രൈബ്യൂണലില്‍ മാത്രമേ ചോദ്യം ചെയ്യാനാകൂ.
അതേസമയം പുതിയ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: