ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചത് ഏറെ പ്രതീക്ഷയോടെ. മാര്‍ച്ച് 31ന് 2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കല്‍ക്കരി ഖനനം സംബന്ധിച്ച മേഖലയിലെ ചില ഉല്‍പാദനക്കുറവ് മാറ്റിവെച്ചാല്‍ ഇന്ത്യയ്‌ക്ക് പൊതുവേ പ്രതീക്ഷനിറഞ്ഞ പ്രകടനമാണ് എല്ലാ മേഖലകളിലും ലഭിച്ചത്. മാര്‍ച്ച് മാസത്തോടെ ഏകദേശം 25 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടന്നു. മാര്‍ച്ച് മാസത്തിലെ ജിഎസ് ടി വരുമാനം 1.96 ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ 11 മാസത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ജിഎസ് ടി ഫെബ്രുവരിയില്‍ 9.1 ശതമാനമാണെങ്കില്‍, മാര്‍ച്ച് മാസത്തില്‍ 9.9 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന സാമ്പത്തികപാദത്തിലെ വരുമാനം 5.75 ലക്ഷം കോടി രൂപ ആയി ഉയര്‍ന്നു. ഇന്ത്യയിലെ യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടില്‍ ഈ സാമ്പത്തിക വര്‍ഷം 36 ശതമാനം വളര്‍ച്ചയുണ്ടായി.
പ്രധാന ഓട്ടോക്കമ്പനികളുടെ വില്പനയില്‍ വര്‍ധനയുണ്ടായി. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ടിവിഎസിന്റെ വില്‍പന 14 ശതമാനം വര്‍ധിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പന 33 ശതമാനത്തോളം വര്‍ധിച്ചു. നാലുചക്രവാഹനങ്ങളുടെ വില്‍പനയിലും കുതിപ്പാണ്. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ വില്‍പന 18 ശതമാനത്തോളം വര്‍ധിച്ചു. കിയയുടെ വില്‍പന 19 ശതമാനം കൂടിയിട്ടുണ്ട്.
എസ് യു വി, എംപിവി എന്നീ വാഹനങ്ങളുടെ വില്‍പനയിലും വര്‍ധനവുണ്ടായി. ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ വില്‍പനയില്‍ 11 ശതമാനം വര്‍ധന ഉണ്ടായി. വാണിജ്യ വാഹനങ്ങളുടെ വില്‍പനയും വര്‍ധിച്ചു. അശോക് ലെയ് ലന്‍റിന്റെ വില്‍പന 15 ശതമാനം വര്‍ധിച്ചു. ഗ്രാമങ്ങളുടെ ഉണര്‍വ്വിന്റെ പ്രതീകമാണ് ആ മേഖലയിലെ വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലുണ്ടായ വര്‍ധന.
കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്കായി 8.1 ലക്ഷം കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകൂട്ടിയ 6.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ അവസാന സാമ്പത്തിക പാദത്തില്‍ 7.6 ശതമാനം വരെ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട ചെലവും കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്കായി നീക്കിവെച്ച മൂലധനനിക്ഷേപവും ചേര്‍ന്നാണ് ഈ വളര്‍ച്ച കൈവരിക്കാനാകുമെന്ന് വി. അനന്തനാഗേശ്വരന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: