കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ നാളെ കിരീടധാരണം. നാല് ടീമുകളാണ് നാളെ ഐ ലീഗ് കിരീടം ലക്ഷ്യമിട്ട് സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്. ഗോകുലം കേരള എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, റിയല്‍ കശ്മീര്‍, ഇന്റര്‍ കാശി ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് നാളെ മൈതാനത്തിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് നാലിനാണ് മത്സരങ്ങള്‍.
പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബിനെ നേരിടുമ്പോള്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് മൂന്നാമതുള്ള റിയല്‍ കശ്മീരാണ് എതിരാളികള്‍. ശ്രീനറിലെ ടിആര്‍സി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. പോയിന്റ് നിലയില്‍ നാലാമതുള്ള ഇന്റര്‍ കാശിക്ക് കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ എഫ്സിയാണ് എതിരാളികള്‍. ലീഗിലെ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 ജയവും 6 സമനിലയും നാല് തോല്‍വിയുമടക്കം 39 പോയിന്റുമായാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള ഗോകുലത്തിന് 11 ജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കം 37 പോയിന്റും റയല്‍ കശ്മീരിനും ഇന്റര്‍ കാശിക്കും 10 വിജയവും ആറ് വീതം സമനിലയും അഞ്ച് തോല്‍വിയുമടക്കം 36 പോയിന്റുമാണുള്ളത്.
നിലവിലെ സാഹചര്യത്തില്‍ അവസാന മത്സരത്തില്‍ സമനില മാത്രം മതി ചര്‍ച്ചിലിന്
കിരീടം നേടാനും അതുവഴി അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാനും. അതേസമയം ഗോകുലം ഡെംപോയെ തോല്‍പിക്കുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീരിനോടു തോല്‍ക്കുകയും ചെയ്താല്‍ ഐ ലീഗ് കിരീടം ഗോകുലത്തിനു സ്വന്തമാകും.
സീസണിലെ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡക്കാണിനെ തോല്‍പ്പിച്ച് തുടങ്ങിയ ഗോകുലത്തിന് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായ സമനിലകളും തോല്‍വികളും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ തുടര്‍ച്ചയായ മോശം പ്രകടനത്തെ തുടര്‍ന്ന്് ലീഗില്‍ എട്ട് മത്സരം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ പുറത്താക്കിയ ഗോകുലം ടീമിന്റെ സഹപരിശീലകനായിരുന്ന എറണാകുളം സ്വദേശി ടി.എ. രഞ്ജിത്തിനെ പകരം ചുമതയേല്‍പിച്ചത് ആകസ്‌കമികമായിരുന്നു. പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ടീമിന്റെ ഈ ഒത്തൊരുമയും ഓള്‍ റൗണ്ട് മികവിലുമാണ് കോച്ചിന്റെ പ്രതീക്ഷകളത്രയും.
ഗോകുലത്തിന്റെ കിരീടധാരണത്തിനൊപ്പം ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ തോല്‍വിയും മനസ്സില്‍ കണ്ടാണ് ടീം നാളെ കലാശപ്പോരിനിറങ്ങുന്നത്. ആരാധക പിന്തുണയില്‍ സ്വന്തം മൈതാനത്ത് ഡെംപോ എഫ്സിക്കെതിരെ മികച്ച പോരാട്ടം നടത്തുമെന്ന് ഗോകുലം കേരള എഫ്സി ഹെഡ് കോച്ച് ടി.എ. രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജയം മാത്രമാണ് ടീം ലക്ഷ്യമിടുന്നത്. ടീം നായകന്‍ സെര്‍ജിയോ ലാമാസും സ്ട്രൈക്കര്‍ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലാണെന്നത് ഗോകുലത്തിന് മികച്ച പ്രതീക്ഷ നല്‍കുന്നതാണന്നും അദ്ദേഹം പറഞ്ഞു.
കളികാണാന്‍ പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ടെക്നിക്കല്‍ ഡയറക്ടര്‍ സി.എം. രഞ്ജിത്ത്, സിഇഒ അശോക്, ഗോകുലം കേരള എഫ്സി ക്യാപ്റ്റന്‍ സെര്‍ജിയോ ലാമാസ്, ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: