ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്റെ മകളെ എസ്എഫ്ഐഒ, മാസപ്പടി കേസില്‍ പ്രതിയാക്കിയതോടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികള്‍ കടുത്ത ആശയക്കുഴപ്പത്തിലായി. പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും പിബി അംഗങ്ങളും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും അടക്കം മുഖ്യമന്ത്രിക്കും മകള്‍ക്കും രാഷ്ട്രീയ കവചം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി മുഖ്യമന്ത്രിയേയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന പതിവ് പല്ലവിയാണ് ആവര്‍ത്തിക്കുന്നത്.
ഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിന്റെ ബ്രാന്‍ഡായി ദേശീയ തലത്തില്‍ പ്രചരിപ്പിക്കണമെന്ന ആവശ്യത്തിന് മേല്‍ക്കെ ലഭിച്ച സാഹചര്യത്തിലാണ് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. കേരള മോഡല്‍ രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടന്നായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയ വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയും എതിര്‍ക്കുന്നതിന് മാതൃകയെന്നായിരുന്നു കേരള സര്‍ക്കാരിനെ പുകഴ്ത്തിയത്.
ഭരണത്തണലില്‍ കോടികള്‍ മാസപ്പടി വാങ്ങിയതിന് മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച കേരള മോഡലിനെ കുറിച്ച് എന്തു പറയുമെന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംഭവിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സമ്പന്ന വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണുയര്‍ന്നത്.
പാര്‍ട്ടിയുടെ ബ്രാന്‍ഡായി ഉയര്‍ത്തിക്കാട്ടുന്ന നേതാവിനും കുടുംബത്തിനും ഇപ്പറഞ്ഞ വിമര്‍ശനങ്ങളെല്ലാം യോജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്തെ പിബി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയും, കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൈവിട്ട പാര്‍ട്ടി, ഇപ്പോള്‍ പിണറായി വിജയനെയും കുടുംബത്തെയും മാസപ്പടി കേസില്‍ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഇരട്ടത്താപ്പ് മറനീക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: