മലയാള സിനിമയിലെ തന്റേടി എന്ന് അറിയപ്പെടുന്ന ആളാണ് ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി. ആരോടും മുഖത്ത് നോക്കി കാര്യം പറയുന്ന അഭിമാനിയായ എഴുത്തുകാരൻ. രചനയും സംവിധാനവുമടക്കം തമ്പി കൈവെക്കാത്ത മേഖലകളില്ല.. അര നൂറ്റാണ്ട് കാലത്തിലധികം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന തമ്പി അത്രയും ഉയരത്തിലെത്തിയതിന് പിന്നിൽ കഠിന പ്രയത്നത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളുണ്ട്.
കുട്ടിക്കാലത്ത് കവിതയെഴുതിയതിന് ജ്യേഷ്ഠന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ലുകൊണ്ടിട്ടുണ്ട് തമ്പി. അതുകൊണ്ട് പലപ്പോഴും എഴുതിയ കവിതകളും കഥകളും ഒളിച്ചുവെക്കേണ്ടിയും വന്നിട്ടുണ്ട്. അങ്ങനെ ഒളിച്ചു വെച്ചും രഹസ്യമായി പ്രസിദ്ധീകരണങ്ങൾക്കയച്ചുമൊക്കെയായിരുന്നു തമ്പി പിന്നീട് വലിയ എഴുത്തുകാരനായത്.
പഠിക്കാനായി ആന്ധ്രയിലെ മസൂലിപട്ടണത്തിൽ പോയപ്പോൾ അനുഭവിച്ച റാഗിംഗിനെപ്പറ്റി ആത്മകഥയായ ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിൽ രസകരമായി വിവരിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് പഠിക്കാൻ ചെന്ന തമ്പിക്ക് ഹോസ്റ്റലിൽ നല്ല പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. മദ്യം കുടിക്കില്ല എന്ന് പറഞ്ഞത് സഹവാസികൾ വിശ്വസിച്ചില്ല.. ഏഴെട്ടുപേരെ കൂട്ടിക്കൊണ്ടു വന്ന് ബലമായി തമ്പിയുടെ വായിൽ മദ്യം ഒഴിപ്പിച്ചു.
തമ്പിയുണ്ടോ വിടുന്നു. ഒഴിച്ചവന്റെ മുഖത്തേക്ക് തന്നെ മദ്യം തുപ്പിക്കൊടുത്തു. അവൻ തമ്പിയെ അടിച്ചു. തമ്പി സകല ശക്തിയുമെടുത്ത് തിരിച്ചടിച്ചു. ഒടുവിൽ മദ്യക്കുപ്പി തറയിൽ അടിച്ച് പൊട്ടിച്ചിട്ട് മുറിയിൽ നിന്നിറങ്ങി ഓടി. ഹോസ്റ്റലിൽ നിന്ന് ദൂരെ കിടന്നുറങ്ങി.
പിറ്റേന്ന് സഹവാസികളുടെ പ്ലാൻ വേറെ ഒന്നായിരുന്നു. മദ്യം കുടിക്കാത്ത തമ്പിയെ വേശ്യാത്തെരുവിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. ഒരു മലയാളി വിദ്യാർത്ഥിയാണ് ഇത് തമ്പിയെ രഹസ്യമായി അറിയിച്ചത്. ഇനി ഇവിടെ പഠിക്കുന്നില്ലെന്ന് തീരുമാനിച്ച് തമ്പി പെട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. അങ്ങനെ പോയി കോടമ്പാക്കത്തെ കോളേജിൽ ചേർന്നാണ് ശ്രീകുമാരൻ തമ്പി തന്റെ എഞ്ചിനീയറിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: