വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) രാകേശ് ശര്‍മ്മയ്ക്ക് ശേഷം യാത്ര ചെയ്യുന്ന ആദ്യ ഭാരതീയനാവാനൊരുങ്ങി ശുഭാന്‍ശു ശുക്ല. ഗഗന്യാന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു പൈലറ്റിന്റെ ചുമതലയിലാണ് ഐഎസ്എസിലേക്ക് പറക്കാനൊരുങ്ങുന്നത് ആക്സിയം- 4 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം മെയിലായിരിക്കുമെന്ന് നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഇവരുടെ പേടകം വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയും നാസയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഐഎസ്എസിലേക്ക് ഭാരതീയനെ കൊണ്ടുപോകുന്നത്.
നാല് പേര് അടങ്ങുന്ന ദൗത്യസംഘത്തില്‍ നാസയുടെ മുന്‍ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സണ്‍, പോളണ്ടുകാരനായ സ്ലാവോസ് ഉസ്നന്‍സ്കി, ഹംഗേറിയക്കാരനായ ടിബര്‍ കാപു എന്നിവരും ശുഭാന്ശുവിനൊപ്പമുണ്ട്. ഇതില്‍ പെഗ്ഗിക്ക് മാത്രമാണ് മുമ്പ് ഐഎസ്എസിലേക്ക് പറന്ന് മുന്‍ പരിചയമുള്ളത്. അതുകൊണ്ട് അവരാണ് മിഷന് കമാന്‍ഡര്‍. ഐഎസ്എസിലേക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് Ax 4. സ്പേസ്എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരിക്കും ശുക്ല അടക്കമുള്ള നാല് പേരും ഐഎസ്എസ്ലേക്ക് പറന്നുയരുന്നത്. സുനിത വില്യംസിനെ ഭൂമിയില്‍ തിരിച്ചെത്തിച്ച അതേ സ്പെസ് എക്സിന്റെ ഡ്രാഗണ്‍ പേടകമാണ് ശുഭാന്ശുവിനേയും സംഘത്തേയും ഐഎസ്എസ്ലേക്ക് എത്തിക്കുന്നത്. ഫാല്‍ക്കണ്‍- 9 റോക്കറ്റാണ് ഡ്രാഗണ്‍ പേടകത്തെ വഹിക്കുന്നത്. ഐഎസ്എസില്‍ ഡോക്ക് ചെയ്തശേഷം 14 ദിവസത്തോളം ദൗത്യസംഘം ബഹിരാകാശത്ത് തങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ശുഭാന്‍ഷു ശുക്ല. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം നാല് ദശാബ്ദത്തിന് ശേഷമാണ് ഒരു ഭാരതീയന് ബഹിരാകാശത്ത് കാലുകുത്താന്‍ പോകുന്നത്. ഐഎസ്ആര്‍ഒ ഗഗന്യാന് ദൗത്യം ആക്സിയം ദൗത്യത്തിന് ശേഷമായതിനാല്‍ ഭാരതത്തിനത് മുതല്‍ക്കൂട്ടാകും.
അതേസമയം ആക്സിയം- 4 ദൗത്യത്തില്‍ എന്തെങ്കിലും കാരണത്താല്‍ ശുഭാന്‍ശു പിന്മാറിയാല് ഗഗന്യാന് ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും ഐഎസ്എസ്ലേക്ക് പോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: