ഭാരത സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രത്തിനെതിരെ വ്യാപക കുപ്രചാരണം നടക്കുകയാണ്. ജന്‍ഔഷധി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്നും രോഗം മാറില്ലെന്നും, ജന്‍ഔഷധി തട്ടിപ്പാണെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ ചില സംശയങ്ങള്‍ക്കിടയാക്കുന്നു. എന്നാല്‍ ജന്‍ഔഷധി മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ഈ ആശങ്ക തീരെയില്ല.
ജന്‍ഔഷധി പദ്ധതിയെ പറ്റിയും ജന്‍ഔഷധി മരുന്നുകളുടെ ഗുണമേന്മയെ കുറിച്ചും അറിയാത്തവരോ അല്ലെങ്കില്‍ ഈ പദ്ധതിയെ തകര്‍ക്കുന്നതിന് ബോധപൂര്‍വ്വം ശ്രമം നടത്തുന്നവരോ ആണ് ഈ പ്രചാരണത്തിന് പിന്നില്‍. ഫാര്‍മ കമ്പനികളുടെ പാരിതോഷികങ്ങള്‍ കൈപ്പറ്റുന്ന ചില ഡോക്ടര്‍മാരും ജന്‍ഔഷധി വ്യാപകമാകുമ്പോള്‍ ബിസിനസ് നഷ്ടപ്പെടുന്നവരുമാണ് ഇതിന് പിന്നില്‍. ജന്‍ഔഷധി മൂലം കച്ചവടം നഷ്ടപ്പെടുന്നത് പ്രമുഖ ഫാര്‍മ കമ്പനികള്‍ക്കാണ്. ജന്‍ഔഷധി കേന്ദ്രങ്ങളുടെ വര്‍ദ്ധനവും വില്പനയും കൂടുമ്പോള്‍ കാലങ്ങളായി ഈ മേഖലയില്‍ വന്‍ ലാഭം കൊയ്യുന്ന ഫാര്‍മ കമ്പനികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന ഭയമാണിതിന് പിന്നില്‍. 100 രൂപയ്ക്ക് വില്‍ക്കുന്ന മരുന്ന് എങ്ങനെയാണ് ജന്ഔഷധിക്ക് 10 രൂപയ്ക്ക് നല്കാന് കഴിയുന്നത്, ഗുണമില്ലാത്തത് കൊണ്ടല്ലേ എന്ന പ്രചാരണമാണ് നടക്കുന്നത്. വിലകുറയുമ്പോള്‍ ഗുണവും കുറയുമെന്ന അശാസ്ത്രീയമായ വാദവും ഇവര്‍ പ്രചരിപ്പിക്കുന്നു.
ജന്‍ഔഷധി പദ്ധതി ഭാരത സര്‍ക്കാരിന്റെ നിരവധി ജനക്ഷേമ പദ്ധതികളില്‍ ഒന്നാണ്. ഇത് ലാഭം കൊയ്യുന്നതിനു വേണ്ടിയാരംഭിച്ചതല്ല. ജനങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു അത്.
ഗുണമേന്മയുള്ള മരുന്നുകള്‍ നിര്‍മാണ ചെലവിന് തുല്യമായ വിലയില്‍ സാധാരണക്കാരന് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. ജനങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തേണ്ടത് ജനങ്ങളോട് പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമാണ്. എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി സൗജന്യമായും ചുരുങ്ങിയ വിലയിലും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് റേഷന്‍ കടകളും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് രാജ്യത്ത് മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ രോഗിക്ക് മരുന്നും ചികിത്സയും ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ആശുപത്രി വിട്ടാലും സൗജന്യ നിരക്കില്‍ മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഗ്രാമപ്രദേശങ്ങളില്‍ പോലും ജന്‍ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
മരുന്നുകളുടെ വിലക്കുറവും ഗുണമേന്മയുമാണ് ഈ പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. ഏതെങ്കിലും തരത്തിലുള്ള പഠനത്തിന്റെയോ പരിശോധനയുടെയോ അടിസ്ഥാനത്തിലല്ല വില കുറയുമ്പോള്‍ ഗുണവും കുറയുമെന്ന ആരോപണം ഉന്നയിക്കുന്നത്. മാര്‍ക്കറ്റില്‍ 40 രൂപയില്‍ അധികം വിലയുള്ള അരി വാങ്ങി ഫോര്‍ട്ടിഫൈഡ് ചെയ്ത് റേഷന്‍കടകളിലൂടെ നല്‍കുന്നത് കിലോ ഒരു രൂപയ്ക്കോ അല്ലെങ്കില്‍ സൗജന്യമായോ ആണ്. വില കുറവായത് കൊണ്ട് റേഷന്‍ അരി ഗുണമില്ലാത്തതാണെന്ന് ആരെങ്കിലും പറയുമോ.
റേഷന്‍ സംവിധാനം പോലെത്തന്നെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ നല്കുന്നതിലുള്ള പദ്ധതിയാണ് ജന്‍ ഔഷധി. ഇടനിലക്കാരോ പ്രമോഷണല്‍ ചെലവോ ഇല്ലാതെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് സെന്‍ട്രല്‍ അല്ലെങ്കില്‍ സംസ്ഥാന ഡിപ്പോകളില്‍ എത്തിച്ച് അവിടെനിന്ന് ജന്‍ ഔഷധി കേന്ദ്രങ്ങളിലേക്ക് എത്തിച്ചു ഉത്പാദന ചെലവിന് തുല്യമായ വിലയില്‍ വിതരണം ചെയ്യുന്നത് കൊണ്ടാണ് മരുന്നുകള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 80, 90 ശതമാനം വിലക്കുറവില്‍ രോഗികള്‍ക്ക് നല്കാന് കഴിയുന്നത്. പ്രധാനമന്ത്രി തന്നെയാണ് ജന്‍ ഔഷധി പദ്ധതിയുടെ പ്രചാരകന്.
സ്വകാര്യ ഫാര്‍മ കമ്പനികള്‍ക്ക് മരുന്നുകള്‍ നിര്‍മ്മിക്കുന്ന അതേ കമ്പനികള്‍ തന്നെയാണ് ജന്ഔഷധിക്കും മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഡബ്ല്യുഎച്ച്ഒ, ജി.എം.പി അംഗീകാരമുള്ള നിര്‍മ്മാണ കമ്പനികളാണ് ജന്‍ ഔഷധി മരുന്നുകള്‍ നിര്‍മ്മിക്കുന്നതും. മരുന്നുകള്‍ നിര്‍മ്മിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയശേഷം എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളില്‍ പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തിയ മരുന്നുകളാണ് കമ്പനികളില്‍ നിന്ന് വാങ്ങി ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ പരിശോധനയില്‍ ഏതെങ്കിലും മരുന്നിന് ഗുണമേന്മ ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ സപ്ലൈ ചെയ്ത കമ്പനികള്‍ക്ക് പണം നല്‍കാതെ തിരിച്ചയക്കുകയും ചെയ്യും. ജന്‍ഔഷധി മരുന്നുകള്‍ ഗുണനിലവാരമില്ലെന്നും അതുപയോഗിക്കരുതെന്ന് രോഗികളോട് പറയുന്ന ഡോക്ടര്‍മാരും കുറവല്ല. ഒരു മരുന്ന് ഗുണനിലവാരം ഉള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടറല്ല. മറിച്ച് ഡ്രഗ്ഗ് കണ്ട്രോളര് വിഭാഗവും ലാബുകളുമാണ്. അവരാണ് മരുന്നുകളുടെ സാമ്പിള്‍ പരിശോധന നടത്തി ആധികാരികമായി പറയേണ്ടത്. ഓരോ വര്‍ഷവും ആയിരക്കണക്കിനു മരുന്നുകളാണ് ഗുണമേന്മ പരിശോധനയ്ക്കായി ഡ്രഗ്ഗ് കണ്ട്രോളര് വിഭാഗം വിധേയമാക്കുന്നത്. അങ്ങനെ നടത്തിയ പരിശോധനാ ഫലങ്ങളുടെ പുറത്തുവന്ന ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ചില വസ്തുതകള്‍ ഉണ്ട്. 2022- 2023 വര്‍ഷങ്ങളില്‍ 9023 ബാച്ച് മരുന്നുകളാണ് പരിശോധന നടത്തിയത്. ഇതില്‍ ജന്‍ഔഷധി മരുന്നുകളില്‍ 12 എണ്ണം മാത്രമാണ് എന്‍.എസ്.ക്യു രേഖപ്പെടുത്തിയത്. അതായത് 0.34 ശതമാനം മരുന്നുകള്‍ മാത്രം. എന്നാല്‍ മാര്‍ക്കറ്റിലുള്ള മുന്‍നിര കമ്പനികളുടെ 3.70 ശതമാനം മരുന്നുകളും എന്‍.എസ്.ക്യു. പട്ടികയില്‍ ആണെന്ന് പഠനങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും ബോധ്യമാകും. ഒട്ടേറെ സ്വകാര്യ ഫാര്‍മ കമ്പനികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും മരുന്നുകള്‍ എന്‍.എസ്.ക്യു പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ജന്‍ഔഷധിയുടെ 99.86 ശതമാനം മരുന്നുകളും ഉയര്‍ന്ന ഗുണനിലവാരം ഉള്ളതായി രേഖകള്‍ പറയുന്നു.
ജന്‍ഔഷധി മരുന്നുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പ്രമുഖ കമ്പനികളുടെ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് നിശ്ശബ്ദരാണ്. രാജ്യത്തെ മുന്‍നിര ഫാര്‍മ കമ്പനികള്‍ നിര്‍മിച്ച ഗുണനിലവാരം ഇല്ലാത്ത മരുന്നുകളുടെ പേരുകളെ കുറിച്ചും 2024 മാര്‍ച്ച് 26ന് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു.
ഭീമമായ പരിശോധനാ ഫീസ് വാങ്ങി ഇത്തരം കമ്പനികളുടെ മരുന്നുകള്‍ പാവപ്പെട്ട രോഗികള്‍ക്ക് എഴുതിക്കൊടുക്കുന്ന ഡോക്ടര്‍മാരില്‍ ചിലരാണ് ജന്‍ഔഷധി മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നത്. നിര്‍മ്മാണ വില ജന്ഔഷധിയ്ക്കും മറ്റ് ഫാര്‍മ കമ്പനികള്‍ക്കും തുല്യമാണ്. എന്നാല്‍ ഒരേ കമ്പനിയില്‍ നിന്ന് ഒരേ വിലയില്‍ ഉത്പാദിപ്പിക്കുന്ന ഒരേ മരുന്നിനും എങ്ങനെ ഇത്രയും ഭീമമായ വില വ്യത്യാസം ഉണ്ടാകുന്നു, സ്വകാര്യ ഫാര്‍മ കമ്പനികളുടെ മരുന്ന് വില കൂടാന്‍ കാരണം പ്രമോഷണല്‍ എക്സ്പെന്‍സ് ആണ്. പൊതു മാര്‍ക്കറ്റിലെ മരുന്നു വിലയുടെ 80 ശതമാനത്തോളം പ്രമോഷണല്‍ ചെലവാണെന്ന് വ്യക്തമാണ്. ഉദാഹരണത്തിന് 100 രൂപ എംആര്‍പിയുള്ള മരുന്നു വില്ക്കാന് റീടെയ്ല്‍ വ്യാപാരിക്ക് 20 ശതമാനവും മൊത്ത വ്യാപാരിക്ക് 10 ശതമാനം ഓഫറും 7 ശതമാനം ഡിപ്പോ കമ്മീഷനും നല്‍കണം. വില്പന വിലയുടെ 47 ശതമാനം, മരുന്ന് വിപണിയില്‍ വില്‍ക്കുന്നതിനുള്ള ചെലവാണ്. ബാക്കിയുള്ള 53 ശതമാനത്തില്‍ മരുന്നിന്റെ നിര്‍മ്മാണ ചെലവ്, കമ്പനികളുടെ ലാഭം, മെഡിക്കല്‍ റെപ്രസെന്റേറ്റീവ്, ഏരിയ മാനേജര്‍ , മാനേജര്‍ തുടങ്ങി മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം ഇതൊക്കെ കൂടിച്ചേര്‍ന്നതാണ്.
100 രൂപയുടെ മരുന്ന് വില്ക്കുമ്പോള് 80 രൂപയും ഈ ഇനത്തിലാണ് ചെലവാകുന്നത്. എന്നാല്‍ ജന്‍ഔഷധി മരുന്നുകള്‍ക്ക് പ്രമോഷണല്‍ ചെലവുകളില്ല. ഇതിന്റെ ആനുകൂല്യമാണ് മരുന്ന് വാങ്ങിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് പുറത്തേക്ക് മരുന്നുകള്‍ എഴുതുമ്പോള്‍ മരുന്നുകളുടെ പേര് രാസനാമത്തില്‍ എഴുതി കൊടുക്കണം എന്ന നിയമം നമ്മുടെ നാട്ടിലുണ്ട്. ഐഎംഎ മുഖേന ഈ നിര്‍ദ്ദേശങ്ങള്‍ പലതവണ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരോ സ്വകാര്യ ഡോക്ടര്‍മാരോ ഈ നിര്‍ദ്ദേശം അനുസരിക്കുന്നില്ല. മരുന്ന് എഴുതുമ്പോള്‍ ക്യാപ്പിറ്റല്‍ ലെറ്ററില്‍ എഴുതണമെന്നും ബ്രാന്‍ഡ് നെയിം എഴുതുകയാണെങ്കില്‍ പേരിന്റെ അടിയില്‍ രാസനാമം നിര്‍ബന്ധമായും എഴുതണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഇപ്പോഴും കമ്പനികളുടെ മിച്ചം പ്രതീക്ഷിച്ചു ബ്രാന്‍ഡ് നെയ്മില്‍ തന്നെയാണ് എഴുതുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഇവിടുത്തെ പ്രതിമാസ വില്‍പ്പന 30 കോടിയില്‍ അധികമാണ്. ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത് ജന്‍ഔഷധി മരുന്നുകളാണ്. കൂടാതെ സൈന്യത്തിന് മരുന്നുകള്‍ നല്‍കുന്നതും ജന്‍ഔഷധി വഴിയാണ്.
ഇസിഎച്ച്എസ്സിലൂടെ വിതരണം ചെയ്യുന്നതും ജന്‍ ഔഷധി മരുന്നുകള്‍ തന്നെയാണ്. കേരളത്തില്‍ ഉദ്ദേശം 8000 ത്തിലധികം ആളുകള്‍ ജന്‍ഔഷധി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതിക്കെതിരെ തുടര്‍ച്ചയായി വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: