ആലപ്പുഴ: കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന വമ്പൻ ലഹരിസംഘത്തിലെ കണ്ണിയെന്ന് റിപ്പോർട്ട്. തമിഴ്, മലയാളം സിനിമകളിൽ എക്സ്ട്രാ നടിയായി മുഖം കാണിച്ചിരുന്ന തസ്ലിമ സുൽത്താന സിനിമാ മേഖലയിലുള്ളവർക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കുമാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത്. തമിഴ് സിനിമയിൽ എക്സ്ട്രാ നടിയായി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.
ഇംഗ്ലിഷ്, മലയാളം, തമിഴ് ഉൾപ്പെടെ എട്ടോളം ഭാഷകൾ വശമുള്ള യുവതി സ്ക്രിപ്റ്റ് പരിഭാഷകയുമായി പ്രവർത്തിച്ചിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് സിനിമാ മേഖലയിൽ ഉൾപ്പെടെ വൻതോക്കുകളുമായാണ് ബന്ധം.മലയാള സിനിമാക്കാരുമായി അടുത്തതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ച തസ്ലീമ തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാർലർ നടത്തിയിരുന്നു.
മയക്കു മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാൽ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ ലഹരി ഇടപാട് തുടർന്നു. ആലപ്പുഴയിൽ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്. ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മണിക്കൂറുകളോളം ഉൻമാദം കിട്ടുന്ന കനാബി സിൻസിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. മെഡിക്കൽ ആവശ്യത്തിനായി തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്.
ബെംഗളൂരു വഴിയാണ് ഇവർ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പലർക്കും ലഹരിവസ്തുക്കൾ കൈമാറിയിട്ടുണ്ടെന്ന് തസ്ളീമ വെളിപ്പെടുത്തി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും തസ്ളീമയുടെ ഫോണിൽ നിന്ന് ലഭിച്ചു. ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്.
ആലപ്പുഴയിൽ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുൻപും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ പറഞ്ഞു. വൻ ഇടപാടുകളേ ഏൽക്കുകയുള്ളൂ. ഇയാൾക്കെതിരെ നിലവിൽ മറ്റ് കേസുകളില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: