കൊച്ചി: ‘ യുപിഎ സർക്കാർ തുടർന്നും അധികാരത്തിലിരുന്നെങ്കിൽ പാർലമെന്റ് മന്ദിരം, വിമാനത്താവളം എന്നിവയുൾപ്പെടെ ഇനിയും അനവധി ഭൂമികളും കെട്ടിടങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിക്കപ്പെടുമായിരുന്നു ‘ പാർലമെന്റിൽ മന്ത്രി കിരൺ റിജിജു പറഞ്ഞ വാക്കുകളാണിവ.
വഖഫ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിക്കുകയും മുനമ്പം വഖഫ് ഭൂമി പ്രശ്നം കത്തിനിൽക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ വിപുലമായ വഖഫ് സ്വത്തുക്കളുടെ കണക്ക് ശ്രദ്ധേയമാകുന്നു.ഇന്ത്യയിലാകെ 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്. ഇതിന് 1.2 ലക്ഷം കോടി രൂപ മൂല്യം വരുമെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കുന്നു.
പകുതി വസ്തുക്കളും മേൽനോട്ടക്കാർ ഇല്ലാത്ത നിലയിലാണ്.സൈന്യവും റെയിൽവേയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ‘ഭൂ ഉടമ” വഖഫ് ബോർഡാണ്. 3.56 ലക്ഷം വഖഫ് എസ്റ്റേറ്റുകളിലായാണ് വസ്തുക്കൾ. വഖഫ് ഉടമസ്ഥതയിൽ 16,713 ജംഗമ വസ്തുക്കളുമുണ്ട്. ഇതുവരെ 3.30ലക്ഷം രേഖകൾ ഡിജിറ്റലൈസ് ചെയ്തു.
സങ്കീർണമായ വഖഫ് പ്രശ്നങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ 40,951. ഇതിൽ 9,942 കേസുകൾ വഖഫ് ഭരണസമിതികൾക്കും മുത്തവല്ലികൾക്കുമെതിരേ (മേൽനോട്ടക്കാർ) മുസ്ലിം സമുദായക്കാർ തന്നെ നൽകിയതാണ്. കഴിഞ്ഞവർഷം മന്ത്രാലയത്തിനും ഗ്രീവൻസ് സിസ്റ്റത്തിനും ലഭിച്ചത് 714 പരാതികളാണ്.
2013-ൽ യുപിഎ സർക്കാർ വഖഫ് ബോർഡിന് പ്രത്യേക അധികാരം നൽകിയത് നിരവധി ദുർവിനിയോഗങ്ങൾക്ക് കാരണമായെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. വഖഫ് ബോർഡിന്റെ ഉത്തരവിനെ ഒരു സിവിൽ കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല എന്നാണ് യുപിഎ സർക്കാർ നൽകിയിട്ടുള്ള പ്രത്യേക അധികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: