ന്യൂദല്‍ഹി: രാജ്യം കാത്തിരുന്ന, ഏറെ പ്രാധാന്യമുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുന്നു. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ച ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ലെന്ന് പരിഹസിച്ചുകൊണ്ടാണ് റിജിജു ബിൽ അവതരണം തുടങ്ങിയത്.
കാലങ്ങളായി ഭേദഗതിയിലൂടെ കടന്നു വരുന്ന ബില്ലാണിതെന്ന് കിരൺ റിജിജു പറഞ്ഞു. എന്നാൽ ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ. കെ പ്രേമചന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബിൽ ജെപിസിക്ക് വിട്ടതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജെപിസി നിർദേശിച്ച ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചുവെന്നും ആ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും ബില്ല് നിയമപരമാണെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ മുനമ്പം ഉള്‍പ്പെടെ വഖഫ് അധിനിവേശ ഭീഷണി നേരിടുന്ന രാജ്യത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ബില്‍. പ്രമുഖ മുസ്ലിം പണ്ഡിതര്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും, പ്രത്യേകിച്ച് സിബിസിഐയും കേരളത്തിലെ മെത്രാന്‍ കൗണ്‍സിലും, ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. നിര്‍ബന്ധമായും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്കിയിട്ടുണ്ട്. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം.
ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നു കേരള കത്തോലിക്ക സഭാനേതൃത്വം എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: