റായ്പൂർ : ആറായിരം കോടി രൂപയുടെ മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ സിബിഐ പ്രതിയാക്കി. പ്രതികളിൽ ഭൂപേഷ് ബാഗേലിന്റെ പേര് ആറാം സ്ഥാനത്താണ്. മഹാദേവ് ബെറ്റിംഗ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരുൾപ്പെടെ 21 പ്രതികൾക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ, ഛത്തീസ്ഗഡിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഭൂപേഷ് ബാഗേലിന്റെ പേരും ഉണ്ടായിരുന്നു. രവി ഉപ്പൽ, ശുഭം സോണി, ചന്ദ്രഭൂഷൺ വർമ, അസിം ദാസ്, സതീഷ് ചന്ദ്രകർ, ഭൂപേഷ് ബാഗേൽ, നിതീഷ് ദിവാൻ, സൗരഭ് ചന്ദ്രകർ, അനിൽ കുമാർ അഗർവാൾ എന്ന അതുൽ അഗർവാൾ, വികാസ് ഛപ്പരിയ, രോഹിത് സിംഗ് ഗുലാത്തി, വിശാൽ അഹൂജ, ധീരജ് , ഹരിശ്ചന്ദ്ര തിബ്രേവാൾ, സുരേന്ദ്ര ബാഗ്ദി, സൂരജ് ചോഖാനി , എന്നിവർ ഉൾപ്പെടുന്നതാണ് പ്രതിപ്പട്ടിക.
മഹാദേവ് ഓൺലൈൻ ബുക്ക് ഒരു നിയമവിരുദ്ധ വാതുവെപ്പ് പ്ലാറ്റ്‌ഫോമാണ്. ഇത് സൗരഭ് ചന്ദ്രകറും രവി ഉപ്പലും പ്രമോട്ട് ചെയ്തു. ഇരുവരും ഇപ്പോള്‍ ദുബായിലാണ് താമസിക്കുന്നത്. അവിടെ നിന്നാണ് ഈ നിയമവിരുദ്ധ ബിസിനസ്സ് നടത്തുന്നത്. അന്വേഷണ ഏജൻസികളുടെ കണക്കനുസരിച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഈ വാതുവെപ്പ് ശൃംഖല വഴി നടന്നിട്ടുണ്ട്.
ഈ ശൃംഖല സുഗമമായി പ്രവർത്തിക്കുന്നതിനായി ഉന്നത രാഷ്‌ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കൈക്കൂലി പണം നൽകിയതായി ആരോപിക്കപ്പെടുന്നു. മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഇഡിയുടെ റിപ്പോർട്ടിന് ശേഷം സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ ഈ കേസ് സിബിഐക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ ഇപ്പോൾ കുറ്റകൃത്യം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെ ഭൂപേഷ് ബാഗേൽ ഉൾപ്പെടെ രാജ്യത്തുടനീളം 60 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. നിരവധി രാഷ്‌ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും നേരെയാണ് ഈ റെയ്ഡുകൾ നടത്തിയത്. ഇതിൽ സിബിഐ പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അന്വേഷണം തുടരുകയാണ്.
ഈ കേസിൽ കൂടുതൽ വലിയ പേരുകൾ ഉയർന്നുവന്നേക്കാമെന്ന് അന്വേഷണ ഏജൻസിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: