കൊച്ചി: പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ മെയില്‍ അയച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി ഉണ്ടാകാത്തതില്‍ സേനക്കുള്ളില്‍ അമര്‍ഷം ഉയരുന്നു. കഴിഞ്ഞ ദിവസമാണ് എഎസ്പിയുടെ പേരില്‍ വ്യാജ മെയില്‍ അയച്ചതായി കണ്ടെത്തിയത്. വ്യാജ മെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്ണാസിനെയാണ് ഞാറക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. പെരുമ്പാവൂര്‍ എഎസ്പി ശക്തിസിങ് ആര്യയുടെ പേരിലാണ് വ്യാജ ഇ മെയില്‍ അയച്ചത്. എഎസ്പിയുടെ സീലും കത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാണിച്ച് ബാങ്കിലേക്ക് ആണ് മെയില്‍ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന് ഇത് വെരിഫൈ ചെയ്യാനായി റൂറല്‍ എസ്പി ഓഫീസില്‍ ബാങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് വ്യാജ മെയിലെന്ന് കണ്ടെത്തിയത്. എഎസ്പിയുടെ മെയില്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അയച്ച മെയില്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇത് പിന്നീട് റിക്കവര്‍ ചെയ്തെടുക്കുകയായിരുന്നു.
അതേസമയം പോലീസിനുള്ളിലെ പച്ചവെളിച്ചം ഏറ്റവും ശക്തമായ മേഖലയാണ് പെരുമ്പാവൂര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്ളതും പെരുമ്പാവൂരിലാണ്. കൊടും ക്രിമിനലുകളും ഭീകരബന്ധമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. എഎസ്പി ഓഫീസ് കേന്ദ്രീകരിച്ച് പെരുമ്പാവൂരിലെ തടിമില്ലുകള്‍, പ്ലൈവുഡ് കമ്പനികള്‍, പശ കമ്പനികള്‍ എന്നിവയില്‍ നിന്നും വന്‍ തോതില്‍ തുക കൈപ്പറ്റുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന വന്‍തുക പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയും തര്‍ക്കം ഉണ്ടാകാറുണ്ടത്രെ. പല കമ്പനികളും നിയമവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് എല്ലാ സഹായവും ലഭിക്കുന്നത് പോലീസില്‍ നിന്നാണ്. പെരുമ്പാവൂര്‍ പോലെ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്ന അതീവ പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇത്ര ഗുരുതരമായ സംഭവം അരങ്ങേറിയത് വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
പെരുമ്പാവൂരില്‍ എഎസ്പിമാരായി എത്തുന്നവര്‍ ഐപിഎസ് ട്രെയിനികളായിരിക്കും. ഇവര്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോഴേക്കും സ്ഥലം മാറി പോവുകയും ചെയ്യും. വര്‍ഷങ്ങളായി എഎസ്പി ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: