തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെന്‍ഷനായ നഴ്സുമാര്‍ക്ക് താത്കാലിക നിയമന പേരില്‍ പുനര്‍ നിയമനം നടത്തി കേന്ദ്രഫണ്ട് അട്ടിമറിക്കുന്നു. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി റാങ്കിലിസ്റ്റില്‍ ജോലിക്ക് വേണ്ടി കാത്തിരിക്കെയാണ് ആശുപത്രിയിലെ ഭരണപക്ഷ യൂണിയന്റേയും സൂപ്രണ്ടിന്റേയും ഒത്താശയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കുന്നത്.
രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പെന്‍ഷനായ നിരവധി പേര്‍ക്കാണ് താത്കാലികാടിസ്ഥാനത്തില്‍ പുനര്‍ നിയമനം നല്‍കിയത്. ആശുപത്രി വികസന സമിതിയില്ക്കൂടിയാണ് നിയമനം. അതുകൊണ്ടുതന്നെ നിയമനത്തില്‍ നിയമാനുസൃത വ്യവസ്ഥകള്‍ ബാധകമല്ല. അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടി യോഗം നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ 22 ന് പ്രത്യേക ഉത്തരവിറക്കി സീനിയര്‍ നഴ്സിംഗ് ഓഫീസറായി വിരമിച്ച എസ്.ഉഷയെ സ്റ്റാഫ് നഴ്സായി കാസ്പില്‍ നിയമിച്ചതോടെയാണ് നിയമന കള്ളക്കളികള്‍ പുറത്തായത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ കാസ്പ് കൗണ്ടറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് നിയമനമെന്നാണ് പറയുന്നത്.
2024 ഡിസംബറിലാണ് ഉഷ വിരമിക്കുന്നത്. മൂന്നു മാസം പിന്നിടും മുമ്പേ പുനര്‍ നിയമനം നടത്തി. ഫെബ്രുവരി 27 ന് സൂപ്രണ്ട് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചൂണ്ടിക്കാണിച്ച ഒഴിവ് നികത്തുന്നതിന്റെ ഭാഗമായാണ് നിയമനമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേ ഉത്തരവില്‍ തന്നെ ഉഷ ജോലിക്ക് വേണ്ടി ഈ മാസം 3 നും 17 നും അപേക്ഷ നല്‍കിയതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ വിരമിച്ചപ്പോള്‍ തന്നെ ഒഴിവ് സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
ഈ മാസം 20 ന് ഉത്തരവ് തയ്യാറാക്കി 22നാണ് ഔദോഗികമായി ഒപ്പുവെച്ച് ഉത്തരവ് പുറത്ത് വന്നത്. ഉഷ അവസാനം അപേക്ഷ നല്കിയ 17 മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് നിയമനമെന്നും പറയുന്നു. ഇതേ സാഹചര്യത്തില്‍ 17ന് ജോലിയില്‍ പ്രവേശിച്ചതായി ഉത്തരവില്‍ പറഞ്ഞിരിക്കുന്നതും ദുരൂഹത ഉയര്‍ത്തുകയാണ്. മാത്രവുമല്ല ഇവരുടെ താത്കാലിക സേവന കാലാവധി നീട്ടി നല്‍കാനുള്ള സാധ്യതയും പ്രതിപാദിച്ചിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പ്രതിമാസം 20400 രൂപ വേതനമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കുറവ് വരാത്ത ശമ്പളമാണെന്നും ഉത്തരവില്‍ പറയുന്നു. അവധികള്‍ എടുത്താല്‍ പോലും ശമ്പളത്തില്‍ കുറവ് വരില്ലെന്ന നിബന്ധനയോടെയാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: