തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതായാത്ര’ രണ്ടാം ഘട്ടം വ്യാഴാഴ്ച. വൈകിട്ട് 4.30ന് പാറശ്ശാലയില്‍ നടക്കുന്ന ജാഗ്രതാസമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന സമ്മേളനങ്ങളിലും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പം ലഹരിവിരുദ്ധ ജാഗ്രതാ ക്യാമ്പയിന്റെ ചെയര്‍പേഴ്‌സണ്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും പങ്കെടുക്കും. പാറശ്ശാലക്കു ശേഷം ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ ജാഗ്രതാ സമ്മേളനങ്ങള്‍ നടക്കും. മാനവീയം വീഥിയിലെ ലഹരിവിരുദ്ധ ജാഗ്രതാ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസാരിക്കും.
വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകള്‍ അണിചേരും. ‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിയെ അകറ്റാം; ജീവിതം ലഹരിയാക്കാം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ലഹരി ഉപയോഗത്തിന്റെ അപകടങ്ങള്‍ വിശദീകരിച്ച് ലഘുലേഖകളും വിതരണം ചെയ്യും. തെരുവ് നാടകം, പാവകളി, കവിയരങ്ങ്, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിക്കും. സിനിമാ, ചലച്ചിത്രതാരങ്ങളായ കൃഷ്ണകുമാര്‍, പ്രവീണ, എം.ആര്‍.ഗോപകുമാര്‍, ഉമാനായര്‍, വിവേക്‌ഗോപന്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളുടെ ഭാഗമാകും.
മാനവീയം വീഥിയിലെ സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, വിദേശകാര്യ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍, പത്മിനി തോമസ് തുടങ്ങിയവര്‍ സംബന്ധിക്കും. കൊച്ചിന്‍ ഷിപ്പിയാര്‍ഡും ശ്രീപദ്മനാഭ സേവാസമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: