ദേശീയബോധവും രാജ്യസ്‌നേഹവും നല്ല സംസ്‌ക്കാരവും സമൂഹത്തിന് മുന്നിലേക്ക് വെയ്‌ക്കാന്‍ ജന്മഭൂമിക്ക് സാധിക്കട്ടെയെന്നും മാധ്യമ മേഖലയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജന്മഭൂമിക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷ വേളയില്‍ എല്ലാ ആശംസകളും നേരുന്നതായും ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ. സത്യസന്ധവും വിജയകരവുമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ജന്മഭൂമിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പത്രങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കിയ ആളായിരുന്നു. ഒരു സംഭവത്തിന്റെ സമഗ്രമായ വിവരണമാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. പോസിറ്റീവായ വാര്‍ത്തകള്‍ക്ക് വാര്‍ത്താ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണം. മനുഷ്യനെ സേവിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിന് തുല്യമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നത്. ഭാരതം എക്കാലവും നല്ല ജീവിതസന്ദേശമാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ജന്മഭൂമിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുകയാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എല്ലാവിധ ആശംസകളും ജന്മഭൂമിക്ക് നേരുന്നു, ശ്രീരാമകൃഷ്ണമിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
സമുഹത്തെ മുന്നോട്ട് നയിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും സത്യം സമൂഹത്തിന് മുന്നിലേക്കെത്തിക്കാനുള്ള സത്യസന്ധത മാധ്യമങ്ങള്‍ക്കാവശ്യമാണെന്നും സ്വാമി ഗൗതമാനന്ദ പറഞ്ഞു. തിരുവനന്തപുരം നെട്ടയത്ത് ശ്രീരാമകൃഷ്ണമിഷന്‍ ആരംഭിക്കുന്ന ശ്രീ ശാരദാ കോളേജ് ഓഫ് നേഴ്‌സിംഗ് ഉദ്ഘാടന പരിപാടിക്കായി തലസ്ഥാനത്തെത്തിയ സ്വാമി ഗൗതമാനന്ദ ജന്മഭൂമി പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു. ശ്രീ രാമകൃഷ്ണ മിഷന്റെ ഭാഗമായുള്ള നേഴ്‌സിങ് സ്‌കൂള്‍ ഇപ്പൊള്‍ നഴ്‌സിംഗ് കോളേജ് ആയി അപ്‌ഗ്രേഡ് ചെയ്യുകയാണ്. കഴിഞ്ഞ കുറെ വര്‍ഷത്തെ ശ്രമഫലമായാണ് ഇതിപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. അതിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിനോടൊപ്പം തന്നെ ഇവിടെയുള്ള ഭക്തരെയും സന്ദര്‍ശിക്കണം എന്ന ഉദ്ദേശത്തോടെയാണ് കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
ശ്രീരാമ കൃഷ്ണ പരമഹംസരുടെ തത്വങ്ങളെ പുതുതലമുറയിലേക്ക് പകരാനും ഈ സന്ദര്‍ശനത്തിലൂടെ സാധ്യമാകും എന്നാണ് വിശ്വസിക്കുന്നത്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആഗ്രഹപ്രകാരം ഭൗതികമായ വികസനം മാത്രമല്ല ആത്മീയമായ വികസനം കൂടി സാധ്യമാകുമ്പോഴാണ് സമ്പൂര്‍ണ്ണ വികസനം ഉണ്ടാവുന്നത്. വിവിധ മേഖലകളിലായി നമ്മള്‍ വികസനം നേടിയെടുത്തിട്ടുണ്ട്. സയന്‍സിലും ടെക്‌നോളജിയിലും അസ്‌ട്രോളജിയിലും ഒക്കെ നമ്മള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നമ്മുടെ ഉള്ളിലെ ദൈവത്തെ തിരിച്ചറിയാന്‍ മുന്‍കാലങ്ങള്‍ മുതല്‍ക്കേ ഇന്ത്യക്കാര്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് ഉപനിഷത്തുകള്‍ പോലെയുള്ളവ.
മനുഷ്യന്‍ അവന്റെ ശരീരം പോലെ തന്നെ അവന്റെ മനസ്സിനെയും വിപുലീകരിക്കണം. ആത്മീയതയിലൂടെ മാത്രമാകും അത് സാധ്യമാകുന്നത്. അതാണല്ലോ മോക്ഷം കിട്ടുക എന്ന് പറയുന്നത്. വേദാന്തത്തെ അറിയാന്‍ നമ്മള്‍ അധികം ശ്രമിച്ചിട്ടില്ല. എല്ലാവരുടെയും ഉള്ളില്‍ ദൈവം ഉണ്ട്. എല്ലാവരും ദൈവത്തിന്റെ പുത്രന്മാരാണ്. ദൈവത്തെ ആരാധിക്കുന്നതിന് തുല്യം തന്നെയാണ് മനുഷ്യരെ ശുശ്രൂഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു എല്ലാ മനുഷ്യരെയും സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണാന്‍ ശ്രമിക്കണം. അതുതന്നെയായിരുന്നു ശ്രീരാമ കൃഷ്ണ പരമഹംസരുടെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമകൃഷ്ണ മഠത്തിന്റെയും ശ്രീരാമകൃഷ്ണ മിഷന്റെയും പ്രസിഡന്റായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചുമതലയേറ്റ സ്വാമി ഗൗതമാനന്ദ 96ാം വയസ്സിലും ഭാരതം മുഴുവനും നിരന്തരം യാത്ര ചെയ്യുന്ന സംന്യാസവര്യനാണ്. 1929ല്‍ ബംഗളൂരുവില്‍ ജനിച്ച തമിഴ് കുടുംബത്തിലെ അംഗമായ അദ്ദേഹം ബംഗളൂരുവിലെ കോളേജ് വിദ്യാഭ്യാസ കാലത്താണ് ബംഗളൂരുവിലെ രാമകൃഷ്ണ മഠത്തിന്റെ ഭാഗമായി മാറുന്നത്. 1955ല്‍ സ്വാമി യതീശ്വരാനന്ദയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച അദ്ദേഹം രംഗനാഥാനന്ദ സ്വാമികളുടെ കീഴില്‍ ദല്‍ഹിയിലാണ് സംന്യാസ ജീവിതം ആരംഭിച്ചത്. ബേലൂരിലും മേഘാലയയിലും മുംബൈയിലും റായ്പൂരിലും പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. മൂന്നു പതിറ്റാണ്ടോളം ചെന്നൈ മഠത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ ദക്ഷിണ ഭാരതത്തിന്റെയും ചുമതലയുള്ള ചെന്നൈ മഠത്തിന്റെ ചുമതലയില്‍ നിന്നാണ് മിഷന്റെ ആഗോള അധ്യക്ഷന്‍ എന്ന ഉന്നത പദത്തിലേക്ക് സ്വാമി ഗൗതമാനന്ദ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: