കൊൽക്കത്ത: 1,752 പേർക്ക് നേത്രരോഗപരിശോധന, 354 തിമിര ശസ്ത്രക്രിയകൾ, 500 ലധികം പേർക്ക് ഉന്നതനിലവാരമുള്ള കണ്ണട.
96,000 വിമുക്ത ഭടന്മാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന അതിർത്തി മേഖലയിൽ കരസേനാവിഭാഗം ഡോക്ടർമാർ നടാടെ നടത്തിയ മെഗാ നേത്ര ചികിത്സാ ക്യാമ്പ് ഇന്ത്യൻ ആർമിയുടെ സേവനചരിത്രത്തിലിടം പിടിച്ചു.
‘അമാർഗ്രാം’ ദൗത്യത്തിന്റെ ഭാഗമായി അടുത്തിടെ ബംഗാളിലെ അതിർത്തിഗ്രാമങ്ങൾ സന്ദർശിച്ച ഗവർണർ ഡോ സി.വി ആനന്ദബോസ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോടും കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയോടും നടത്തിയ അഭ്യർത്ഥനപ്രകാരമാണ് വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്കായി അവരുടെ വാതിൽപ്പടിയിൽ വിപുലമായ ചികിത്സാസേവനം ലഭ്യമാക്കിയത്.
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അടിയന്തര ഇടപെടൽ നടത്തുന്ന ഗവർണറുടെ കാരുണ്യസ്പർശം എടുത്തുപറഞ്ഞ് കരസേനാ തന്നെയാണ് ശസ്ത്രക്രിയയുടെ വിജയകഥകൾ അവരുടെ സിഎസ്ആർ ജേർണലിൽ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചത്.
ഉത്തര ബംഗാളിൽ ഈസ്റ്റേൺ കമാൻഡിലെ ത്രിശക്തി കോർപ്സിന് കീഴിൽ ബാഗ്ഡോഗ്ര വിമാനത്താവളത്തിന് സമീപം ബെംഗ്ദുബിയിലെ 158 ബേസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പഞ്ചദിന നേത്ര ചികിത്സാ ക്യാമ്പിൽ മിനിമലി ഇൻവേസീവ് ഗ്ലോക്കോമ ഓപ്പറേഷനുകൾ ഉൾപ്പെടെ 354 ശസ്ത്രക്രിയകൾ നടത്തി.
ബിഹാർ, ബംഗാൾ, സിക്കിം, ആസാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്ക് ക്യാമ്പിൽ ചികിത്സ ലഭിച്ചു. 1,752 വിമുക്തഭടന്മാരെയും അവരുടെ ആശ്രിതരെയും തിമിരം ഉൾപ്പെടെയുള്ള വിവിധ നേത്രരോഗങ്ങൾക്കായി പരിശോധിച്ചു. അവരിൽ ചിലർക്ക് ഉയർന്ന നിലവാരമുള്ള ലെൻസുകൾ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ നടത്തി. കോഷി പ്രവിശ്യയിലെ സൺസാരി ജില്ലയിൽ നിന്നുള്ള 29 നേപ്പാൾ നിവാസികൾക്ക് കാഴ്ച പൂർണമായും വീണ്ടെടുക്കാൻ ഇതിലൂടെ കഴിഞ്ഞു.
ന്യൂഡൽഹി ആർമി ഹോസ്പിറ്റലിലെ ഒഫ്താൽമിക് സർജനും ഒഫ്താൽമോളജി വിഭാഗം മേധാവിയുമായ ബ്രിഗേഡിയർ സഞ്ജയ് കുമാർ മിശ്രയുടെ നേതൃത്വത്തിലായിരുന്നു മെഗാ നേത്ര ക്യാമ്പ്. തിമിരം, വിട്രിയോറെറ്റിനൽ, റിഫ്രാക്റ്റീവ്, ഗ്ലോക്കോമ രോഗങ്ങൾക്ക് ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി നിരവധി ബഹുമതികൽ ലഭിച്ച വിദഗ്ധനാണ് ബ്രിഗേഡിയർ മിശ്ര.
ഹിമാലയൻ താഴ്‌വരകളിൽ രാഷ്‌ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വിമുക്തഭടന്മാരുടെ വാതിൽപ്പടിയിൽ കാഴ്ച വീണ്ടെടുക്കാൻ ലോകോത്തര ചികിത്സ ലഭ്യമാക്കിയ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയെ ഗവർണർ സിവി ആനന്ദബോസ് അകമഴിഞ്ഞ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: