കൊച്ചി : യാക്കോബായ സഭയുടെ നിലനില്‍പ്പിനായി അവസാന തരി വിറ്റിട്ടാണെങ്കിലും കേസ് നടത്തുമെന്ന് പുതുതായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ. സമാധാനത്തിനായി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുത്തന്‍കുരിശില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ സഹോദരസഭകളായി മുന്നോട്ടുപോകുകയാണ് വേണ്ടത്. വ്യവഹാരങ്ങളിലൂടെ മുന്നോട്ടുപോകുന്ന മേല്പ്പട്ടക്കാരനായി അറിയപ്പെടാനല്ല താന്‍ ആഗ്രഹിക്കുന്നത് . എന്നാല്‍ സഭയുടെ നിലനില്‍പ്പിനു വേണ്ടി പോരാടും.
തന്റെ മനസില്‍ സഭ മാത്രമേയുള്ളൂ. 60 പള്ളികള്‍ നഷ്ടപ്പെട്ടെങ്കിലും 60 വിശ്വാസികളെ പോലും നഷ്ടപ്പെടാതെ ഒറ്റക്കെട്ടായി നിന്നു. വ്യവഹാരങ്ങള്‍ക്ക് മുടക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ പരുമല തിരുമേനി പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ഒപ്പിട്ടു നല്കിയ ഉടമ്പടിയിലെ വാചകങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. നല്ല മനുഷ്യനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ നല്ല ക്രിസ്ത്യാനി ആകാനും കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: