സംഘപ്രചാരകനായി കണ്ണൂര്‍ ജില്ലയിലെത്തിയ 1950 കളുടെ അവസാന വര്‍ഷങ്ങളിലെ ചില ഓര്‍മകള്‍ ജന്മഭൂമി വായനക്കാരുമായി പങ്കുവയ്ക്കാമെന്നു വിചാരിക്കുന്നു. ഏതാണ്ട് ഏഴുപതിറ്റാണ്ടുകള്‍ക്കു മുന്‍പത്തെ കാര്യങ്ങളാണ്. എനിക്ക് പ്രായാധിക്യം മൂലമുണ്ടായ വിസ്മൃതി മൂലം വിശദാംശങ്ങള്‍ക്കു ചിലപ്പോള്‍ പിഴവുപറ്റിയെന്നുവരാം. അതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. കണ്ണൂര്‍ ജില്ല അക്കാലത്തു രൂപീകൃതമായതേയുള്ളൂ. അവിടെ വടക്കേയറ്റത്തുള്ള തൃക്കരിപ്പൂരിലെ ശാഖ പയ്യന്നൂരിലെ സ്വയംസേവകര്‍ ആരംഭിച്ചതാണ്. അതാകട്ടെ പഴയ മലബാറിന്റെ ഭാഗമായിരുന്നുമില്ല. ദക്ഷിണ കര്‍ണാടക ജില്ലയിലെ കാസര്‍കോടിന്റെ തെക്കെ അറ്റമായിരുന്നു. പയ്യന്നൂര്‍ കഴിഞ്ഞാല്‍ അടുത്ത റെയില്‍വേ സ്റ്റേഷനാണ് തൃക്കരിപ്പൂര്‍. അവിടെ പാസഞ്ചര്‍ വണ്ടികള്‍ മാത്രമേ നില്ക്കൂ.
കണ്ണൂര്‍ ജില്ലാ പ്രചാരകന് വി.പി. ജനാര്‍ദ്ദനനാണ് എന്നെ അവിടെ കൊണ്ടുപോയത്. അദ്ദേഹം പയ്യന്നൂരിലെ പ്രചാരകനായിട്ടാണ് തന്റെ ഇന്നിംഗ്സ് കണ്ണൂരില്‍ ആരംഭിച്ചത്. പയ്യന്നൂരില്‍ നിന്ന് ഒരു ചെറിയ പുഴ കടന്ന് റെയില്‍ പാളത്തിലൂടെ ആറു കി.മീ. നടന്ന് അവിടെയെത്താം സ്റ്റേഷനു സമീപത്തു ഒരു ചെറിയ അങ്ങാടി. അവിടത്തെ മുഖ്യതൊഴില്‍ ബീഡി തെറുപ്പാണ്. മാംഗളൂര് ഗണേശ് ബീഡിയുടെ ഒരു കേന്ദ്രം അവിടെയുണ്ടായിരുന്നു. അതിന്റെ ഉടമ സംഘ അനുഭാവിയായിരുന്നതിനാല്‍, അവരുടെ ഒരു തെറുപ്പു കേന്ദ്രം സ്വയംസേവകര്‍ക്ക് നല്‍കിയിരുന്നു. പത്തിരുപതു പേര് അവിടെ ജോലി ചെയ്തുവന്നു. വി.പി.ജനേട്ടന് അവരെ സ്വയംസേവകരാക്കി. ആഴ്ചയിലൊരിക്കല്‍ ഒരാള്‍ തെറുത്ത ബീഡിയുമായി മംഗലാപുരത്തുപോയി കമ്പനിയിലേല്‍പ്പിച്ച്, അടുത്ത ആഴ്ചയ്ക്കുള്ള, ഇല, പുകയില മുതലായ നിര്‍മാണ സാമഗ്രികളുമായി സന്ധ്യ വണ്ടിക്കു തിരിച്ചെത്തുമായിരുന്നു.
സ്ഥലം കാസര്‍കോടു താലൂക്കിലായതിനാല്‍ ഔപചാരിക കാര്യങ്ങള്‍ കന്നഡയിലായിരുന്നു. തൃക്കരിപ്പൂരില്‍ പട്ടേലരും മലബാറില്‍ അധികാരി, കോല്ക്കാരന് എന്നിവരാണ് ഏറ്റവും താഴത്തെ ഉദ്യോഗസ്ഥര്‍. തിരുവിതാംകൂറില്‍ അതു പ്രവര്‍ത്തികാര്‍, പിള്ള, മാസപ്പടിക്കാരന് എന്നിങ്ങനെയാണ്. പ്രവര്‍ത്യാരും പിള്ളയും കുടയും ചങ്ങഴീം നാഴീം പറയും എന്ന പഴയ പ്രയോഗം തെക്കുള്ളവര്‍ ഓര്‍ക്കുന്നുണ്ടാവും.
ജനേട്ടനുമൊരുമിച്ച് ആദ്യം തൃക്കരിപ്പൂര്‍ ശാഖയില്‍ പോയതു മറക്കാനാവില്ല. സ്റ്റേഷനു സമീപമുള്ള വിശാലമായ ഒരു ചതുരത്തിനു ചുറ്റുമായിരുന്നു അവിടത്തെ അങ്ങാടി. സായാഹ്നമാകുമ്പോഴേക്ക് അവിടം ആളുകളെക്കൊണ്ടു നിറയും. ഒരു മൂലയക്കു ആളുകള്‍ കുറവുള്ളയിടത്തു ഒരു ദീര്‍ഘചതുരം വരച്ച് അതില്‍ ശാഖ നടത്തിവന്നു. അക്കാലത്തു നിത്യശാഖയില്‍ ധ്വജം ഉപയോഗിച്ചിരുന്നില്ല. വിശേഷാവസരങ്ങളില്‍ ഉപയോഗിക്കാന്‍ ധ്വജം കൊണ്ടുവരുന്ന ചുമതല പ്രചാരകന്റേതായിരുന്നു. ശാഖ നടക്കുന്ന സ്ഥലത്തിനു ചുറ്റും വരച്ച് അതിര്‍ത്തി അടയാളപ്പെടുത്തിയിരുന്നു.
പരിചയപ്പെടാനായി ഇരുന്ന സമയത്തു രസകരമായ അനുഭവമുണ്ടായിരുന്നു. അമ്പു, കുഞ്ഞമ്പു, കറുത്തമ്പു, വെളുത്തമ്പു, കോരന്, കുഞ്ഞിക്കോരന്, ചന്തു, ചാത്തു മുതലായി വടക്കേ മലയാളത്തിന്റെ പ്രത്യേകതകളായിരുന്നു പേരുകള്‍ മിക്കതും. മലബാറിലെ പ്രത്യേകത മിക്കവാറും സ്ഥലങ്ങളില്‍ പിന്നീട് അനുഭവമായി. പൊക്കന്‍, ഒണക്കന്‍, ചാത്തു, ചന്തു, വെളുമ്പന്‍ മുതലായ പേരുകള്‍ കടത്തനാട്ടില്‍ സാധാരണമാണ്. ഒരു രസകരമായ സ്മരണയുണ്ട്. പൂജനീയ ഗുരുജിയുമായി പട്ടാമ്പിയില്‍ ഒരു പരിചയ ബൈഠക്കിനിരിക്കുമ്പോഴത്തെ സംഭവമാണ്. കാര്യകര്‍ത്താക്കന്മാര്‍ ഓരോരുത്തരായി പേരും തൊഴിലും ശാഖയും പറയുന്നതാണല്ലൊ രീതി. ഒരു സ്വയംസേവകന്റെ എണീറ്റുനിന്ന് എന്റെ പേര് കറമ്പന് എന്നു പരിചയപ്പെടുത്തിയപ്പോള്‍ പലരും അടക്കിച്ചിരിച്ചുപോയി. കാരണം അയാള്‍ നന്നെ വെളുത്തതായിരുന്നു.
അവിടെ സ്ഥലമുടമയായ ഒരു നമ്പ്യാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വക ഒരു കടനിരയുടെ മുകളിലത്തെ മുറി സ്വയംസവേകര്‍ക്കു ബീഡി നിര്‍മാണത്തിന് ലഭ്യമാക്കിയിരുന്നു. ജനേട്ടന് നമ്പ്യാരെ പോയി കണ്ട് സംഘത്തിന്റെ സമഗ്രമായ പരിചയം അദ്ദേഹത്തിന് നല്‍കിയതിന്റെ സൗമനസ്യമായാണ് ആ സന്മനോഭാവമുണ്ടായത്. നമ്പ്യാരുടെ വീട്ടില്‍ ഒരിക്കല്‍ ജനേട്ടനുമൊരുമിച്ചുപോയി. ഒട്ടുമാവിന് തൈകള്‍ തയാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. നമ്പ്യാര്‍ മാവ്, നമ്പ്യാര്‍ മാമ്പഴം എന്ന് പ്രസിദ്ധമായിരുന്നു അന്ന്.
തൃക്കരിപ്പൂരിലെ ചക്രപാണി ക്ഷേത്രം പ്രസിദ്ധമാണ്. ഗജേന്ദ്ര മോക്ഷം നടന്ന സ്ഥാനമാണതെന്നു വിശ്വാസം.
കുംഭീന്ദ്രന്‍ പോയ്
ത്രികുടാചല സരസി മുദ,
പണ്ടഗസ്ത്യന്റെ ശാപാല്‍
പിന്‍കാലിന്മേല്‍ കടിച്ചാല്‍ മുതല
കിടിവിടാ
ണായിരത്താണ്ടുഴന്നാന്‍
അന്നേരം പോന്നുവന്നു മുരിഗരുഡാ
രൂഡനായ് ധ്യാനശക്ത്യാ
നക്രം ചക്രേണ കൊന്നക്കരിവരനഥ
സായുജ്യമേകീ മുകുന്ദന്
എന്ന കീര്‍ത്തന ശ്ലോകം തൃക്കരിപ്പൂരിലെ ചക്രപാണിയേ സ്തുതിക്കുന്നതാണെന്ന് അവിടത്തെ സ്വയംസേവകര്‍ അവകാശപ്പെടുന്നു.
ആറു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ കാര്യങ്ങളാണ് വിവരിച്ചത്. തൃക്കരിപ്പൂരില്‍ സംഘത്തെ എതിര്‍ക്കുന്നതില്‍ സോഷ്യലിസ്റ്റുകാരായിരുന്ന കര്‍ക്കശക്കാര്‍. മാസത്തിലൊരിക്കല്‍ വീതം തൃക്കരിപ്പൂര്‍ ശാഖയില്‍ പോകുന്നതു ഉറപ്പാക്കിയിരുന്നു. കണ്ണൂരില്‍നിന്ന് പാസഞ്ചര്‍ വണ്ടിയില്‍ പോയി ഇറങ്ങുക, അടുത്ത ദിവസം മറ്റൊരു പാസഞ്ചറില്‍ മടങ്ങുക എന്നതായിരുന്നു പ്രായോഗികം. പില്ക്കാലത്തു പയ്യന്നൂര്‍ പുഴയ്ക്കു പാലമുണ്ടായി. യാത്ര സൗകര്യപ്രദമായി.
1967 ല്‍ ഭാരതീയ ജനസംഘത്തിന്റെ ചുമതല ലഭിച്ചതിനുശേഷം ആദ്യം ഉത്തര കേരളമായിരുന്നു കര്‍മക്ഷേത്രം. അപ്പോഴേക്കും കെ.ജി. മാരാര്‍ തന്റെ സരസ്വതീ വിലാസംകൊണ്ട് ഉത്തരകേരളത്തെ മാത്രമല്ല എത്തിപ്പെട്ടയിടങ്ങളിലെല്ലാം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. മാരാര്‍ ശൈലി സംസാരിക്കുന്ന ധാരാളം പ്രവര്‍ത്തകര്‍ ഉത്തരകേരളത്തിലുണ്ടായി. കാസര്‍കോടു അദ്ദേഹത്തിന്റെ പ്രസംഗത്തിന് വലിയ ഡിമാന്റായിരുന്നു. മാരാരെക്കൊണ്ടുവന്ന് യോഗം നടത്തണമെന്നു ജനസംഘത്തോടു താല്‍പ്പര്യമുള്ളവരും, ആരെക്കൊണ്ടുവന്നാലും മാരാരെ വരുത്തരുതെന്നു പറയുന്നവരും ധാരാളമായിരുന്നു. അദ്ദേഹത്തിന്റെ ശൈലീവല്ലഭത്വത്തെ ആസ്വദിക്കുന്നവരെപ്പോലെ, അതിന്റെ മുനകളും മുള്ളുകളും തറച്ച് വേദനിക്കുന്നവരും ധാരാളമുണ്ടായിരുന്നു. മാരാര്‍ജിയുടെ പ്രസംഗം റിക്കോര്‍ഡ് ചെയ്ത കേസറ്റിലാക്കിയും പലയിടങ്ങളിലും കേള്‍പ്പിച്ചത് സാര്‍വത്രികമായി.
ആയിടെ (1958-59 ല്‍) മുന്‍ കമ്യൂണിസ്റ്റായിരുന്ന താഴെക്കാട്ടു മനയില്‍ സുബ്രഹ്മണ്യന് തിരുമുമ്പ് മനംമാറ്റം വന്ന് ഭക്തിമാര്‍ഗത്തിലായി. പഴയ കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ക്കു പകരം ഭക്തിഗാനങ്ങള്‍ എഴുതിത്തുടങ്ങി. തന്റെ പരദേവതാ ക്ഷേത്രം അനാഥാവസ്ഥയില്‍ കിടക്കുന്നതു കണ്ടാണദ്ദേഹത്തിനു മാറ്റം വന്നതും, ക്ഷേത്രസന്നിധിയിലിരുന്ന് അദ്ദേഹം ദേവീഭാഗവതം മലയാളത്തിലേക്കു വൃത്താനുവൃത്ത പദാനുപദം വിവര്‍ത്തനം ചെയ്തതും. അതിനു പുത്തേഴത്തു രാമന് മേനോന് പ്രൗഢമായ അവതാരികയുമെഴുതി. അതച്ചടിപ്പിച്ച് പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തെ പയ്യന്നൂരിലെ സംഘചാലകനായിരുന്ന കെ.ജി. നമ്പ്യാരൂടെ വസതിയില്‍ കണ്ടുമുട്ടി. തിരുമുമ്പുമൊത്തു അതിന്റെ പ്രചാരാര്‍ത്ഥം പലയിടങ്ങളിലും പോയി പ്രമുഖ വ്യക്തികളെ പരിചയപ്പെടാന്‍ അവസരമുണ്ടായി. അതിനിടെയാണ് വിവേകാനന്ദ ജന്മശതാബ്ദി ആഘോഷങ്ങള്‍ വന്നത്. തിരുമുമ്പിനെ തളിപ്പറമ്പിലും കണ്ണൂരിലും വിവേകാനന്ദ പ്രശസ്തി പ്രഭാഷണത്തിനായി കൊണ്ടുപോയി.
തൃക്കരിപ്പൂരിലെ കാര്യങ്ങളാണിവിടെ അനുസ്മരിച്ചത്. കഴിഞ്ഞമാസത്തില്‍ അവിടത്തെ ശ്രീരാമവില്യം കഴിക്കാമെന്ന ക്ഷേത്ര സമുച്ചയത്തില്‍ 12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പെരുംകളിയാട്ടമെന്ന മഹോത്സവത്തിന്റെ വാര്‍ത്തകള്‍ വായിച്ചു. ഏഴു കമുകുകളും ഏഴു മുളകളും ഉപയോഗിച്ച് 40 അടി ഉയരമുള്ള മുടിയുണ്ടാക്കി അതും ശിരസ്സിലേറ്റി നടനം ചെയ്യുന്ന തെയ്യമാണവിടത്തേത്. 40 അടി ഉയരമുള്ള ആ കോലത്തിന്റെ ചിത്രം പത്രങ്ങളില്‍ വന്നത് വായനക്കാര്‍ കണ്ടിരിക്കും. പതിനായിരക്കണക്കിന് ജനങ്ങള്‍ ഒത്തുചേര്‍ന്ന് ആ മഹോത്സവത്തില്‍ പങ്കെടുക്കാനും എനിക്ക് അവസരമുണ്ടായി. വളപട്ടണത്തെ കളരിവാതുക്കല്‍ ക്ഷേത്രത്തിലും അതുപോലത്തെ തെയ്യക്കോലം കാണാന്‍ ഭാഗ്യമുണ്ടായി. തെക്ക് ചെട്ടികുളങ്ങരയിലെ കാളവേലയ്ക്കു സമാനമായ ഉത്തരകേരളത്തിലെ ഉത്സവങ്ങളാണു തെയ്യങ്ങള്‍ എന്നു വിശ്വസിക്കാം. ജന്മഭൂമിയുടെ കോഴിക്കോട് ഓഫീസിലെ യു. പി. സന്തോഷിനെപ്പോലെയുള്ളവര്‍ക്കു ഇവയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച തരാന്‍ കഴിയും, കാവാലത്തിനെപ്പോലുള്ളവര്‍ക്കു ഒത്താശയും നല്കാമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: