ഹിമാലയം ഒരത്ഭുതമാണ്. കണ്ടറിയുന്നവര്‍ക്ക് ആവര്‍ത്തനപ്രേരണ നല്‍കുന്ന മഹാസാമ്രാജ്യം. വായിച്ചോ കേട്ടോ അറിയുന്നവര്‍ക്ക് സായുജ്യം പ്രദാനംചെയ്യുന്ന വിസ്തൃതമായ മാസ്മരികലോകം. ഒരു വായനക്കാരനെ ഉണര്‍ത്തി ഉഷാറാക്കി ഒരുക്കി ഗ്രന്ഥകാരനൊപ്പം ഒരു വലിയ യാത്രയ്‌ക്ക് തയ്യാറെടുപ്പിക്കുകയെന്നതാണ് സഞ്ചാരസാഹിത്യകാരന്റെ പ്രയത്‌നവും വിജയവുമെന്നത്. എല്ലാം അനുഭവിച്ചറിഞ്ഞ് മനസ്സുകൊണ്ടാണ് ആ യാത്ര നടക്കുന്നത്. ആ ഒരനുഭൂതി വായനക്കാരന് ലഭ്യമാക്കേണ്ടതും ഗ്രന്ഥകാരന്റെ ചുമതലയാണ്.
ഹിമാലയ യാത്രകള്‍ എത്രയെത്ര പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ താന്‍ പോകുന്നു, വായനക്കാരനെ കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നു, മറ്റൊരാള്‍ക്ക് ഈ യാത്ര ഉപകാരപ്പെടാന്‍ ഉതകുംവിധം യാത്രാമാര്‍ഗ്ഗങ്ങള്‍, പ്രദേശങ്ങള്‍, കാലാവസ്ഥ, സൗകര്യങ്ങള്‍, ദൂരം, വാഹന ലഭ്യത, അഭിമുഖീകരിച്ചേക്കാവുന്ന പ്രതിസന്ധികള്‍, റൂട്ട് മാപ്പ് – ഇതെല്ലാം പ്രകാശ് കുറുമാപ്പള്ളിയുടെ ‘സുകൃതം-ഹിമവല്‍ സ്പര്‍ശ’ത്തിലുണ്ട്. ഒരു സമ്പൂര്‍ണ്ണ യാത്രാസഹായി അഥവാ ട്രാവല്‍ഗൈഡ് എന്ന വ്യത്യസ്തത ഈ പുസ്തകത്തിന്റെ വലിയൊരു മേന്മതന്നെയായി എടുത്തുപറയണം.
രസകരമായി ഓരോ കാഴ്ചകളേയും ചരിതങ്ങളേയും ചരിത്രങ്ങളേയും ഐതിഹ്യങ്ങളേയും ലളിതവും മനോഹരവുമായി കോര്‍ത്തിണക്കി സുന്ദരമായ ശില്‍പ്പമോ ചിത്രമോ ആയി താളുകളിലൂടെ വരച്ചു കാണിക്കുകയാണ്. പത്രപ്രവര്‍ത്തകനും പത്രാധിപരും കലാസാഹിത്യ പ്രവര്‍ത്തകനുമായ എഴുത്തുകാരന്റെ മാത്രം സര്‍ഗ്ഗാത്മകതയാകുമിത്. ഉപമകള്‍ പലപ്പോഴും കഥകളി രംഗങ്ങളുമായിട്ടായിരിക്കും. ഉള്ളകണ്ഠ യെന്ന ഹിമാചല്‍ പ്രദേശിലെ പതിനായിരത്തില്‍പ്പരം അടി ഉയരത്തിലുള്ള ചെറിയൊരു ശ്രീകൃഷ്ണ ക്ഷേത്രത്തേയും പരിസരങ്ങളേയും വൈകുണ്ഠമാക്കി കാണുകയും, സന്താനഗോപാലം കഥകളിയിലെ അവസാനരംഗങ്ങള്‍ തന്മയത്വത്തോടെ ഇണക്കിച്ചേര്‍ക്കുകയും ചെയ്ത ഗ്രന്ഥകാരനിലെ രസികത്വം വായനക്കാരനു നല്‍കുന്ന മാനസികോന്മാദം ചെറുതല്ല.
ഉഷാനിരുദ്ധ വിവാഹം നടന്ന ഉത്തരാഖണ്ഡിലെ ഉഖിമഠിലേക്ക് കയറുമ്പോള്‍ ‘കിം കിം അഹോ സഖീ’ എന്ന കഥകളിപ്പദം ചെവികളിലൂടെ ഇരച്ചുകയറി മനസ്സില്‍ പടരുന്നത് പ്രകാശിനു മാത്രമാവില്ല; വായനക്കാര്‍ക്കു കൂടിയാകും. അതേസമയം ആറേഴു പതിറ്റാണ്ടായി ബദരിയിലെ ശങ്കര്‍ മഠത്തിന്റെ ആയുഷ്‌ക്കാല സെക്രട്ടറിയും റാവല്‍മാരുടെ ബന്ധുവുമെല്ലാമായ പയ്യന്നൂര്‍ പെരുമ്പയില്ലത്ത് ശങ്കരന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തുവാന്‍ ഒരദ്ധ്യായംതന്നെ നീക്കിവച്ചിരിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രപരിചയമവിടെ ദൃശ്യമാകും. വായനക്കാരുടെ മനസ്സില്‍ ശങ്കരേട്ടന്‍ നിറഞ്ഞുനില്‍ക്കും.
ഐതിഹ്യവുമായി കോര്‍ത്തിണക്കിയ ഒരു സന്ദര്‍ഭമുണ്ടിതില്‍- തണ്ടി എന്ന സ്ഥലത്ത് ചന്ദ്രഭാഗാനദിക്കരയിലിരുന്ന് അഭിമന്യുവിന്റെ കഥയോര്‍ക്കുന്നത്. പുരാണമായാലും ഐതിഹ്യമായാലും സാധാരണ കേട്ടുമനസ്സിലാക്കിയതിനപ്പുറമൊരു രംഗം പ്രകാശിന്റേതായുണ്ടാകും. എന്തുകൊണ്ട് ഇത്ര ചെറുപ്പത്തില്‍ മരണം അഭിമന്യുവെ തിരിച്ചെടുത്തു എന്നതിന്റെ ഉത്തരവും കൂടിയാണത്.
മറ്റൊരവസരത്തില്‍ ചന്ദ്രതാളിലേക്ക് സ്പിറ്റി വാലിയിലൂടെയുള്ള യാത്രയില്‍ ചന്ദ്രധാബ എന്ന ചായക്കടയിലെ ചാച്ചാ ചാച്ചിമാരെ പഠിച്ചെഴുതിയ അദ്ധ്യായവും ഹൃദ്യമായി അനുഭവപ്പെടാതിരിക്കില്ല. സ്പിറ്റി വാലിയെന്ന ഹിമാലയന്‍ മരുഭൂമിയെക്കുറിച്ച് പരാമര്‍ശിക്കുന്നതും, റോത്താംഗ് പാസ്സിന്റെ പേരിന്റെ സാംഗത്യവും സാധാരണ യാത്രക്കാരന് പ്രാപ്യമായിക്കൊള്ളണമെന്നില്ല. യാത്രികര്‍ എല്ലാം അറിഞ്ഞുകാണണം എന്ന ചിന്തയാവണം പ്രകാശ് കുറുമാപ്പള്ളിയിലെ ജേണലിസ്റ്റ് നിശ്ചയിച്ചതെന്നു തോന്നുന്നു.
എഴുത്തുകാരന്‍ പറയുവാനുദ്ദേശിച്ചത് വ്യക്തമാണ്. താന്‍ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു എന്ന് ലോകത്തെ അറിയിക്കലല്ല, തന്റെ യാത്രകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുവാന്‍ പാകത്തില്‍ ദിശാസൂചകമാക്കുക എന്നതാണ്. അതില്‍ വിജയിച്ചിട്ടുമുണ്ട്. എഴുത്തും ശൈലിയും തീര്‍ച്ചയായും ഹൃദ്യമാണ്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കുവാന്‍ തക്ക ശേഷി ‘സുകൃതം ഹിമവല്‍ സ്പര്‍ശ’ത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: