കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി അഭിഷിക്തനായി തിരിച്ചെത്തിയ ശ്രേഷ്ഠ ആബൂന്‍ മോര് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയെ മലങ്കര സുറിയാനി സഭ ഔദ്യോഗീകമായി അംഗീകരിക്കുന്ന ചടങ്ങ് ഭക്തിനിര്‍ഭരമായി. ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ എത്തിയ ബാവയെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക് ആനയിച്ചു. പാത്രിയര്‍ക്കാ സെന്ററിന്റെ പ്രധാന കവാടത്തില്‍ ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. തുടര്‍ന്ന് മുന്‍ഗാമിയായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ കബറടക്കിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായെ മലങ്കര സുറിയാനി സഭ ഔദ്യോഗീകമായി ഒന്നാകെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി സഭയിലെ വൈദികരും വിശ്വാസികളും ‘ഓക്സിയോസ്’ ചൊല്ലി. ‘അങ്ങ് യോഗ്യന്‍, അങ്ങയെ ഞങ്ങള്‍ അംഗീകരിക്കുന്നു’ എന്ന് മൂന്ന്പ്രാവശ്യം ഏറ്റ് പറഞ്ഞ് സ്ഥാനാരോഹണ(സുന്ത്രോണീസോ) ശുശ്രൂഷ നടന്നു. മലങ്കരയുടെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര് സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അധികാരപത്രം (സുസ്താത്തിക്കോന്‍) ബെയ്റൂട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ഡാനിയല്‍ ക്ലീമീസ് മെത്രാപ്പോലീത്ത വായിച്ചു. ഹോംസ് ആര്‍ച്ച് ബിഷപ്പ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി, ആലപ്പോ ആര്‍ച്ച് ബിഷപ്പ് മാര്‍ ബൗട്രോസ് അല്‍ കിസിസ് എന്നിവരും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്താമാരും സഹകാര്‍മികരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: