Vicharam

അരിയാഹാരം കഴിക്കുന്ന മലയാളി അറിയാന്‍

Published by

കേരളത്തിലെ ഭക്ഷണക്രമങ്ങളില്‍ ഇന്നും ഒന്നാമതായി നിലകൊള്ളുന്ന വിഭവമാണ് നെല്ലരി. സംസ്ഥാന കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കൃഷിയിടങ്ങളുടെ വിസ്തീര്‍ണ്ണത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 1.06 ലക്ഷം ഹെക്ടറാണ് കുറഞ്ഞത്. 2005 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നെല്‍പ്പാട വിസ്തൃതി 275742 ഹെക്ടറില്‍ നിന്ന് 191051 ഹെക്ടറായി ചുരുങ്ങി. വിളവ് 629987 ടണ്ണില്‍ നിന്ന് 587078 ടണ്ണായി മാറി. 2018-ലെ പ്രളയത്തിനുശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിച്ചുവെന്ന സര്‍ക്കാര്‍ വാദം വെറും പൊള്ളയാണ്. (2018ലെ നെല്‍ക്കൃഷിഭൂമിയുടെ വിസ്തൃതി 198026 ഹെക്ടര്‍. 2019-20 ല്‍ 191051 ഹെക്ടര്‍). നെല്‍ക്കൃഷിയില്‍ നിന്ന് കര്‍ഷകര്‍ അകന്നു പോകുന്നതിന് പല കാരണങ്ങളും കേരളത്തിലുണ്ട്.

ജനസംഖ്യാ വര്‍ദ്ധനവിന്റേയും ഭൂപരിഷ്‌കരണ നിയമത്തിന്റേയും ഫലമായി ആളോഹരി ഭൂമിയുടെ വിസ്തൃതിയില്‍ വന്ന കുറവ്, മറ്റുവിളകളെ അപേക്ഷിച്ച് നെല്ലില്‍ നിന്നുകിട്ടുന്ന കുറഞ്ഞ അറ്റാദായം കര്‍ഷകത്തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, മഴയെ അമിതമായി ആശ്രയിച്ചുള്ള കൃഷി, പരിമിത നാമമാത്ര കര്‍ഷകരുടെ ആധിക്യവും കൃഷി ഉപജീവനമാര്‍ഗ്ഗമായി കഴിയുന്നവരുടെ കുറവും, തൊഴിലാളി ദൗര്‍ലഭ്യം, അത്യുല്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗക്കുറവ്, അനുയോജ്യമായ വിത്തുകളുടെ അഭാവം, കൊയ്‌ത്തു കാലത്തെ അനിയന്ത്രിത വിലയിടിവ് മുതലായവ അവയില്‍ ചിലതു മാത്രം.

കേരളത്തില്‍ ആവശ്യമുള്ള അരിയുടെ അഞ്ചിലൊന്നു മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയവും പരിപാടികളെയും ആസൂത്രണംചെയ്ത് നടപ്പാക്കണം. അതുസര്‍ക്കാരിന്റെ ബാധ്യതയാണ്. ഇപ്പോള്‍ കാര്‍ഷിക- കാര്‍ഷികാനുബന്ധ മേഖലകളിലെ സമസ്ത വിഷമതകളും അതിജീവിച്ച് ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിലും അതിന്റെ ന്യായവില കൃത്യമായി ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുന്നു.
ഒരേക്കര്‍ നിലം കൃഷിയിറക്കുന്നതിന് സാമാന്യേന 50,000 മുതല്‍ 60,000 രൂപ വരെ ചിലവുവരും. കൂടാതെ വളം, കീടനാശിനി എന്നിവയുടെ വിലകൂട്ടി. തൊഴിലാളികളുടെ കൂലി വര്‍ദ്ധിച്ചു. ഇപ്പോഴത്തെ വിലയനുസരിച്ച് ഏക്കറിന് 20 ക്വിന്റല്‍ നെല്ലു ലഭിച്ചാല്‍ മാത്രമേ നഷ്ടം കൂടാതെ കൃഷിയില്‍ നിലനില്‍ക്കാന്‍ കഴിയൂ. കഴിഞ്ഞ സീസണില്‍ 15-18 ക്വിന്റല്‍ നെല്ലാണ് കിട്ടിയത്. അതിനാല്‍ പല മേഖലയിലും നെല്‍ ക്കൃഷി നഷ്ടത്തിലായി. വായ്പയെടുത്ത പണംപോലും തിരിച്ചടയ്‌ക്കാന്‍ കഴിയുന്നില്ല.

നെല്ലു സംഭരണരംഗത്ത് ചൂഷണം നിലനില്‍ക്കുന്നു. നെല്ലളന്നെടുക്കുമ്പോള്‍ ഗുണനിലവാരത്തിന്റെ പേരുപറഞ്ഞ് നൂറു കിലോയ്‌ക്ക് മൂന്നു മുതല്‍ അഞ്ചു കിലോ വരെ നെല്ല് കൂടുതല്‍ അളന്നെടുക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കുമ്പോള്‍ 141 രൂപ ക്വിന്റലില്‍ കര്‍ഷകനുവീണ്ടും കുറയുകയാണ്. അതിനാല്‍ സംഭരണക്കാര്‍ ആവശ്യപ്പെടുന്ന കൂടുതല്‍ നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാവുകയില്ല. ഇങ്ങനെ വരുമ്പോള്‍ നെല്ലെടുക്കാതെ മില്ലുകാര്‍ മടങ്ങും. നെല്ലു സംഭരിച്ചു സംരക്ഷിച്ചു വയ്‌ക്കുവാനുള്ള സംവിധാനം കര്‍ഷകര്‍ക്കില്ലാത്തതിനാല്‍ ഒടുവില്‍ മില്ലുകാരുടെ/ സപ്ലൈക്കോയുടെ ആവശ്യത്തിനും വഴങ്ങേണ്ടി വരുന്നു. കേരളത്തില്‍ നെല്ലിന്റെ ഗുണനിലവാരം അളക്കാനുള്ള ശാസ്ത്രീയ സംവിധാനം ലഭ്യമല്ലാത്തതും പ്രശ്‌നമാണ്. സംഭരണശാലകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കേണ്ടതാണ്. പാടശേഖര സമിതികളുമായിച്ചേര്‍ന്ന് ‘ദേശീയ ഭണ്ഡാരന്‍ യോജന’ നടപ്പിലാക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറാവണം.

കേന്ദ്ര സര്‍ക്കാരിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസും ചേര്‍ന്നതാണ് നെല്ലിന്റെ സംഭരണവില. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ എം.എസ്.പി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവ് ബോണസ് കുറയ്‌ക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് നെല്‍ക്കര്‍ഷകരുടെ വരുമാനം വെട്ടിക്കുറയ്‌ക്കുന്നതിനിടയാക്കുന്നു. നിലവിലെ താങ്ങുവിലയനുസരിച്ച് സംഭരിക്കുന്ന നെല്ലിന്റെ വിലപോലും കര്‍ഷകനു കൊടുക്കാതെ കബളിപ്പിക്കുന്ന നയമാണ് കേരളസര്‍ക്കാര്‍ പിന്തുടരുന്നത്. ‘കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് എം.എസ്.പിയോ, എം.ആര്‍.പിയോ അല്ലമറിച്ച് ഉത്പാദനച്ചിലവിന് അനുസൃതമായ ലാഭദായിക താങ്ങുവിലയാണ് ലഭിക്കേണ്ടത്.’ ഇതാണ് ഭാരതീയ കിസാന്‍ സംഘിന്റെ നിലപാട്.

നാളീകേരത്തിന്റെ നാട്ടില്‍

പതിനെട്ടുകോടി തെങ്ങും നാല്പത്തിരണ്ടുലക്ഷം കേര കര്‍ഷകരുമുള്ള നാടാണ് കേരളം.  പത്തുമൂട് കായ്‌ക്കുന്ന തെങ്ങുള്ള ഒരു കര്‍ഷകന് പ്രതിമാസം പതിനായിരം രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും കേരളത്തിലെ തെങ്ങുകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. അവയ്‌ക്കു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കൃഷിവകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇഴഞ്ഞു നീങ്ങുന്ന ഗവേഷണങ്ങള്‍ ഫലം തരുന്നില്ല.

ഉല്പാദനക്കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത് നാളീകേരത്തിന് വിലവര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. സഹസ്രാബ്ദ്ധങ്ങളായി മലയാളിയുടെ ഭക്ഷണശീലത്തിലെ അവിഭാജ്യ ഘടകമായ വെളിച്ചെണ്ണയെ ഇപ്പോഴും ഭക്ഷ്യഎണ്ണയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കാന്‍ കാര്‍ഷിക ഗവേഷണസ്ഥാപനങ്ങള്‍ ഇനിയും അമാന്തിക്കരുത്. വെളിച്ചെണ്ണയെ ലോകവിപണിയില്‍ സമര്‍ത്ഥ മായി മാര്‍ക്കറ്റുചെയ്യാന്‍ സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണം എങ്കില്‍ മാത്രമേ ഇപ്പോഴുള്ള നാളീകേര ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് ഹൈക്കിനെ പിടിച്ചുനിര്‍ത്താനാവൂ.

കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് പരിഹാരം നി
ര്‍ദ്ദേശിക്കുന്നതിന് നൂറിലധികം വിദഗ്ധരടങ്ങിയ സമിതിയെ ഭാരതീയ കിസാന്‍ സംഘ് നിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘കേരള കാര്‍ഷിക ബദല്‍’ രേഖ തയ്യാറാക്കി സര്‍ക്കാരിന്റെ മുമ്പിലും പൊതുസമൂഹത്തിന്റെ മുമ്പിലും സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാത്തരം കൃഷിയുടേയും ഉന്നതിയും കര്‍ഷക ക്ഷേമവുമാണ് ബി.കെ.എസ് ലക്ഷ്യമിടുന്നത്. അതിനായി ത്രിമുഖമായ ഒരു പദ്ധതി ഭാരതീയ കിസാല്‍ സംഘ് കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംഘടനാത്മകം, രചനാത്മകം, സമരാത്മകം എന്നിവയാണവ.

രാജ്യത്തിന്റെ സംഭരണശാലകള്‍ നിറയ്‌ക്കാന്‍ കിസാന്‍ സംഘ് കര്‍ഷകരെ പ്രതിജ്ഞ ചെയ്യിക്കുന്നു. ഒപ്പം കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര കര്‍ഷക സംഘടനയെന്ന നിലയില്‍ മാനവവംശത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഷികമേഖലകളിലും പതിനായിരക്കണക്കിന് കര്‍ഷകര്‍ പിന്തുണയ്‌ക്കുന്ന സജീവവും സക്രിയവുമായ മികച്ച അംഗബലമുള്ള കര്‍ഷക പാതിനിധ്യ സംഘടനയാണ് ബി.കെ.എസ്.

കഴിഞ്ഞ നാലര പതിറ്റാണ്ടായി കേരളീയ കര്‍ഷക സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കിസാന്‍ സംഘ് കേരളഘടകം കാര്‍ഷിക കേരളത്തെ വിളിച്ചുണര്‍ത്താന്‍ ‘കാര്‍ഷിക നവോത്ഥാനയാത്ര’ ആരംഭിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവല്ക്കരണ പരിപാടികളുടെ തുടര്‍ച്ചകൂടിയാണിത്. 2025 ഏപ്രില്‍ 2-ാം തീയതി മഞ്ചേശ്വരത്തു നിന്നാരംഭിച്ച് ഏപ്രില്‍ 28-ന് തിരുവന്തപുരത്ത് യാത്ര സമാപിക്കും. 2500 കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ട് കര്‍ഷകര്‍ നയിക്കുന്ന ഈ യാത്ര ലോക കര്‍ഷക ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വമായ ഒന്നാണ്. മാതൃസംഘടനയുടെ ജന്മശദാബ്ദി വര്‍ഷത്തില്‍ ഭാരതീയ കിസാന്‍ സംഘ് കേരളത്തിന്റെ നവകാല കാര്‍ഷിക വിചാരധാരയെ മാറ്റിമറിക്കാനുതകുന്ന ആശയം മുന്നോട്ടു വയ്‌ക്കുകയാണ്.
‘എല്ലായിടവും കൃഷിയിടം
എല്ലാവരും കര്‍ഷകര്‍’
എന്ന നിലനില്‍പ്പിന്റെ മൂലമന്ത്രം കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ തിരികെപ്പിടിക്കാന്‍ സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.
(അവസാനിച്ചു)

(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അദ്ധ്യക്ഷനും പ്രമുഖ കാര്‍ഷിക സംരംഭകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by