ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ കുടുങ്ങിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നിര്‍മ്മല്‍ യാദവിനെയും മറ്റ് മൂന്ന് പേരെയും 17 വര്‍ഷത്തെ അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. 2008ല്‍ അതേ കോടതിയിലെ മറ്റൊരു ജഡ്ജിയായിരുന്ന ജസ്റ്റിസ് നിര്‍മല്‍ജിത് കൗറിന്റെ വസതിയില്‍ 15 ലക്ഷം രൂപ കൊണ്ടുവച്ചുവെന്നാണ് കേസ് . ജസ്റ്റിസ് നിര്‍മ്മല്‍ യാദവിനുള്ള കൈക്കൂലിപ്പണം പേരിലെ സാമ്യം മൂലം വീടുമാറി നിര്‍മല്‍ജിത് കൗറിന്റെ വസതിയില്‍ എത്തിച്ചുവെന്നായിരുന്നു ആരോപണം. ജസ്റ്റിസ് നിര്‍മ്മല്‍ കൗര്‍ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിച്ചു, തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു.
സിബിഐ അന്വേഷണത്തില്‍, പണം എത്തിച്ചത് മുന്‍ ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ സഞ്ജീവ് ബന്‍സലിന്റെ ഒരു ക്ലര്‍ക്കാണെന്ന് വ്യക്തമായി. 2011 ല്‍ ജസ്റ്റിസ് നിര്‍മ്മല്‍ യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്കി. തുടര്‍ന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിപ്പെട്ട ജസ്റ്റിസ് നിര്‍മ്മല്‍ 2011 ല്‍ വിരമിച്ചു.
‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… സര്‍വീസിലും സര്‍വീസിനു ശേഷവും എനിക്ക് ഉണ്ടാകുമായിരുന്ന ശോഭനമായ ഭാവി നഷ്ടമായി..’ വിധിയെക്കുറിച്ച്് ജസ്റ്റിസ് നിര്‍മ്മല്‍ യാദവ് പറഞ്ഞു:’
പ്രതികരിക്കാൻ ഇവിടെ എഴുതുക: