കൊച്ചി : സിനിമ എടുത്തത് ആരെയും വേദനിപ്പിക്കാനല്ലെന്ന് എമ്പുരാൻ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ. സിനിമ കാണുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്താൻ സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു.
ഗോധ്ര കലാപത്തെ വെളുപ്പിക്കാൻ സിനിമയിൽ നടത്തിയ ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഗോകുലം ഗോപാലന്റെ പ്രതികരണം .
‘ സിനിമയിലെ ചില കാര്യങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട് . എമ്പുരാൻ എന്ന സിനിമയിൽ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല. കാരണം ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്. ഒരു തിയറ്ററിൽ മാറ്റണമെങ്കിൽ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളിൽ ഓടുന്ന സിനിമയിൽ മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും.
പരമാവധി ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മൾ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നത്.പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചത്.മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്‌ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല.
ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്ക് ആർക്കും ആഗ്രഹമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം. സിനിമ സെൻസർ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചത്. നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.
ചില കാരണങ്ങൾ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാൻ പാടില്ല അതിനുവേണ്ട നടപടികൾ ആണ് ചെയ്യാൻ ശ്രമിക്കുന്നത്. അതിൽ സാങ്കേതികമായി എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടെന്നു എനിക്ക് അറിയില്ല, സംവിധായകന് അത് അറിയാൻ പറ്റും. അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ . അദ്ദേഹവും ആരെയും വേദനിപ്പിക്കുന്ന ആളല്ല. എന്തായാലും ഞങ്ങൾക്ക് ആരെയും ബുദ്ധിമുട്ടിക്കാൻ ഒരു ഉദ്ദേശവും ഇല്ല – ഗോകുലം ഗോപാലൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: