ന്യൂദല്‍ഹി: നരേന്ദ്രമോദി കേരളത്തിന് നല്‍കിയ സഹായങ്ങള്‍ പഴയകഥയാണെന്ന് രാജ്യസഭയില്‍ പറഞ്ഞ കേരളത്തില്‍ നിന്നുള്ള സിപിഐ എംപിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്റെ തിരിച്ചടി. കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയായോ എന്ന് നിര്‍മല ചോദിച്ചു.
പാലക്കാട് വ്യവസായ മേഖല പ്രഖ്യാപനം, കണ്ണൂര്‍ വിമാനത്താവളത്തെ ഉഡാന്‍ പദ്ധതിയില്‍പ്പെടുത്തിയത്, കോട്ടയത്ത് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് അനുമതി, 2014നുശേഷം 1,300 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണം, ഭാരത്മാല പരിയോജനയില്‍പ്പെടുത്തി 1126 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിലെ ആദ്യവാട്ടര്‍ മെട്രോയും കൊച്ചി മെട്രോയും… തുടങ്ങിയവ വിശദീകരിച്ചപ്പോഴാണ് ഇതെല്ലാം പഴയ കഥയാണെന്ന് സിപിഐ അംഗം പി. സന്തോഷ് കുമാര്‍ പറഞ്ഞത്. ലോകത്തിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരായ, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞത് പഴയ കഥയാണോയെന്നും നിങ്ങള്‍ മറന്നോയെന്നും നിര്‍മല തിരിച്ചുചോദിച്ചു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത് ഓര്‍ക്കാനാകില്ല, എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തൂത്തെറിയാന്‍ ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് നടപടിയെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ മോദി സര്‍ക്കാര്‍ നല്‍കിയത് എന്തെല്ലാമാണെന്ന് ഓര്‍ക്കും. അവര്‍ അതിന്റെയെല്ലാം ഗുണഭോക്താക്കളാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയായ 3,042 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇത് റിക്കാര്‍ഡ് തുകയാണ്. 2014നുശേഷം 125 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിച്ചു. രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ അനുവദിച്ചു. 35 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍നിര്‍മിക്കുന്നു. ജല്‍ ജീവന്‍ മിഷന് കീഴില്‍ 21 ലക്ഷത്തിലധികം കണക്ഷനുകള്‍ നല്‍കി. 82 ലക്ഷത്തിലധികം ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നല്‍കി. 1500ല്‍ അധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 66 ലക്ഷത്തിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവമായി ഉപയോഗിക്കുന്നു. 1.6 കോടി മുദ്രാ വായ്പകള്‍ അനുവദിച്ചു. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നു. നേരത്തെ ഇതെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടതായിരുന്നുവെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: