പിടിച്ചുപറിയും കൊലപാതകവും ഗുണ്ടാവിളയാട്ടവും നിത്യസംഭവങ്ങളാകുന്ന വര്‍ത്തമാനകാലത്ത് വേലുത്തമ്പി ദളവയുടെ 216-ാം സ്മൃതിദിനം കേവല സ്മരണയുടേത് മാത്രമല്ല, മറിച്ച് ഒരു ഓര്‍മ്മപ്പെടുത്തലാണ്. സ്വസ്ഥവും സമാധാനപൂര്‍ണവുമായ ക്ഷേമജീവിതത്തിന് നിയമപാലനവും നീതിനിര്‍വഹണവും അനിവാര്യമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. ശക്തനും ധര്‍മ്മിഷ്ഠനുമായ ഭരണകര്‍ത്താവിന് മാത്രമാണ് നീതിനിര്‍വഹണവും നിയമപാലനവും നടപ്പിലാക്കാന്‍ സാധിക്കുക എന്നതാണ് ചരിത്രപാഠം. അതിക്രമങ്ങള്‍ സൈ്വര ജീവിതത്തിന് തടസം സൃഷ്ടിക്കുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്ത കാലത്ത് വേലുത്തമ്പി ദളവ ക്യാബിനറ്റ് കൂടുകയോ പത്രസമ്മേളനം നടത്തുകയോ അല്ല, മറിച്ച് നാടുമുഴുവന്‍ യാത്രചെയ്യുകയും താന്‍ എവിടെയെത്തുന്നുവോ അവിടം കച്ചേരി ആക്കുകയും ജനങ്ങള്‍ക്ക് അവിടെവച്ച് തന്നെ ആവലാതികള്‍ അറിയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയുമാണ് ചെയ്തത്. പണ്ഡിതന്മാരെ കൊണ്ട് ന്യായം വിവക്ഷിച്ച് ശിക്ഷയും നടപ്പിലാക്കിയായിരുന്നു മടക്കം. അക്രമവും പിടിച്ചുപറിയും ഇല്ലാതാക്കി എന്ന് മാത്രമല്ല പൊതുവീഥികളില്‍ ബോധപൂര്‍വ്വം ഉപേക്ഷിച്ച പണ്ടങ്ങള്‍ പോലും അപഹരിക്കാനാളില്ല എന്നായി.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കൊലപാതകവും ഒരേ തരം കുറ്റമായി ഗണിക്കപ്പെട്ടതോടെ അബലകള്‍ക്ക് എതിരായ അക്രമം ഇല്ലാതായി. കൊലയാളി തന്നെ കൂസലില്ലാതെ ജഡം ചുമന്ന് പോലീസ് സ്റ്റേഷന്റെ തിണ്ണയില്‍ കൊണ്ടിട്ട് നടന്നിറങ്ങിപ്പോകുന്ന കാലത്തും, നമുക്ക് വേലുത്തമ്പിയുടെ നാളുകളിലേതുപോലെ മൊബൈല്‍ കോര്‍ട്ടുകളും ജനസമ്പര്‍ക്ക പരിപാടികളും കേരള യാത്രകളും മറ്റും മുറപോലെ ഉണ്ടെന്നതും രസാവഹം.
കൃഷി പ്രധാന ഉപജീവനമായിരുന്ന കാലത്ത് തരിശു കിടന്ന പ്രദേശങ്ങളും മറ്റും വെട്ടിത്തെളിച്ചു ഭൂമി കൃഷി യോഗ്യമാക്കി നല്‍കിയിരുന്നു വേലുത്തമ്പി. അതിജീവനത്തിന്
ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കുക മാത്രമല്ല, കാര്‍ഷിക ഉത്പന്നങ്ങള്‍ എവിടെയൊക്കെ വില്‍ക്കപ്പെടാതെ നശിച്ചു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ അവിടങ്ങളിലൊക്കെ വഴിവെട്ടി പൊതുചന്തകള്‍ നിര്‍മ്മിച്ചു. കമ്പോളങ്ങള്‍ തുടങ്ങുക മാത്രമല്ല, അവിടേക്ക് പാണ്ടിവണിക്കുകള്‍ തുടങ്ങിയ വ്യാപാരികളെ ക്ഷണിച്ചുകൊണ്ടു വരാനും അദ്ദേഹം മനസ്സ് വച്ചു. ഇത്തരം ചന്തകളില്‍ കന്നി കച്ചവടത്തിനായി കാര്‍ഷിക ഉത്പന്നങ്ങള്‍ തലച്ചുമടായി ചുമന്നു കൊണ്ടുവന്നു നിന്ന വേലുത്തമ്പി ജനങ്ങള്‍ക്ക് പകര്‍ന്നത് പ്രതീക്ഷയും ഉത്സാഹവും ആയിരുന്നു. കൊയ്തുകൂട്ടിയ നെല്ല് അധികാരികളുടെ അനാസ്ഥ മൂലം ഏലകളില്‍ തന്നെ കിടന്നഴുകുന്ന കാഴ്ച കാണുന്ന മലയാളി അറിയാതെ ദളവയെ ഓര്‍ത്തുപോകും.
നിയമം നിയമത്തിനു വേണ്ടിയല്ല, അത് നീതിക്കും ന്യായത്തിനും വേണ്ടിയാവണം എന്നതായിരുന്നു വേലുത്തമ്പി നടപ്പിലാക്കിയ മര്യാദ.
സര്‍ക്കാര്‍ ആവശ്യത്തിനുവേണ്ടി വിധവയും മൂന്ന് മക്കളുടെ മാതാവും ആയിരുന്ന ഒരു സ്ത്രീയുടെ ജീവനോപാധിയായിരുന്ന പ്ലാവ് കണ്ടുകെട്ടി മുറിച്ച പാര്‍വത്യാരെ വിളിച്ചുവരുത്തി വിശദമായ വാദം കേട്ട തമ്പി പാര്‍വത്യാരുടെ വക നിലം കണ്ടുകെട്ടി ആ സാധു സ്ത്രീക്ക് കൃഷി ചെയ്യാന്‍ ഏര്‍പ്പാടാക്കി നല്‍കി എന്ന് അറിയുമ്പോള്‍ തൊടു ന്യായങ്ങള്‍ പറഞ്ഞും അനുമതി നിഷേധിച്ചും ഉപജീവനം മുടക്കുന്ന ആധുനിക ഭരണസംവിധാനങ്ങളെ ആരും താരതമ്യം ചെയ്തു പോകും. ദിനംപ്രതി എണ്ണിപ്പെരുകുന്ന കര്‍ഷക ആത്മഹത്യകളും കൊടികുത്തലിന്റെയും സര്‍ക്കാര്‍ ഓഫീസിലെ ‘ചുവപ്പുനാട’ പ്രതിഭാസത്തിന്റെയും ഇരയായി ജീവിതം തുലഞ്ഞ ആന്തൂര്‍ സാജനും മറ്റും അഭിനവ ദളവമാര്‍ വേലുത്തമ്പിയുടെ ഭരണകാല ചരിത്രം പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കുന്നു.
വലിയ സര്‍വ്വാധികാര്യക്കാരായി ആരോഹണം ചെയ്യപ്പെട്ട വേലുത്തമ്പി, കരകള്‍തോറും നിര്‍ബന്ധമായും വിദ്യാലയങ്ങള്‍ കെട്ടി, അധികാരികളുടെ നിരീക്ഷണത്തില്‍ ആശാന്മാരെ നിയമിക്കുകയും വിദ്യാഭ്യാസ പ്രായം തികഞ്ഞ എല്ലാ കുട്ടികളും നിര്‍ബന്ധമായും വിദ്യാലയത്തില്‍ ചേരണമെന്ന് അനുശാസിച്ചുകൊണ്ട് പ്രഖ്യാപനവും നടത്തി. വസൂരിക്കെതിരെ കുത്തിവെപ്പ് വകുപ്പ് ആരംഭിച്ചുകൊണ്ട് റാണി ഗൗരി ലക്ഷ്മി ബായി കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് അടിത്തറ പാ
കിയത് 1813 ല്‍ ആയിരുന്നെങ്കില്‍ ഒരു പതിറ്റാണ്ടിനു മുന്‍പ് 1801 ല്‍ വലിയ സര്‍വ്വാധികാര്യക്കാരനായി ചുമതലയേറ്റ വേലുത്തമ്പി ദളവ നടത്തിയ ആദ്യ അനുശാസനമായിരുന്നു സംഘടിത പൊതുജന വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. കൊളോണിയല്‍ ശക്തികളും യൂറോപ്യന്‍ രാജ്യങ്ങളും അത്തരം നീക്കം സ്വപ്‌നത്തില്‍ മാത്രം കണ്ടിരുന്ന കാലത്ത് വേലുത്തമ്പി അത് നടപ്പിലാക്കിയതുകൊണ്ട് പുത്തന്‍ കൂറ്റുകാര്‍ക്ക് കേരളമാണ് മാതൃക എന്ന് വിളിച്ചുകൂവാന്‍ ഭാഗ്യം സിദ്ധിച്ചു.
അവശ്യ വസ്തുക്കളിന്മേല്‍ ദിവാന്റെ ചിലവിനത്തിലും മറ്റും അധിക ചുങ്കം ഏര്‍പ്പെടുത്തിയിരുന്ന രീതി നിര്‍ത്തലാക്കിക്കൊണ്ട് വേലുത്തമ്പി ധൂര്‍ത്തിനും ആര്‍ഭാടത്തിനും നിയന്ത്രണം വരുത്തി. കമ്മീഷന്‍ നിര്‍ത്തി നാടിന്റെ പ്രധാനമന്ത്രിക്ക് പോലും നിശ്ചിത ശമ്പളം പ്രഖ്യാപിച്ചു, വേലുത്തമ്പി. യുദ്ധം ഇല്ലാതിരുന്ന കാലങ്ങളില്‍ സൈന്യത്തെ ഉപയോഗിച്ച് കൃഷിക്കും ചരക്ക് ഗതാഗതത്തിനും ആവശ്യമായ റോഡുകള്‍ വെട്ടിച്ചു. ഇവര്‍ക്ക് അധിക ശമ്പളം വേണ്ടിയിരുന്നില്ല എന്ന് മാത്രമല്ല തൊഴിലാളികളുടെ ഭക്ഷണ ചെലവ് പ്രദേശവാസികള്‍ക്കാണ് എന്നനിര്‍ദ്ദേശവും ഉണ്ടായി. കടക്കെണിയില്‍ പെട്ടുപോയ ഒരു നാടിനെ ചുരുങ്ങിയ കാലം കൊണ്ട് സാമ്പത്തിക ഭദ്രതയിലേക്ക് എത്തിക്കാന്‍ സാമ്പത്തിക നയങ്ങളും ചെലവ് ചുരുക്കലും കൊണ്ട് സാധിക്കും എന്ന് വേലുത്തമ്പിയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നു. നമ്മള്‍ പക്ഷേ രാഷ്‌ട്രീയ ഭിക്ഷാംദേഹികള്‍ക്ക് വസതി ഒരുക്കിയും ആഡംബര വാഹനങ്ങള്‍ വാങ്ങിയും ലക്ഷങ്ങള്‍ ശമ്പളം നല്‍കിയും ഖജനാവ് കാലിയാക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന കാലത്ത് അനുയായികള്‍ അനങ്ങാതെ ഇരുന്ന് കൂലി വേണമെന്നാഗഹിക്കുന്നു. നോക്കുകൂലി നിയമം മൂലം നിരോധിക്കേണ്ട ഗതികേടുണ്ടായ ഭാരതത്തിലെ ഏക സംസ്ഥാനമായി കേരളം മാറി. അങ്ങനെ ഏത് അര്‍ത്ഥത്തിലും വര്‍ത്തമാനകാല സാമൂഹ്യരാഷ്‌ട്രീയ സമസ്യകള്‍ക്കുള്ള ഉത്തരം രണ്ടണ്ട് നൂറ്റാണ്ട് കാലത്തിനപ്പുറത്ത് നിന്ന് ഒഴുകിയെത്തുന്നത് നമ്മള്‍ തിരിച്ചറിഞ്ഞാല്‍, ആ ചരിത്ര പുരുഷന്റെ സ്മൃതി ദിനം സാര്‍ത്ഥകമായി.
(വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ജന.സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: