കോഴിക്കോട്: ലഹരി വിമോചന ചികിത്സയ്‌ക്ക് വിധേയരാവുന്നവരുടെ പേര് വിവരങ്ങള്‍ പോലീസിന് നല്കാനാവില്ലെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ സൈക്യാട്രിസ്റ്റുകള്‍ ലഹരിമോചന ചികിത്സയ്‌ക്ക് വിധേയരായവരുടെ പേര്, വയസ്, വിലാസം എന്നിവ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്കി വരികയാണ്. മദ്യം, പുകയില, ഹാന്‍സ്, പാന്‍പരാഗ് ഒഴികെ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് തേടുന്നത്. മാനസികാരോഗ്യ സംരക്ഷണ നിയമം 2017 പ്രകാരം രോഗിയുടെ ചികിത്സാവിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സൈക്യാട്രിസ്റ്റിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ പോലീസിന് കൈമാറുന്നത് രോഗിയുടെ സ്വകാര്യതയുടെ ലംഘനവുമാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. മോഹന്‍ സുന്ദരം പറഞ്ഞു.
ചികിത്സ തേടിവരുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പോലീസിന് കൈമാറണമെങ്കില്‍ ഇക്കാര്യം ചികിത്സയുടെ തുടക്കത്തില്‍ത്തന്നെ മനോരോഗവിദഗ്ധര്‍ രോഗികളെ അറിയിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം കുറയുമെന്നും പലരും ചികിത്സ വേണ്ടെന്ന് വയ്‌ക്കുമെന്നും സൊസൈറ്റി പറയുന്നു. മാനസികാരോഗ്യം, ചികിത്സ, ശാരീരിക ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ പുറത്തുവിടാനുള്ള ഉത്തരവിടാന്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്, കേന്ദ്ര മാനസികാരോഗ്യ അതോറിറ്റി, ഹൈക്കോടതി, സുപ്രീംകോടതി, പ്രത്യേകമായ അധികാരമുള്ള മറ്റേതെങ്കിലും നിയമപരമായ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് അധികാരമുള്ളത്. ഇത് പരിഗണിക്കാതെയാണ് പോലീസ് കത്ത് നല്‍കിയിട്ടുള്ളത്.
നിയമങ്ങള്‍ അനുസരിക്കാന്‍ ഐപിഎസ്-കെഎസ്ബി അംഗങ്ങള്‍ ബാധ്യസ്ഥനായതിനാല്‍ ഇത്തരം കത്തുകള്‍ അയയ്‌ക്കുന്നതില്‍ നിന്നും പോലീസ് പിന്മാറണം. ലഹരിവസ്തുക്കളോടുള്ള ആസക്തി നിയമപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതൊരു മെഡിക്കല്‍ ഡിസോഡറാണ്. ലഹരിക്ക് അടിമപ്പെട്ടവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് കൃത്യമായ വൈദ്യസഹായം നല്‍ല്കണമെന്നും ഇക്കാര്യത്തില്‍ പോലീസുമായി ചേര്‍ന്ന് സംസാരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. അനീസ് അലി, വൈസ് പ്രസിഡന്റ് ഡോ. അനൂപ് വിന്‍സെന്റ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: