ന്യൂദൽഹി : പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളുടെ ആശങ്കാജനകമായ അവസ്ഥയെക്കുറിച്ച് ലോക്‌സഭയെ അറിയിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. അയൽരാജ്യമായ പാകിസ്ഥാൻ മതഭ്രാന്തും മതഭ്രാന്ത് നിറഞ്ഞ മാനസികാവസ്ഥയും അനുഭവിക്കുന്നുണ്ടെന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞു.
ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് അദ്ദേഹം പ്രസ്താവനകൾ നടത്തിയത്. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ജയശങ്കർ പറഞ്ഞു. ഫെബ്രുവരി മാസത്തിൽ തന്നെ പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരായ 10 അതിക്രമ കേസുകൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, സിഖുകാർക്കെതിരെ മൂന്ന് കേസുകളും, അഹ്മദിയകൾക്കെതിരെ രണ്ട് കേസുകളും, ക്രിസ്ത്യൻ സമൂഹത്തിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ ഇന്ത്യൻ പ്രതിനിധി അടുത്തിടെ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കലും ജനാധിപത്യ മൂല്യങ്ങൾ ക്രമേണ തകർക്കലും നടക്കുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ 2024 ൽ 2400 ൽ അധികം കേസുകൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 2025 ൽ ഇതുവരെ 72 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ താൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചുവെന്നു വിദേശകാര്യ സെക്രട്ടറി അയൽരാജ്യവും സന്ദർശിച്ചുവെന്നും ജയശങ്കർ വ്യക്തമാക്കി. അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇപ്പോഴും ഞങ്ങൾക്ക് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
മതഭ്രാന്തും തീവ്രവാദവും അടിസ്ഥാനമാക്കിയുള്ള ഒരു അയൽ രാജ്യത്തിന്റെ മാനസികാവസ്ഥ മാറ്റാൻ നമുക്ക് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഒരിക്കൽ കൂടി പറഞ്ഞു. പാകിസ്ഥാൻ ഒരു തീവ്രവും മതഭ്രാന്തവുമായ മാനസികാവസ്ഥയാൽ വലയുന്നുണ്ടെന്നും ഒരു രാജ്യമെന്ന നിലയിലും ഒരു സർക്കാരെന്ന നിലയിലും നമുക്ക് അത് മാറ്റാൻ കഴിയില്ലെന്നും ഡോ. ജയശങ്കർ പറഞ്ഞു. അത്തരമൊരു രാജ്യത്തിന്റെ മാനസികാവസ്ഥ മാറ്റാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുപോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ അഭയം നൽകുകയും ദീർഘകാല വിസ സൗകര്യം നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 ലെ കണക്കനുസരിച്ച് ഇന്ത്യ 15,090 വിസകൾ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: