തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസനയങ്ങള്‍ കേരളത്തിന് വേണ്ടെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നഷ്ടപ്പെടുമെന്നായതോടെ ഘട്ടം ഘട്ടമായി നയം മാറ്റിത്തുടങ്ങി. അടുത്ത അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2023 ല്‍ സ്കൂള്‍ പ്രവേശന പ്രായം ആറുവയസാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനം ഇതിനോട് യോജിച്ചിരുന്നില്ല. വലിയ പ്രതിഷേധമാണ് അന്ന് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്.
കേരളത്തില്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ് തന്നെയെന്നും ഇത് മാറ്റില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. കാലങ്ങളായി നാട്ടില്‍ നിലനില്‍ക്കുന്ന രീതി അഞ്ച് വയസില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ്. കേരളത്തിലെ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ലെന്നും നിലവിലെ സ്ഥിതിതന്നെ തുടര്‍ന്നു പോകുമെന്നുമാണ് അന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ പിടിമുറുക്കുകയും സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാകുമെന്ന് വരികയും ചെയ്തതോടെ പെട്ടെന്നൊരു മനംമാറ്റം ഉണ്ടായി. അഞ്ച് എന്നതില്‍ നിന്നും ആറ് വയസാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം ചൂണ്ടിക്കാണിക്കാതെ വികസിത രാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസ പ്രവേശനം ആറ് വയസാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.
വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശനപ്രായം ആറ് വയസോ അതിന് മുകളിലോ ആണ്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അഞ്ച് വയസ്സിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നത്. ഇതില്‍ മാറ്റം വരണമെന്നും മന്ത്രി പറയുന്നു. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറ് വയസിന് ശേഷമാണ് സ്കൂളില്‍ എത്തുന്നതെന്നും ഇത് പ്രോ
ത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശനത്തിനായി കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നതും ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ ആശാ വര്‍ക്കര്‍മാരുടെ സമരവും പ്രേരണയായിട്ടുണ്ട്. കേന്ദ്രം നിഷ്കര്‍ഷിച്ച രീതിയില്‍ എന്‍എച്ച്ആര്‍എം പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടിരുന്നു. ആശാവര്‍ക്കര്‍മാര്‍ക്ക് സത്യഗ്രഹം കിടക്കേണ്ടിവന്നതും സംസ്ഥാന സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യമായിരുന്നു. പിഎം ശ്രീയില്‍ ചേരാത്തതിന്റെ പേരിലും വിദ്യാഭ്യാസ രംഗത്ത് ലഭിക്കേണ്ട 420 കോടി നഷ്ടമായി. ഇതാണ് പെട്ടെന്നുള്ള മനംമാറ്റത്തിന് മന്ത്രി ശിവന്‍കുട്ടിയെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: