പബ്ലിക് സര്‍വ്വീസ് കമ്മിഷന് (പിഎസ് സി) കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയിനി (സ്ട്രീം ഒന്ന് മുതല്‍ മൂന്ന് വരെ) തസ്തികയിലേക്ക് ഓണ്‍ലൈനായി ഏപ്രില്‍ 9 വരെ അപേക്ഷകള്‍ സ്വീകരിക്കും. സംസ്ഥാനതലത്തിലുള്ള ജനറല്‍ റിക്രൂട്ട്മെന്റാണിത്. (കാറ്റഗറി നമ്പര്‍ 01/2025-3/2025) ശമ്പളനിരക്ക് 77200-140, 500 രൂപ.
ഒഴിവുകള്‍ 31 (സ്ട്രീം-1, ഒഴിവ്-11/ സ്ട്രീം-2, 10/ സ്ട്രീം-3, 10)
നിയമന രീതി: സ്ട്രീം-1 (കാറ്റഗറിനമ്പര്‍ 01/2025) നേരിട്ടുള്ള നിയമനം യോഗ്യത പ്രൊഫഷണല്‍ കോഴ്സ് അടക്കം ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം- പ്രായപരിധി 21-32 വയസ്. 1993 ജനുവരി 2നും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
സ്ട്രീം-2 (കാറ്റഗറി നമ്പര്‍ 02/2025) കേരളസര്‍ക്കാര്‍ സര്‍വ്വീസിലെ വിവിധ വകുപ്പുകളിലെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള അല്ലെങ്കില്‍ സ്ഥിരം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം. നിശ്ചിത വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് ഓഫീസറോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ ആയിരിക്കരുത്. ബിരുദമാണ് യോഗ്യത, പ്രായപരിധി 21-40 വയസ്. 1985 ജനുവരി 2നും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
സ്ട്രീം-3 (കാറ്റഗറി നമ്പര്‍ 03/ 2025) നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ അല്ലെങ്കില്‍ അതിന് മുകളില്‍ ഉദ്യോഗം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും നേരിട്ടുള്ള നിയമനം, പ്രായപരിധി 1.1.2025 ല്‍ 50 വയസ് തികയാന്‍ പാടില്ല. ബിരുദമാണ് യോഗ്യത.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.keralapsc.gov/notifications ലിങ്കിലും മാര്‍ച്ച് 7 ലെ ഗസറ്റഡിലും ലഭിക്കും.
അപേക്ഷ: യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സി വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്റ്റര്‍ ചെയ്ത് പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.ഏപ്രില്‍ 9 ബുധനാഴ്ച അര്‍ദ്ധരാത്രി 12 മണിവരെ അപേക്ഷസ്വീകരിക്കും. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. റഫറന്‍സിനായി അപേക്ഷയുടെ പ്രിന്റൗട്ട് അല്ലെങ്കില്‍ സോഫ്റ്റ് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്.
വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്ന അസല്‍ രേഖകള്‍ കമ്മീഷന് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്മതി. സ്ട്രീം 2,3ല്‍ അപേക്ഷിക്കുന്നവര്‍ സര്‍വ്വീസ് സംബന്ധമായ വിവരങ്ങള്‍ തെളിയിക്കുന്ന ബന്ധപ്പെട്ട കണ്ട്രോളിംഗ് ഓഫീസറില്‍ നിന്നും നിര്‍ദ്ദിഷ്ടമാതൃകയില്‍ സര്വവീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
സെലക്ഷന്: പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രിലിമിനറി പരീക്ഷയില്‍ 2 പേപ്പറുകളാണുള്ളത്. ജൂണ്‍ 14 രാവിലെയാണ് പരീക്ഷ. പേപ്പര്‍-1, ജനറല്‍ സ്റ്റഡീസ്-1 (ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ്)100 മാര്‍ക്ക്, ഒന്നര മണിക്ൂര് സമയം അനുവദിക്കും. പേപ്പര്‍-2 ല്‍ 3 ഭാഗങ്ങള്‍-പാര്‍ട്ട് ഒന്ന് ജനറല്‍ സ്റ്റഡീസ്-2, 50 മാര്‍ക്ക്, പാര്‍ട്ട്-2, ലാഗുവേജ് പ്രൊഫിഷ്യന് സി (മലയാളം/ തമിഴ്/ കന്നട) 30 മാര്‍ക്ക്, പാര്‍ട്ട്-3 ലാഗുവേജ് പ്രൊഫിഷ്യന്‍സി- ഇംഗ്ലീഷ്-20 മാര്‍ക്ക്, ഒന്നര മണിക്കൂര്‍ സമയം അനുവദിക്കും.
മെയിന്‍ പരീക്ഷ ഒക്ടോബര്‍ 17, 18 തിയതികളിലാണ് നടത്തുക, മൂന്ന്പേപ്പറുകള്, പേപ്പര്‍-1 ജനറല്‍ സ്റ്റഡിസ്-1 (ഡിസ്ക്രീപ്റ്റീവ്), 100 മാര്‍ക്ക് 2 മണിക്കൂര്‍; പേപ്പര്‍ 2- ജനറല്‍ സ്റ്റഡീസ്-2 (ഡിസ്ക്രിപ്റ്റീവ്), 100 മാര്‍ക്ക്, 2 മണിക്കൂര്‍, പേപ്പര്‍ 3- ജനറല്‍ സ്റ്റഡിസ്-3 (ഡിസ്ക്രിപ്റ്റീവ്) 100 മാര്‍ക്ക്, 2 മണിക്കൂര്‍.
എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ 2026 ജനുവരി/ ഫെബ്രുവരിയില്‍ ഇന്റര്‍വ്യൂ (45 മാര്‍ക്ക്) നടത്തിയാണ് റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്. പരീക്ഷയുടെ വിശദാശംങ്ങളും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: