ന്യൂദല്‍ഹി: റംസാനോടനുബന്ധിച്ച് 32 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാന്‍ ന്യൂനപക്ഷമോര്‍ച്ച. രാജ്യത്തുടനീളമുള്ള പിന്നാക്കം നില്ക്കുന്ന മുസ്ലീങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കുക. സൗഗത് ഇ മോദി എന്ന പേരിലുള്ള ഈ കാമ്പയിന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം, ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി തുടങ്ങിയവര്‍ ചേര്‍ന്ന് ദല്‍ഹിയില്‍ തുടക്കംകുറിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുസ്ലീം കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ ഈദ് ആഘോഷിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെമ്പാടുമുള്ള 32,000 ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകര്‍ കാമ്പയിന്റെ ഭാഗമാകും. അതത് പ്രദേശങ്ങളിലെ അര്‍ഹരായവരെ കണ്ടെത്തി കിറ്റുകള്‍ കൈമാറും. ഭക്ഷ്യവസ്തുക്കളോടൊപ്പം വസ്ത്രങ്ങളും കിറ്റില്‍ അടങ്ങിയിരിക്കും.
റംസാന്, ഈദ് അവസരങ്ങളില്‍ മാത്രമല്ല, ദു:ഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ അവസരങ്ങളിലും സൗഗത് ഇ മോദി കാമ്പയിന് നടത്തുമെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെയും സംരക്ഷകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
പാവപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്മാര്ക്ക് കിറ്റുകള്‍ നല്കി അവരെ പിന്തുണക്കുകയാണ് ഈ കാമ്പയിനിലൂടെ ചെയ്യുന്നത്. മറ്റ് വിശേഷ അവസരങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ മോര്‍ച്ചയുടെ സൗഗത് ഇ മോദി കാമ്പയിനെ ഓള് ഇന്ത്യ ഇമാം അസോസിയേഷന് പ്രസിഡന്റ് മൗലാന സാജിദ് റാഷിദി സ്വാഗതം ചെയ്തു. ബിജെപിയെ കുറിച്ച് മുസ്ലിംസമൂഹത്തിനിടയിലുള്ള ധാരണ മാറ്റാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: