കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെ സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന 150 നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകൾ പിടികൂടി. വ്യാഴാഴ്ച എക്സൈസ് ഇൻസ്‌പെക്ടർ വി. ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് വീരാജ്പേട്ട വഴി എത്തിയ സ്വകാര്യ ബസ്സിന്റെ ബർത്തിൽ ഉടമസ്ഥ നേതെന്നറിയാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ തിരകൾ കണ്ടെത്തുന്നത്. തുടർന്ന് ഇരിട്ടി പൊലീസിന് ബസ്സും തിരകളും കൈമാറുകയും ഇവർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ഉളിക്കൽ കാലാങ്കി സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തു.
കർണ്ണാടകത്തിൽ നിന്നും മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ യാത്രാ വാഹനങ്ങൾ അടക്കമുള്ളവയുടെ പരിശോധന ശക്തമാണ്. കുടകിലെ കുട്ടയിൽ നിന്നും വീരാജ്പേട്ട – കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ വ്യാഴാഴ്ച വൈകുന്നേരം 3. 45 ഓടെ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ബർത്തിൽ ആളില്ലാത്തനിലയിൽ സൂക്ഷിച്ച ബാഗ് എക്സൈസ് സംഘം കണ്ടെത്തുന്നത്. സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞു വെച്ച നിലയിൽ മൂന്നു കെയ്‌സുകളിലായി തിരകൾ കണ്ടെത്തുന്നത്. തുടർന്ന് ഇരിട്ടി പോലീസിനെ വിവരമറിയിക്കുകയും ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബുവിന്റെ നിർദ്ദേശ പ്രകാരം എത്തിയ പൊലീസ് സംഘം ബസ് യാത്രക്കരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പോലീസിന് കൈമാറി.
പോലീസ് കസ്റ്റത്തടിയിലെടുത്ത ബസിലുണ്ടായിരുന്ന യാത്രികരെ ആരെയും പോകാൻ അനുവദിച്ചില്ല. വൈകുന്നേരം 6 മണിയോടെ എം.സി. ബിനീഷിന്റെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ സംശയം തോന്നിയ ഉളിക്കൽ മാട്ടറ കാലാങ്കി സ്വദേശിയായ ഒരാളെ കസ്റ്റഡിയിൽ എടുത്തു. നായ ഇയാളെ ചുറ്റി നാലു തവണയോളം കുറച്ചു ചാടിയതാണ് പോലീസിന് സംശയം ജനിപ്പിച്ചത്. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ടി. ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, എം.ബി. മുനീർ, വനിതാ സി ഇ ഒ ഷീജ കവളാൻ എന്നിവരാണ് തിരകൾ പിടികൂടിയ എക്സൈ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: