കോട്ടയം: റഗുലര്‍ പ്രോഗ്രാമുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ യുജിസി അംഗീകൃത ഓണ്‍ലൈന്‍ പ്രോഗ്രാമുകളും ഇനി പഠിക്കാം. ഇരട്ട ഡിഗ്രി സംവിധാനം ഏര്‍പ്പെടുത്തണമെന്ന യുജിസിയുടെ നിര്‍ദേശം സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല നടപ്പാക്കുന്നത്.
ഇതു സംബന്ധിച്ച സര്‍വകലാശാലാ അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ യുജിസി അംഗീകൃത സര്‍വകലാശാലകളിലും സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. റെഗുലര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ 40 ശതമാനം സ്കോളര്‍ഷിപ്പും ലഭിക്കും. ഭിന്നശേഷിക്കാരായ ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിലവില്‍ 20 ശതമാനം സ്കോളര്ഷിപ്പുണ്ട്.
സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ 2022 ജനുവരിയിലാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് എംജി സര്‍വകലാശാല മാത്രമാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നത്. എംകോം, എംബിഎ, എംഎ ഇംഗ്ലീഷ്, ബികോം (ഓണേഴ്സ്) എന്നിവയാണ് പ്രോഗ്രാമുകള്‍. ജനുവരി 2025 സെഷന് പ്രവേശനത്തിന്റെ രജിസ്ട്രേഷന് മാര്‍ച്ച് 31ന് അവസാനിക്കും. ഏപ്രിലില്‍ ആരംഭിക്കുന്ന ജൂലൈ 2025 സെഷനില്‍ ബിബിഎ (ഓണേഴ്സ്), ബിഎ പൊളിറ്റിക്കല്‍ സയന്‍സ് (ഓണേഴ്സ്), എംഎ ഇക്കണോമിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്. വിവരങ്ങള്‍ക്ക്: 04812731010, 9188918259, 8547852326, 9188918258 എന്നീ നമ്പറുകളില്‍ ലഭിക്കും. വെബ്സൈറ്റ് cdoe.mgu.ac.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: