താരിഫുകള്‍ ഇരട്ടിയാക്കുകയും ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന നയം സ്വീകരിക്കുകയും ചെയ്ത രണ്ടാം ട്രംപ് ഭരണകൂടം, മുന്‍കാല സഖ്യങ്ങളെ പുനര്‍ നിര്‍വചിക്കുകയും മാറ്റിയെഴുതുകയും ചെയ്യുകയാണ്. യൂറോപ്പിലെയും ഏഷ്യയിലെയും സഖ്യകക്ഷികള്‍ക്ക് അതിന്റെ അനുരണനങ്ങള്‍ അനുഭവപ്പെടുന്നു. വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെയും പൊതുചെലവുകള്‍ കുറയ്ക്കുന്നതിലൂടെയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തേകുക എന്നതാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം. അതേസമയം, പാരിസ് ഉടമ്പടിയില്‍നിന്നും ലോകാരോഗ്യസംഘടനയില്‍നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്നും അമേരിക്ക നേരത്തെ പിന്മാറിയിരുന്നു. ഈ നീക്കങ്ങള്‍ ആഗോള ഭൗമരാഷ്ട്രീയക്രമത്തില്‍ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ഈ ശൂന്യത അധികകാലം നിലനില്‍ക്കില്ല. അവരോടു മത്സരിക്കുന്ന ശക്തികളാല്‍ അതു നികത്തപ്പെടും. അമേരിക്ക ഏറ്റവും കരുത്തുറ്റ ശക്തിയായി തുടരുമ്പോള്‍, ബഹുധ്രുവ ലോകത്തിന്റെ ഉദയമാണു നാം വീണ്ടും കാണുന്നത്. ആഗോളവത്കരണത്തെ ശിഥിലമാക്കല്‍, സാങ്കേതിക മേധാവിത്വത്തിനായുള്ള പോരാട്ടം, ഊര്‍ജത്തിന്റെ ഭൗമരാഷ്ട്രീയം, തകരുന്ന ആഗോള നിയന്ത്രണം എന്നിവയാണ് ഭാരതം മുന്നോട്ടുകൊണ്ടുപോകേണ്ട, നമ്മുടെ ലോകത്തെ പുനഃസൃഷ്ടിക്കുന്ന പ്രധാന ഭൗമരാഷ്ട്രീയ പ്രവണതകള്‍.
ആഗോളവത്കരണത്തെ ശിഥിലമാക്കല്‍
രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ കണ്ട ആഗോളവത്കരണ യുഗം അവസാനിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആഗോളവത്കരണം ശിഥിലമാകുന്നതു നാം കണ്ടു. വ്യാപാരയുദ്ധങ്ങള് ഇതിനാക്കം കൂട്ടി. കോവിഡ് ആഗോള വിതരണശൃംഖലകളില്‍ വന്‍തോതില്‍ തടസം സൃഷ്ടിച്ചു. ഇതു രാജ്യങ്ങളെയും വ്യവസായങ്ങളെയും ബദല്‍ വിതരണശൃംഖലകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു. ട്രംപ് ഭരണകൂടം വീണ്ടും താരിഫുകള്‍ കൊണ്ടുവരുന്നതിനാല്‍, വ്യാപാരയുദ്ധങ്ങളുടെ രണ്ടാം യുഗമാണു നമുക്കു മുന്നിലുള്ളത്. പരസ്പര താരിഫുകളോ മറ്റെല്ലാത്തരം താരിഫുകളോ ഏതുമാകട്ടെ, ഇതുമായി ബന്ധപ്പെട്ട വ്യാപാരയുദ്ധങ്ങള് ലോകവ്യാപാരത്തെ വളരെയധികം തടസപ്പെടുത്തും. വ്യാപാരയുദ്ധങ്ങള് ഇനി ചരക്കുകളെ മാത്രമല്ല, സാങ്കേതികവിദ്യ, ഊര്‍ജം, വ്യാവസായിക നയം തുടങ്ങിയ ഘടകങ്ങളെയും സ്വാധീനിക്കും. ഊര്‍ജവും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ സംരക്ഷണവാദത്തിലേക്കും തന്ത്രപരമായ വ്യവസായങ്ങളില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിലേക്കും കൂടുതല്‍ ആശ്രയിക്കും.
ലോക വ്യാപാരസംഘടന അനിശ്ചിതത്വത്തിലായതോടെ, രാജ്യങ്ങള്‍ ഉഭയകക്ഷി അല്ലെങ്കില്‍ ബഹുകക്ഷി വ്യാപാര കരാറുകളിലേക്കു കൂടുതല്‍ തിരിയുന്നു. സൗഹൃദരാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളുടെ ഉയര്‍ച്ചയും ബദല്‍ വിതരണശൃംഖലകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവും ഭാരതത്തിന് അവസരങ്ങളേകുന്നു. ശരിയായ നയങ്ങള്‍, തന്ത്രപരമായ ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍, വ്യവസായ നടത്തിപ്പു സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയിലൂടെ നമുക്ക് ഉല്‍പ്പാദന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകും.
സാങ്കേതികവിദ്യ: ആഗോളാധികാരത്തിനുള്ള പോരാട്ടഭൂമി
ഒന്നാം വ്യാവസായിക വിപ്ലവം മുതല്‍ നാലാം നൂറ്റാണ്ടുവരെ ആഗോളാധികാര ചലനാത്മകതയെ രൂപപ്പെടുത്തുന്ന പ്രധാന പ്രേരകശക്തി സാങ്കേതികവിദ്യയാണ്. ഇന്നിന്റെ യുഗത്തില്‍, സെമികണ്ടക്ടറുകള്‍, നിര്‍മിതബുദ്ധി (എഐ), ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയാണു പ്രധാന ചാലകശക്തികള്‍. സാങ്കേതിക പരമാധികാരം ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ ചിപ്പ് നിര്‍മാണത്തില്‍ ശതകോടികള്‍ ഒഴുക്കുന്നു. രാജ്യങ്ങളില്‍നിന്നും കമ്പനികളില്‍നിന്നും സമാനമായി വന്‍ നിക്ഷേപങ്ങള്‍ക്കാണ് എഐ സാക്ഷ്യം വഹിക്കുന്നത്. അതേസമയം, സൈബര്‍ പോരാട്ടവും എഐയും ഉയര്‍ത്തുന്ന അപായസാധ്യതകള്‍ അവഗണിക്കാനും കഴിയില്ല. സൈബര്‍ പോരാട്ടം ഊര്‍ജ ശൃംഖലകളെയാകെ തടസപ്പെടുത്തുകയോ പണമിടപാട്-ബാങ്കിങ് സംവിധാനങ്ങള്‍ താളം തെറ്റിക്കുകയോ ചെയ്യും. എഐ അടിസ്ഥാനമാക്കിയുള്ള തെറ്റായ വിവരപ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുകയും സാമൂഹ്യ ഭിന്നതകള്‍ക്കിട വരുത്തുകയോ ചെയ്യും. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ എഐ രൂപപ്പെടുത്തുകയും സ്വന്തമാക്കുകയും വിന്യസിക്കുകയും വേണം. ബഹുഭാഷാ-ബഹുതല മാതൃകകള്‍ സൃഷ്ടിക്കണം. കുറവുകള്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യ ഏവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ആഗോള സമൂഹം ഉറപ്പാക്കണം. വിഭജനങ്ങള്‍ വിശാലമാക്കുന്നതിനുപകരം അവ മറികടക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഭാരതത്തിന്റെ മാതൃക ലോകത്തിനുതന്നെ മാതൃകയാകാം.
ഊര്‍ജത്തിന്റെ ഭൗമരാഷ്ട്രീയവും ഊര്‍ജപരിവര്‍ത്തനവും
സംശുദ്ധ ഊര്‍ജത്തിലേക്കുള്ള മാറ്റം ഊര്‍ജ ചലനാത്മകതയെ പുനര്‍നിര്‍വചിക്കുന്നു. നിര്‍ണായക ധാതുക്കളാല്‍ (ലിഥിയം, കൊബാള്‍ട്ട്, അപൂര്‍വ ഭൗമധാതുക്കള്‍) സമ്പന്നമായ രാജ്യങ്ങള്‍, അല്ലെങ്കില്‍ ഈ നിര്‍ണായക ധാതുക്കളുടെ സംസ്കരണം നിയന്ത്രിക്കുന്ന രാജ്യങ്ങള്‍, കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ഇന്ന്, അപൂര്‍വ ഭൗമ മൂലകങ്ങളുടെ വേര്‍തിരിച്ചെടുക്കലും സംസ്കരണവും ഏകദേശം 70-80 ശതമാനം നിയന്ത്രിക്കുന്നത് ചൈനയാണ്. ലോകത്തിലെ 80 ശതമാനം സൗരോര്‍ജ സെല്ലുകളും 70 ശതമാനം വൈദ്യുതവാഹന ബാറ്ററികളും ഉല്‍പ്പാദിപ്പിക്കുന്നതും ചൈനയാണ്. ചൈന ഇതിനകം സാങ്കേതികരംഗത്തു മുന്‍നിരയിലായതിനാല്‍, ട്രംപ് ഭരണകൂടത്തിനു കീഴിലുള്ള അമേരിക്ക, പാരിസ് കരാറില്‍നിന്നു പിന്മാറി. പകരം ഫോസില്‍ ഇന്ധന വികാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ആഗോള ഊര്‍ജപരിവര്‍ത്തനത്തിനു വലിയ അപായസാധ്യതകള്‍ ഉയര്‍ത്തും. വികസിത രാജ്യങ്ങള്‍ ആഗോള കാര്‍ബണ്‍ ബജറ്റിന്റെ 80 ശതമാനം ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. കൂടാതെ ജി-7 രാജ്യങ്ങളില്‍ നിന്നു ഘട്ടംഘട്ടമായി കല്‍ക്കരി ഒഴിവാക്കുന്നത്, 2030നു പകരം 2035 ഓടെ സംഭവിക്കും. കൂടാതെ, വികസ്വര രാജ്യങ്ങള്‍ക്കു കാലാവസ്ഥാ ധനസഹായവും സാങ്കേതികവിദ്യയും നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ വികസിത രാജ്യങ്ങള്‍ പരാജയപ്പെടുന്നു. വികസ്വര രാജ്യങ്ങള്‍ക്കു വികസന അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള ഇടം ഇതിലൂടെ വലിയ തോതില്‍ കുറയുന്നു. സംശുദ്ധ ഊര്‍ജത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിനു പുതിയ രൂപത്തിലുള്ള ആഗോള സഖ്യങ്ങള്‍ ആവശ്യമാണ്. വരുംതലമുറ സൗരോര്‍ജ പാനലുകള്‍, ഇലക്ട്രോലൈസറുകള്‍, ഓള്‍ട്ടര്‍നേറ്റ് സെല്‍ കെമിസ്ട്രി, ബാറ്ററികള്‍ തുടങ്ങിയ സാങ്കേതികവിദ്യകളില്‍ രാജ്യങ്ങള്‍ സഹകരിക്കണം. ഹരിത ഹൈഡ്രജന്‍, സൗരോര്‍ജം, ഇലക്ട്രിക് മൊബിലിറ്റി എന്നിവയില്‍ നമ്മുടെ ആഭ്യന്തര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതു തുടരാന്‍ നിര്‍ണായക പ്രവര്‍ത്തനം ഭാരതം നടത്തണം. സംസ്കരണത്തിനും ശുദ്ധീകരണത്തിനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം നിര്‍ണായക ധാതുക്കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനു രാജ്യം വ്യാപാര പങ്കാളിത്തം ഉറപ്പാക്കണം.
വര്‍ധിക്കുന്ന ആഗോള സംഘര്‍ഷങ്ങള്‍
ആഗോള സഹകരണം ഏറ്റവും ആവശ്യമുള്ള സമയത്ത്, നമ്മുടെ നിലവിലുള്ള ഘടനകള്‍ അവയുടെ ഉത്തരവാദിത്തത്തില്‍ പരാജയപ്പെടുന്നു. പ്രസക്തി നിലനിര്‍ത്താന്‍ ഐക്യരാഷ്ട്രസഭ പാടുപെടുന്നു. ആഗോള താപനില ഇതിനകം 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പ്രാതിനിധ്യത്തിന്റെയും മുന്‍ഗണനകളുടെയും കാര്യത്തില്‍ ഗ്ലോബല്‍ സൗത്ത് മേഖല ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സുരക്ഷാസമിതി സ്തംഭനാവസ്ഥയിലാണ്. ഡബ്ല്യുടിഒയ്ക്കു പ്രവര്‍ത്തനക്ഷമമായ തര്‍ക്ക പരിഹാര സംവിധാനമില്ല. ഉക്രൈന് മുതല്‍ ഗാസയും സുഡാനും വരെ, ലോകമെമ്പാടും സംഘര്‍ഷം വര്‍ധിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധികള്‍, സാമ്പത്തിക അസ്ഥിരത എന്നിവയില്‍ ഇന്നിന്റെ വെല്ലുവിളികള്‍ക്കു ദേശീയ അതിര്‍ത്തികളേതുമില്ല. കാലഹരണപ്പെട്ട സ്ഥാപനങ്ങളുമായി 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയില്ല. ഗ്ലോബല്‍ സൗത്തിനെ സുപ്രധാനകേന്ദ്രമാക്കി മാറ്റുകയും, ലോകം തെരഞ്ഞെടുക്കപ്പെട്ട ഏതാനും ശക്തികളുടെ മേഖലയല്ലെന്നു തിരിച്ചറിയുകയും ചെയ്യുന്ന പുതിയ ആഗോള ഭരണചട്ടക്കൂട് അനിവാര്യമാണ്. ബദല്‍ ആഗോള സാമ്പത്തികമാതൃക രൂപപ്പെടുത്തുന്നതിനും കൂടുതല്‍ സമഗ്രമായ അന്താരാഷ്ട്ര സംവിധാനത്തിനായി വാദിക്കുന്നതിനും ഭാരതത്തിനുള്ള അവസരം കൂടിയാണിത്.
വരുന്ന ദശകം ആഗോള രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ഭാവി രൂപപ്പെടുത്തും. ആഗോള വേദിയില്‍ ഭാരതം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരികയും ചെയ്യും. ആഗോള സംഘര്‍ഷത്തിന്റെ കാര്യത്തില്‍ അനുരഞ്ജനക്കുറിപ്പു തയ്യാറാക്കുന്നതിനൊപ്പം, ഗ്ലോബല്‍ സൗത്ത് മേഖലയ്ക്കു പ്രാധാന്യമുള്ള വിഷയങ്ങള്‍ നാം മുന്‍നിരയിലേക്കു കൊണ്ടുവരുന്നു. അഭിപ്രായവ്യത്യാസത്തിനുപകരം സംഭാഷണത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്ന രാജ്യത്തിന്റെ സമീപകാല നിലപാട് ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഭാരതത്തിന്റെ നയതന്ത്ര സന്തുലിത നിലപാട് ഈ കാലഘട്ടത്തിന്റെ നിര്‍ണായക സവിശേഷതയായി മാറുകയാണ്.
(ഭാരതത്തിന്റെ ജി 20 ഷെര്‍പയും നിതി ആയോഗ് മുന്‍ സിഇഒയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: