കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ കെ ബാബുവിനെതിരെ ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കുറ്റപത്രം നല്‍കി. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2007 ജൂലായ് മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കെ. ബാബു 25.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്. 2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.82 ലക്ഷം രൂപ സമ്പാദിച്ചുവെന്ന് ഇഡിയും കണ്ടെത്തിയിരിക്കുകയാണ്. അനധികൃതമായി സമ്പാദിച്ച പണം ബാബു സ്ഥാവരജംഗമ സ്വത്തുക്കളാക്കി വാങ്ങി സ്വത്തിന്റെ ഭാഗമാക്കി എന്നാണ് ഇഡി കണ്ടെത്തിയത്. ഇത്രയം തുകയുടെ സ്വത്ത് ഇഡി നേരത്തെ കണ്ടു കെട്ടിയിരുന്നു.
കേസില്‍ 2020ലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. അനധികൃതമായി ബാബു 100 കോടി സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സിന്റെ എഫ്ഐആറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അത് 25.82 ലക്ഷം എന്നായി മാറി. ജനപ്രതിനിധിയെന്ന നിലയില്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച 40 ലക്ഷത്തോളം രൂപയും അനധികൃതസ്വത്തായി വിജിലന്‍സ് കണക്കാക്കിയെന്ന് ബാബു പിന്നീട് ഇഡിയ്‌ക്ക് മൊഴി നല്‍കി. പിന്നീട് വിജിലന്‍സ് പറഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് അനധികൃത സ്വത്തായി കണക്കാക്കി ഇഡി കണ്ടുകെട്ടി.
ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: