Entertainment

ഇതാണ് ഇന്ത്യന്‍ പാരമ്പര്യം; മമ്മൂട്ടിക്കായി വഴിപാട് നടത്തിയ മോഹന്‍ലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്‌ദേക്കര്‍

Published by

ശബരിമലയില്‍ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ മോഹന്‍ലാലിനെ പിന്തുണച്ച് സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കര്‍. ഇതാണ് ഇന്ത്യന്‍ പാരമ്പര്യമെന്നും, വിശ്വ ബന്ധുത്വത്തിലാണ് വിശ്വാസമെന്നും ജാവ്‌ദേക്കര്‍ എക്‌സില്‍ കുറിച്ചു. മമ്മൂട്ടിക്ക് വഴിപാട് നടത്തിയതിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ജാവേദ്ക്കറുടെ പിന്തുണ.

ശബരിമല ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. പിന്നാലെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇത് മുസ്ലീം മതനിയമത്തിന് എതിരാണെന്നാണ് ഒ അബ്ദുള്ള പറഞ്ഞത്. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു.

വഴിപാട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ തെറ്റാണ് എന്നാണ് നാസര്‍ ഫൈസി പറഞ്ഞത്. അതേസമയം, ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തി നല്‍കിയത് എന്നായിരുന്നു ഇതിനോട് മോഹന്‍ലാല്‍ പ്രതികരിച്ചത്.

എന്നാല്‍ തങ്ങളല്ല രസീത് പുറത്തുവിട്ടതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഭക്തന് നല്‍കിയ രസീതിന്റെ ഭാഗത്തില്‍ നിന്നുമാണ് ഇത് ചോര്‍ന്നത് എന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ തിരുത്തുമെന്ന് ആഗ്രഹിക്കുന്നു എന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക