ന്യൂദൽഹി: പാർലമെന്റ് അംഗങ്ങളുടെയും മുൻ എംപിമാരുടെയും ശമ്പളം, ബത്തകൾ, പെൻഷൻ എന്നിവയിൽ 24% വർദ്ധന പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ സമീപകാല വിജ്ഞാപനത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ വീക്ഷണം. 2024 മാർച്ച് 24 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷം രൂപയായി പരിഷ്കരിച്ചിരുന്നു. ഇത് പൊതുജനങ്ങൾക്കിടയിൽ പലതരത്തിലുള്ള തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിരുന്നു.
2016 ൽ, എംപിമാർ അവരുടെ ശമ്പള പാക്കേജ് തീരുമാനിക്കരുതെന്നും അത്തരം കാര്യങ്ങളിൽ ശമ്പള കമ്മീഷനെപ്പോലെയുള്ള ഒരു സംവിധാനം ആയിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അല്ലെങ്കിൽ കാലാകാലങ്ങളിൽ ചില തസ്തികകൾക്കും റാങ്കുകൾക്കും നൽകുന്ന വർദ്ധനയുമായി അത് ബന്ധിപ്പിക്കണമെന്നുമുള്ളത് പ്രധാനമന്ത്രി മോദിയുടെ കരുത്തുറ്റ കാഴ്ചപ്പാടായിരുന്നു. പ്രധാനമന്ത്രിയുടെ ഈ ശക്തമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പള പരിഷ്കരണ സംവിധാനം പാർലമെന്റിന്റെ വിവേചനാധികാര തീരുമാനത്തിൽ നിന്ന് മാറ്റി പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഘടനാപരമായ സംവിധാനത്തിലേക്ക് ക്രമീകരിച്ചത്.
2018 ൽ ആവിഷ്കരിച്ച ഈ സംവിധാനം ശമ്പള പരിഷ്കരണത്തിന് ന്യായവും സുതാര്യവുമായ സമീപനം ഉറപ്പാക്കുകയും സാമ്പത്തിക ജാഗ്രത ഉറപ്പാക്കിക്കൊണ്ട് ഏകപക്ഷീയമായ വർദ്ധന തടയുകയും ചെയ്യുന്നു.
ശമ്പള പരിഷ്കരണത്തിന് പിന്നിലെ സംവിധാനം
· 1961 ലെ ആദായനികുതി നിയമപ്രകാരം പ്രസിദ്ധീകരിച്ച ചെലവ് പണപ്പെരുപ്പ സൂചിക (CII) ഉപയോഗിച്ച്, എംപിമാരുടെ ശമ്പളത്തെ പണപ്പെരുപ്പവുമായി ബന്ധിപ്പിക്കുന്നതിനായി 2018 ലെ ധനകാര്യ നിയമം 1954 ലെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, ബത്ത, പെൻഷൻ എന്നിവ ഭേദഗതി ചെയ്തു.
· ഈ ഭേദഗതിക്ക് മുമ്പ്, ശമ്പള പരിഷ്കരണങ്ങൾ താൽക്കാലിക അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. ഓരോ തവണയും പാർലമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നു. ഈ പ്രക്രിയയെ രാഷ്‌ട്രീയവൽക്കരിക്കാനും ശമ്പള ക്രമീകരണത്തിനായി വ്യവസ്ഥാപിത സംവിധാനം അവതരിപ്പിക്കാനും ഈ ഭേദഗതി ലക്ഷ്യമിട്ടു.
· 2018 ലെ ഭേദഗതിക്ക് മുമ്പുള്ള അവസാന പരിഷ്കരണം 2010 ൽ നടന്നു. എംപിമാരുടെ പ്രതിമാസ ശമ്പളം 16,000 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയപ്പോഴായിരുന്നു ഇത്. ഈ തീരുമാനം പൊതുജനങ്ങളിൽ കാര്യമായ വിമർശനത്തിന് കാരണമായി. പലരും ഇത് മൂന്ന് മടങ്ങ് ശമ്പള വർദ്ധന നൽകുന്നതായി മനസ്സിലാക്കി.
· എന്നാൽ, മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുൾപ്പെടെ ചില എംപിമാർ ഈ വർദ്ധന പര്യാപ്തമല്ലെന്ന് വാദിക്കുകയും ശമ്പളത്തിൽ കുറഞ്ഞത് അഞ്ച് മടങ്ങ് വർദ്ധനയെങ്കിലും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള സ്വയംകൃത ശമ്പള ക്രമീകരണം
· പുതുക്കിയ സംവിധാനത്തിന് കീഴിൽ, ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കി എംപിമാരുടെ ശമ്പളം ഇപ്പോൾ ഓരോ അഞ്ച് വർഷത്തിലും സ്വയമേവ ക്രമീകരിക്കപ്പെടുന്നു. 70,000 രൂപ നിയോജകമണ്ഡല അലവൻസും 2,000 രൂപ ദിവസബത്തയും സൗജന്യ ഭവനം, യാത്ര, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അധിക ബത്തകൾക്കൊപ്പം, 2018 ലെ അടിസ്ഥാന ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.
· ഇപ്പോൾ, ചെലവ് പണപ്പെരുപ്പ സൂചിക അനുസരിച്ച്, എംപിമാർക്ക് പ്രതിമാസം 1.24 ലക്ഷം രൂപ ശമ്പളം ലഭിക്കും – ഏഴ് വർഷത്തെ കാലയളവിൽ 24% വർദ്ധനയാണിത്, അതായത് ഏകദേശം 3.1% വാർഷിക വർദ്ധന.
· ഏകപക്ഷീയമായ തീരുമാനങ്ങളേക്കാൾ സ്ഥാപിതമായ സാമ്പത്തിക സൂചകത്തെ ആശ്രയിച്ചിരിക്കുന്ന ഈ പ്രക്രിയ ശമ്പള പരിഷ്കരണങ്ങൾ വസ്തുനിഷ്ഠവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നു.
· തൽഫലമായി, ആവർത്തിച്ചുള്ള പാർലമെന്ററി സംവാദങ്ങളുടെയോ രാഷ്‌ട്രീയ ഇടപെടലുകളുടെയോ ആവശ്യമില്ലാതെ ശമ്പള ക്രമീകരണം ക്രമാനുഗതമായി സംഭവിക്കുന്നു.
കോവിഡ്-19 കാലത്തെ ശമ്പളം താൽക്കാലികമായി വെട്ടിക്കുറയ്‌ക്കൽ
· കോവിഡ്-19 മഹാമാരിയുടെ കാലത്ത് അസാധാരണ നടപടിയെന്ന നിലയിൽ, 2020 ഏപ്രിലിൽ ഒരു വർഷത്തേക്ക് എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30% വെട്ടിക്കുറയ്‌ക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിന് കേന്ദ്രഗവണ്മെന്റിന്റെ സാമ്പത്തിക സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെടുത്തത്.
· പ്രതിസന്ധിയെ നേരിടുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് ധനസഹായം ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനാണ് താൽക്കാലികമായി വെട്ടിക്കുറച്ചത്. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംപിമാർക്കും ഈ കുറവ് ബാധകമായിരുന്നു. അത് ഒരു വർഷത്തേക്ക് തുടർന്നു.
· എംപിമാരുടെ പ്രതിഫലം നിയന്ത്രിക്കുന്ന ഘടനാപരമായ പ്രക്രിയയെക്കുറിച്ചുള്ള ധാരണയിൽ നിന്നല്ല, മറിച്ച് തെറ്റിദ്ധാരണകളിൽ നിന്നാണ് ഈ വർധനയെ ചുറ്റിപ്പറ്റിയുള്ള വിമർശനം പ്രധാനമായും ഉയർന്നുവന്നത്.
മുഖ്യമന്ത്രിമാർക്കും എംഎൽഎമാർക്കും സ്വന്തം ഇഷ്ടപ്രകാരം നൽകപ്പെടുന്ന അസാധാരണമായ വേതന വർധന
· പല സംസ്ഥാന ഗവണ്മെന്റുകളും സ്വന്തം ശമ്പളം തീരുമാനിക്കുന്നതിന് ഏകപക്ഷീയവും സ്ഥിരമല്ലാത്തതുമായ സംവിധാനങ്ങൾ പിന്തുടരുകയും സ്വന്തമായി അവരുടെ ശമ്പളത്തിൽ അസാധാരണമാംവിധം ഉയർന്ന വർദ്ധനവ് വരുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം പാർലമെന്റ് അംഗീകരിച്ച എംപിമാരുടെ ശമ്പളത്തിനായുള്ള ഘടനാപരവും, പണപ്പെരുപ്പബന്ധിതവുമായ സംവിധാനത്തിന് വിരുദ്ധമാണിത്.
· കർണാടകയിൽ അടുത്തിടെ അവതരിപ്പിച്ച 2025 ലെ ബജറ്റിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം ശമ്പളത്തിൽ 100% വർധനയ്‌ക്ക് അംഗീകാരം നൽകി. ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിമാസം ₹75,000 ൽ നിന്ന് ₹1.5 ലക്ഷമായി വർദ്ധിച്ചപ്പോൾ, മന്ത്രിമാരുടെ ശമ്പളം ₹60,000 ൽ നിന്ന് ₹1.25 ലക്ഷമായി ഉയർന്നു.
· എംഎൽഎമാരുടെയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗങ്ങളുടെയും ശമ്പളം ഇരട്ടിയാവുകയും അത് ₹40,000 ൽ നിന്ന് ₹80,000 ആയി വർധിക്കുകയും ചെയ്തു . കോൺഗ്രസ് ഗവണ്മെന്റിന്റെ വിവേചനരഹിതമായ ചെലവ് കാരണം ഇതിനോടകം തന്നെ കടബാധ്യതയിലയ സംസ്ഥാന ഖജനാവിന് ഈ മാറ്റം പ്രതിവർഷം 62 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുമെന്ന് കണക്കാക്കപ്പെടുന്നു.
· അലവൻസുകൾ ഉൾപ്പെടെ, അവരുടെ മൊത്തം പ്രതിമാസ വരുമാനം 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയരുകയും നേരിട്ട് ലഭിക്കുന്ന തുകയിൽ 2 ലക്ഷം രൂപയുടെ വർദ്ധനവുണ്ടാവുകയും ചെയ്യും.
· ദരിദ്രരിലും ഇടത്തരക്കാരിലും കൂടുതൽ ഭാരമേല്പിച്ചുകൊണ്ട് പെട്രോൾ, പാൽ വിലകളിലും സ്വത്ത് നികുതി, വെള്ളക്കരം എന്നിവയിലും വർദ്ധനവ് വരുത്തിയ സമയത്തുതന്നെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ശമ്പളത്തിലെ സ്വയം സമ്മാനിത വർധനവും നടപ്പിലാക്കിയിരിക്കുന്നത്.
· 2024 ജൂണിൽ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഗവണ്മെന്റ് ഏകപക്ഷീയമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 50% വരെ വർദ്ധിപ്പിച്ചു.
· 2023-ൽ, അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി തന്റെ ശമ്പളത്തിൽ 136% വർദ്ധനവിന് അംഗീകാരം നൽകിക്കൊണ്ട് ശമ്പളം പ്രതിമാസം ₹1.7 ലക്ഷമായി ഉയർത്തി. അതോടൊപ്പം എംഎൽഎമാർക്ക് 66% വർദ്ധനവ് നൽകിക്കൊണ്ട് അവരുടെ ശമ്പളം ₹90,000 ആയി ഉയർത്തുകയും ചെയ്തു.
· യാതൊരു ന്യായീകരണവും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ശമ്പള വർധന നടപ്പാക്കുകയായിരുന്നു. എംപിമാരുടെ ശമ്പളത്തിൽ ഏകദേശം 300% വർദ്ധനവ് വേണമെന്ന 2015-ലെ കെജ്‌രിവാളിന്റെ ആവശ്യം അതിരുകടന്നതാണെന്നു കാണിച്ച് മോദി ഗവണ്മെന്റ് നിരസിച്ചതിന് ശേഷമാണ് ഈ വർദ്ധനവ് നടപ്പിലാക്കിയത് എന്നതാണ് ആശ്‌ചര്യം.
· 2023-ൽ, മമത ബാനർജി മറ്റ് സംസ്ഥാനങ്ങളുമായുള്ള എംഎൽഎമാരുടെ ശമ്പളത്തിലെ അസമത്വം ന്യായീകരണമായി ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ ശമ്പളം 50% കണ്ട് വർധിപ്പിച്ച് ₹80,000 ൽ നിന്ന് ₹1.2 ലക്ഷമായി ഉയർത്തിയത്. അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 36% വർദ്ധനവ് അനുവദിച്ചുകൊണ്ട് അവരുടെ ശമ്പളവും ₹1.5 ലക്ഷമായി വർദ്ധിപ്പിച്ചു.
· പശ്ചിമ ബംഗാളിനും മറ്റ് സംസ്ഥാനങ്ങൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വികസന അസമത്വം പരിഹരിക്കുന്നതിനുപകരം, പശ്ചിമ ബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമസഭാംഗങ്ങൾ തമ്മിലുള്ള ശമ്പള അസമത്വത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
· 2018-ൽ, വൈദ്യുതി, ഡീസൽ, പെട്രോൾ എന്നിവയുടെ വില വർദ്ധനവ് ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി, എംഎൽഎമാരുടെ ശമ്പളം ഏകദേശം 66% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു!
· 2016-ൽ, തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എംഎൽഎമാർക്കും മന്ത്രിമാർക്കും 163% ശമ്പള വർദ്ധനവ് നൽകി. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന നിയമസഭാംഗങ്ങളാണ് അവർ. മുഖ്യമന്ത്രിക്ക് പ്രതിമാസം 4.1 ലക്ഷം, മന്ത്രിമാർക്ക് 3.5 ലക്ഷം, എംഎൽഎമാർക്ക് 2.5 ലക്ഷം രൂപ എന്നിങ്ങനെയാണ് തെലങ്കാനയിലെ ശമ്പളം!
· അതുപോലെ, 2016-ൽ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് ഗവണ്മെന്റ്, സംസ്ഥാനം കടുത്ത കടബാധ്യതയിൽ വലയുമ്പോഴും, നേതാക്കൾക്ക് 83% ശമ്പള വർദ്ധനവ് അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: