റായ്‌പൂർ : മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരികയാണ്. ഇന്ന് രാവിലെ ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. റായ്‌പൂരിലെയും ഭിലായിലെയും അദ്ദേഹത്തിന്റെ വസതിയിൽ സിബിഐ സംഘം എത്തുകയായിരുന്നു.
അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെയും ബാഗേലിന്റെ അടുത്ത സഹായിയുടെയും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി. എന്നാൽ ഇതുസംബന്ധിച്ച് സിബിഐ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
അതേ സമയം ഭൂപേഷ് ബാഗേലിന്റെ സംഘം എക്സിൽ ഇതുസംബന്ധിച്ച് വിവരങ്ങൾ കുറിച്ചിട്ടുണ്ട്. ഇന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി യോഗത്തിനായി രൂപീകരിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ യോഗത്തിനായി ദൽഹിയിലേക്ക് പോകും. അതിനുമുമ്പ് സിബിഐ റായ്‌പൂരിലും ഭിലായ് നിവാസിലും എത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ സംഘം എക്സിൽ കുറിച്ചത്.
നേരത്തെ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയുടെ വീട്ടിൽ ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. പിഎംഎൽഎ പ്രകാരം ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ 14 സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. ഇതിൽ ചൈതന്യ ബാഗേലിന്റെ വസതിയും മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായി പപ്പു ബൻസൽ എന്ന ലക്ഷ്മി നാരായൺ ബൻസലിന്റെ വസതിയും ഉൾപ്പെടുന്നുണ്ട്.
മദ്യ കുംഭകോണത്തിൽ ചൈതന്യ ബാഗേൽ ഗുണഭോക്താവാണെന്ന് ഇഡി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ തട്ടിപ്പിന്റെ തുക ഏകദേശം 2161 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിവിധ മാർഗങ്ങളിലൂടെ പ്രതികൾ പിൻവലിച്ചുവെന്നാണ് കണ്ടെത്തൽ. കൂടാതെ അന്വേഷണത്തിൽ ഇഡി നിരവധി സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: