കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹഫീസ് സയീദിന്റെ ബന്ധുവും ലഷ്കര്‍-ഇ-തൊയ്ബയുടെ പ്രധാന ഫണ്ട് സ്വരൂപകനുമായ ഖാരി ഷഹ്സാദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
തീവ്രമത സംഘടനയായ ജാമിയത്ത് ഉലമ ഇസ്ലാമിന്റെ (ജെയുഐ-എഫ്) വൈസ് പ്രസിഡന്റ് കൂടിയായ ഖാരി ഷഹ്സാദ് തിങ്കളാഴ്ച രാവിലെ ഒരു പ്രാദേശിക പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥന നടത്താന്‍ പോകുന്നതിനിടെ കറാച്ചിയിലെ ഖൈറാബാദ് പ്രദേശത്ത് വെച്ചാണ് അജ്ഞാതര്‍ വെടിവച്ചു കൊന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജെയുഐ-എഫിന്റെ അഞ്ച് നേതാക്കളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, കറാച്ചിയില്‍ മറ്റൊരു ലഷ്കര്‍-ഇ-തൊയ്ബ ഭീകരനായ അദ്നാന് അഹമ്മദ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജെയുഐ-എഫ് നേതാക്കള്‍ക്കെതിരായ മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഖൊറാസാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന വാദങ്ങളുമുയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ലഷ്കറിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതന്‍ വെടിവെച്ച് കൊന്നത്. ബന്ധുക്കളും കൂട്ടാളികളും അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത് പതിവായതോടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. പാകിസ്ഥാനില്‍ നിലവിലുള്ള തീവ്രവാദികള്‍ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തെയും അഭിമുഖീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: