കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവര്‍ക്കെതിരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും കോടതി അന്ന് വിധി പറയും.
വിടുതല്‍ ഹര്‍ജി തള്ളിയാല്‍ കുറ്റം ചുമത്താന്‍ സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്ന് നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബര്‍ 11ന് ആയിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചാല്‍ മതിയെന്നു വിശ്വസിപ്പിച്ച് എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (52), തിരുമ്മു ചികിത്സകനായ ഇലന്തൂരിലെ കെ.വി. ഭഗവല്‍സിങ് (67), ഭാര്യ ലൈല (58) എന്നിവരെ കൂടെക്കുട്ടി ലോട്ടറി വില്പനക്കാരായ കാലടി സ്വദേശി റോസിന് (49), തമിഴ്നാട് സ്വദേശി പത്മം (52) എന്നിവരെ ഇലന്തൂരിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്. കടവന്ത്ര പോലീസാണു കേസ് അന്വേഷിച്ചത്.
കാണാതായ പത്മത്തെ തേടിയുള്ള അന്വേഷണത്തില്‍ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പോലീസിനെ ഇലന്തൂരിലെത്തിച്ചത്. പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യുഷന് വ്യക്തമാക്കി.
പൊന്നുരുന്നി പഞ്ചവടി നഗറിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബര്‍ 26നാണ് കടവന്ത്ര പോലീസിനു ലഭിച്ചത്. കാലടി മറ്റൂരില്‍നിന്നു കാണാതായ ആലപ്പുഴ കൈനടി സ്വദേശി റോസിനെയും (49) സമാനമായ രീതിയില്‍ ഈ സംഘം കൊലപ്പെടുത്തി. 2023 ജനുവരി 6നാണ് പത്മത്തിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണു കുറ്റപത്രത്തില്‍ വിശേഷിപ്പിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്ലിനുമാണന്നു പോലീസ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: