കൊച്ചി: വിവാദം സൃഷ്ടിച്ച എഫ്എസിടി ജിപ്‌സം വില്പന കേസില്‍ പ്രതിയാക്കപ്പെട്ടവരെ സിബിഐ കോടതി വെറുതെവിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സിഎംഡിയായിരുന്ന ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍ ഐ.എസ്. അംബിക, ജനറല്‍ മാനേജര്‍ ശ്രീനാഥ് വി. കമ്മത്ത്, ഡിജിഎംമാരായ ഡാനിയല്‍ മധുകര്‍, പൊഡാര്‍, ഡീലര്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാവരേയും വെറുതെവിട്ടു. എറണാകുളം സിബിഐ കോടതി രണ്ടിലെ സ്‌പെഷല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് വിധി പറഞ്ഞത്.
2015 ലാണ് ഫാക്ട് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ സിബിഐ മിന്നല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തെളിയിക്കാന്‍ വേണ്ട യാതൊരുവിധ തെളിവുകളും മൊഴികളും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് കേസ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഫാക്ടിന്റെ കൊച്ചിന്‍ ഡിവിഷനില്‍ പ്രൊഡക്ഷന്‍ വേസ്റ്റായ ജിപ്‌സം ഒരു ടണ്ണിന് 130 രൂപ നിരക്കില്‍ കരാര്‍ കൊടുത്തത് കമ്പനിക്ക് കോടികളുടെ നഷ്ടം വരുത്തി എന്നാരോപിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ക്ക് ഫാക്ടിലെ ഒരു ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ആദ്യ തവണ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ആരും പങ്കെടുത്തില്ല. തുടര്‍ന്നും ടെന്‍ഡര്‍ ഇട്ടപ്പോള്‍ മൂന്ന് ഏജന്‍സികള്‍ പങ്കെടുക്കുകയും മുംബൈയിലുള്ള എന്‍എസ്എസ് ട്രേഡേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉയര്‍ന്ന നിരക്ക് (ടണ്ണിന് 130) കോട്ട് ചെയ്തതിനാല്‍ അവര്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. കരാര്‍ കാലയളവിനുള്ളില്‍ മൂന്ന് ലക്ഷം ടണ്‍ ജിപ്‌സം നീക്കം ചെയ്തില്ലെങ്കില്‍ ഏജന്‍സിക്കാര്‍ ഫാക്ടിന് പണം കൊടുക്കണം എന്നതായിരുന്നു ഒരു വ്യവസ്ഥ.
സിബിഐ കേസ് എടുത്തതിനെ തുടര്‍ന്ന് ഫാക്ടിലെ ചില ട്രേഡ് യൂണിയനുകള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജയ്‌വീര്‍ വാസ്തവയ്‌ക്ക് നാലു വര്‍ഷത്തെ സര്‍വീസ് അവശേഷിക്കുമ്പോഴാണ് കേസിനെ തുടര്‍ന്ന് സിഎംഡി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. സര്‍വീസ് ആനുകൂല്യങ്ങള്‍ തടയപ്പെട്ടു. മറ്റുള്ളവരുടെ പ്രമോഷന്‍ സാധ്യതകള്‍ നഷ്ടപ്പെട്ടു. ശമ്പളവും ആനുകുല്യങ്ങളും ലഭിച്ചെങ്കിലും അതുവരെയുണ്ടായിരുന്ന സല്‍പ്പേരിന് ഇടിവ് വരികയും മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ സംഭവിക്കുകയും ചെയ്തു. തങ്ങള്‍ക്കുനേരിട്ട അപമാനത്തിനും മാനസികസമ്മര്‍ദത്തിനും ഇപ്പോഴത്തെ അനുകൂല വിധികൊണ്ട് പരിഹാരമാകില്ലെന്ന് കേസില്‍ നിന്ന് മോചിതരായവര്‍ പറഞ്ഞു. മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
കുറ്റാരോപിതരായ ഏഴു പേര്‍ക്കും വേണ്ടി സി.എസ്. മനു, അസോസിയേറ്റ്‌സിലെ അഡ്വ. ടി.ബി. ശിവപ്രസാദും ഒരാള്‍ക്ക് വേണ്ടി അഡ്വ. സുശാന്ത് പൈയുമാണ് കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: