Health

ആസ്പിരിന്‍ ആയുസ് കൂട്ടുമോ? ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം

Published by

ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പുതിയ പഠനം.അതോടൊപ്പം 60 വയസ്സ് പിന്നിട്ടവര്‍ ഇത്തരത്തില്‍ മരുന്നുകഴിക്കുന്നത് ആയുസ്സുകൂട്ടുമെന്നാണ് പഠന റിപ്പോര്‍ട്ട്.ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ)യുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച്‌ ദിവസേനയുള്ള ആസ്പിരിന്‍ ഉപയോഗം പക്ഷാഘാതത്തിനും തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനും കാരണമാകും. എന്നാല്‍, ഇതിനെ തീര്‍ത്തും നിരാകരിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലുള്ളൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.

ആസ്പിരിന്റെ ഗുണവശങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാമെങ്കിലും വളരെച്ചുരുക്കം പേര്‍മാത്രമാണ് അതുപയോഗിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഡേവിഡ് ബി. ആഗസ് പറയുന്നു.പുതിയ പഠനമമനുസരിച്ച്‌ ദിവസേന കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകള്‍ ഗണ്യമായി കുറയ്‌ക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനൊപ്പം അമേരിക്ക ആരോഗ്യമേഖലയില്‍ ചെലവിടുന്ന കോടിക്കണക്കിന് ഡോളര്‍ മിച്ചം പിടിക്കാനാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്നാൽ പ്രിവന്റീവ് ടാസ്ക് ഫോഴ്സിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എഫ്.ഡി.എ ഇതംഗീകരിക്കുന്നില്ല. കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനും തലച്ചോറിലെയും വയറ്റിലെയും രക്തസ്രാവത്തിനും കാരണമാകുമെന്നാണ് എഫ്.ഡി.എയുടെ മുന്നറിയിപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by