ന്യൂദല്‍ഹി: അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിലയന്‍സ് പോലുള്ള വമ്പന്‍ കോര്‍പറേറ്റുകളെ സംരക്ഷിച്ചതിന്റെ ഉദാഹരണങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപിയുടെ നിഷികാന്ത് ദുബെ. കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ കോര്‍പറേറ്റുകളായ ഡിബിടിയ്‌ക്ക് (ഡാല്‍മിയ, ബിര്‍ള, ടാറ്റാ) എല്ലാ സഹായവും നല്‍കിപ്പോന്നിരുന്നുവെന്നും നിഷികാന്ത് ദുബെ.
ബിജെപി സര്‍ക്കാര്‍ ഗൗതം അദാനി, മുകേഷ് അംബാനി എന്നീ ബിസിനസുകാരെ വഴിവിട്ട് സഹായിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം വിമര്‍ശനത്തിന് പാര്‍ലമെന്‍റില്‍ മറുപടി കൊടുക്കുകയായിരുന്നു നിഷികാന്ത് ദുബെ. “ഇന്ന് മോദി സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് നേട്ടം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്നു. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) എന്നാണ് ഇതിനെ പറയുക. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഡിബിടി എന്നത് ഡാല്‍മിയ, ബിര്‍ള, ടാറ്റ ആയിരുന്നു. അവര്‍ക്ക് അനര്‍ഹമായ പല സഹായങ്ങളും കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കി. അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്?”. – നിഷികാന്ത് ദുബെ പറഞ്ഞപ്പോള്‍ ബിജെപി ബെഞ്ചുകളില്‍ കയ്യടി ഉയര്‍ന്നു.
ആദ്യം ഡിബിടി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് പിന്നീട് ബജാജിന് കൂടി വഴിവിട്ട സഹായം നല്‍കിത്തുടങ്ങി. അതോടെ ഡിബിബിടി എന്ന നാലക്ഷരങ്ങള്‍ കോണ്‍ഗ്രസിന് പ്രധാനമായി. – നിഷികാന്ത് ദുബെ വിശദീകരിച്ചു.
“1966ല്‍ രൂപീകരിക്കപ്പെട്ടെ റിലയന്‍സ് 1997 വരെ ഒരു ചില്ലിക്കാശ് നികുതി കൊടുത്തിട്ടില്ല. ഇക്കാലയളവില്‍ കോണ്‍ഗ്രസ് ആണ് ഭരിച്ചത്. റിലയന്‍സ് ഇക്കാലയളവില്‍ നികുതി കൊടുത്തിട്ടില്ല എന്നതിന് സര്‍ക്കാര്‍ രേഖകളുണ്ട്.അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്?” – നിഷികാന്ത് ദുബെ പറഞ്ഞു.
“രാജീവ് ഗാന്ധി 1987ല്‍ ആണ് മിനിമം ആള്‍ടര്‍നേറ്റ് ടാക്സ് (എംഎടി) ഏര്‍പ്പെടുത്തി. 1988ല്‍ അത് നിര്‍ത്തലാക്കുകയും ചെയ്തു. ഒരാളുടെ സ്വത്ത് മറ്റൊരാളുടെ പേരില്‍ വാങ്ങുന്നത് തടയാന്‍ 1988ല്‍ ബിനാമി ഇടപട് തടയല്‍ നിയമം രാജീവ് ഗാന്ധി കൊണ്ടുവന്നെങ്കിലും 2011വരെ ബിനാമി ഇടപാട് ഫലപ്രദമായി തടയാനുള്ള നിയമം നടപ്പാക്കിയിരുന്നില്ല. ഇതും റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകളെ സംരക്ഷിക്കാനായിരുന്നു.. അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്? “- നിഷികാന്ത് ദുബെ വ്യക്തമാക്കി.
അതേ സമയം കോണ്‍ഗ്രസ് വിമര്‍ശിക്കുന്നതുപോലെ അദാനിയ്‌ക്കും അംബാനിയ്‌ക്കും മോദി സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കി എന്നതിന് തെളിവൊന്നുമില്ലെന്നും നിഷികാന്ത് ദുബെ പറഞ്ഞു. മാത്രമല്ല, ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം)യിലേക്ക് അദാനിയും അംബാനിയും വന്‍തോതില്‍ സംഭാവന ചെയ്യുന്നുണ്ടെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: