തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാങ്കൂർ ദേവസ്വം ബോർഡ്. ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ മാത്രം ആനയെ ഉപയോഗിക്കണം. മറ്റിടങ്ങളിൽ ദേവ വാഹനങ്ങൾ ആനയ്‌ക്ക് പകരമായി ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും അഭിപ്രായം. തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിൽ ആണ് നിർദേശം.
ക്ഷേത്ര എഴുന്നള്ളിപ്പിനിടെ അപകടങ്ങൾ കുടുന്ന പശ്ചാത്തലത്തിലായിരുന്നു തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നത്.
ആനയോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് തന്ത്ര വിദ്യാപീഠം ക്ഷേത്രോൽസവങ്ങളിൽ ആന തടയുന്നത് നിത്യ സംഭവമായതിന് പ്രധാന കാരണം ആനയോടുള്ള ക്രൂരതയാണെന്നും, ഇത് അവസാനിപ്പിച്ച് ചിലനിയന്ത്രണങ്ങളോടെ ആന എഴുന്നള്ളിപ്പ് തുടരേണ്ടതാണെന്നും തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ആവശ്യപ്പെട്ടു. തന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രാരാധനയുടെയും വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമായതും ചരിത്ര പ്രസിദ്ധവും ഐതിഹ്യപ്പെരുമ നിറഞ്ഞതുമായ തൃശൂർ പൂരം, ഗുരുവായൂർ ആനയോട്ടം, തൃപ്പൂത്തിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോൽസവം, ആറാട്ടുപുഴ, ആനയടി പൂരങ്ങൾ തുടങ്ങിയ തിരുവുത്സവങ്ങൾ കേരളത്തിന്റെ സാംസ്കാരിക ഭൂമികയെയും,പൈതൃകത്തെയും അടയാളപ്പെടുത്തുന്നവയാണ്. ഇത്തരം ചടങ്ങുകളിലെ അവിഭാജ്യ ഘടകമായതിനാൽ ആന എഴുന്നള്ളിപ്പ് അതേപടി തന്നെ തുടരേണ്ടതാണെന്നും എന്നാൽ ഇതോടൊപ്പം തന്നെ ക്ഷേത്രോത്സവങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മദപ്പാടുള്ളതും, രോഗം ബാധിച്ചതോ മുറിവുകളുളളവയോ, ക്ഷീണിച്ചതോ, ഏതെങ്കിലും കാരണത്താൽ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാരടക്കമുള്ള വിദഗ്‌ദ്ധ സമതി നിർദ്ദേശിച്ചിട്ടുള്ളവയോ ആയ ആനകളെ ഒരു കാരണവശാലും എഴുന്നള്ളിപ്പിക്കരുതെന്നും ആനക്ക് മതിയായ വിശ്രമവും ആവശ്യമായ ഭക്ഷണവും നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നുംഅദ്ദേഹം നിർദ്ദേശിച്ചു.
ഏകപക്ഷീയമായി എഴുന്നള്ളിപ്പുകൾ നിർത്താൻ പാടില്ലെന്ന് പറഞ്ഞ തന്ത്രി സമാജം ചില നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. 15 വർഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പ് ചടങ്ങുകൾ ആചാരപരമല്ലെങ്കിൽ നിർത്തലാക്കണമെന്നും പുതുതായി എഴുന്നള്ളിപ്പ് തുടങ്ങുന്നവർക്ക് കർശന വ്യവസ്ഥയോടെ ഉചിതമായ ഇടത്ത് മാത്രം അനുവദിക്കേണ്ടതാണെന്നും തന്ത്രി സമാജം പ്രതിനിധികളായ സൂര്യകാലടി സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട്, കോക്കുളം മാധവര് ശംഭു പോറ്റി, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ യോഗത്തിൽ നിർദ്ദേശിച്ചു.
ഒരു ആന വേണ്ട സ്ഥലത്ത് ഒമ്പത് ആനയെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഒഴിവാക്കാൻ കഴിയാത്ത ഉത്സവങ്ങളിൽ മാത്രം ആനയെ ഉപയോഗിക്കണമെന്നും തന്ത്രിസമാജം പറഞ്ഞു. എഴുന്നള്ളിപ്പിന്റെ ദൈർഘ്യം കുറയ്‌ക്കണമെന്നും, മറ്റു ഇടങ്ങളിൽ ദേവ വാഹനങ്ങൾ ആനയ്‌ക്ക് പകരമായി ഉപയോഗിക്കാമെന്നും തന്ത്രി സമാജം പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
തന്ത്രിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന നിർദേശം ബോർഡ് മുന്നോട്ടുവച്ചത്.
സംസ്ഥാനത്തെ മറ്റ് ദേവസ്വങ്ങളുമായി ചർച്ച ചെയ്ത ശേഷം നിർദ്ദേശങ്ങൾ സർക്കാരിന് കൈമാറും. സർക്കാരാകും അന്തിമ തീരുമാനമെടുക്കുക.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ, തന്ത്രവിദ്യാപീഠം വർക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, അഖില കേരള തന്ത്രിസമാജം പ്രതിനിധികളായ സൂര്യകാലടി സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട്, കോക്കുളം മാധവര് ശംഭു പോറ്റി, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: