മുംബൈ : ഹലാൽ സർട്ടിഫിക്കേഷനുള്ള ഉൽപ്പന്നങ്ങൾ മഹാരാഷ്‌ട്രയിലും നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി (എച്ച് ജെ എസ്) ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തതുപോലെ സംസ്ഥാനത്തും ഇത് നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഈ ആവശ്യവുമായി എച്ച്ജെഎസ് സംഘടന ചുമതലയുള്ള സതീഷ് സോണറും രവി നളവാഡെയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ സന്ദർശിച്ച് നിവേദനം കൈമറി. നാന്ദേഡിൽ നിന്നുള്ള ശിവസേന എംഎൽഎ ആനന്ദ് തിഡാകെയും സന്നിഹിതനായിരുന്നു.
തുടർന്ന് നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിർദ്ദേശം അവതരിപ്പിക്കാൻ ഷിൻഡെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒരു മതേതര സംവിധാനത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻ ഭരണഘടനാ വിരുദ്ധമാണെന്നും മഹാരാഷ്‌ട്രയിൽ ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നത് സ്വാഗതം ചെയ്യുമെന്നും എച്ച്ജെഎസ് പറഞ്ഞു.
നിയമപ്രകാരം ഉപഭോഗ ഉൽപ്പന്നങ്ങളുടെ നിലവാരം തീരുമാനിക്കാനും സർട്ടിഫിക്കറ്റുകൾ നൽകാനും സർക്കാർ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അധികാരമുണ്ട്. ‘ഹലാൽ സർട്ടിഫിക്കേഷൻ’ എന്നത് സർക്കാർ നിയമങ്ങൾ ലംഘിക്കുകയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സമാന്തര സംവിധാനമാണെന്ന് സമിതി പറഞ്ഞു.
കൂടാതെ ‘ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’, ‘ഹലാൽ സർട്ടിഫിക്കേഷൻ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’, ‘ജാമിയത്ത് ഉലമ -ഇ- മഹാരാഷ്‌ട്ര’, ‘ജാമിയത്ത് ഉലമ -ഇ- ഹിന്ദ് ഹലാൽ ട്രസ്റ്റ്’ തുടങ്ങിയ സംഘടനകൾ മഹാരാഷ്‌ട്ര ഉൾപ്പെടെ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അത്തരം സർട്ടിഫിക്കേഷൻ ഉത്തർപ്രദേശിൽ നിരോധിച്ചതെന്നും സമിതി വ്യക്തമാക്കി.
ഇതിനു പുറമെ സ്വകാര്യ സംഘടനകൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാനും പണം പിരിക്കാനും അവകാശമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഈ സംഘടനകൾ ശേഖരിക്കുന്ന പണം ലഷ്കർ-ഇ-തൊയ്ബ, ഇന്ത്യൻ മുജാഹിദീൻ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഏകദേശം 700 പ്രതികൾക്ക് നിയമസഹായം നൽകുന്നതിന് ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് വളരെ ഞെട്ടിക്കുന്നതാണെന്നു സംഘടന പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഷിൻഡെക്ക് പ്രസക്തമായ കുറച്ച് രേഖകളും സംഘടന നൽകി.
പ്രധാനമായും മഹാരാഷ്‌ട്രയിൽ നിയമവിരുദ്ധമായി ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്വകാര്യ സംഘടനകൾക്കെതിരെ ഉടൻ കേസുകൾ ഫയൽ ചെയ്യുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ഹിന്ദുക്കളുടെ ഭരണഘടനാ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമായ ഹലാൽ സർട്ടിഫിക്കേഷൻ നിർത്തലാക്കുകയും സ്വകാര്യ സംഘടനകൾ ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ പിരിച്ചെടുക്കുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
കൂടാതെ ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നതിലൂടെ ലഭിക്കുന്ന നിയമവിരുദ്ധ പണം അവരിൽ നിന്ന് പലിശ സഹിതം ഈടാക്കുകയും ഈ രീതിയിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഉപയോഗം ദേശീയ സുരക്ഷയ്‌ക്ക് എതിരാണോ എന്ന് കണ്ടെത്തുകയും വേണമെന്നും സംഘടന ആവശ്യമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: