സാക്ഷാല്‍ രോഹിത് ശര്‍മയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുമ്പോള്‍, ചെയ്യപ്പെടുന്ന ആള്‍ക്കൊരു റേഞ്ചൊക്കെ വേണമല്ലോ.! മറ്റാരേക്കാളും നായകന് സൂര്യകുമാര്‍ യാദവിന് അതറിയാമായിരുന്നു. അങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഒളിപ്പിച്ചുവച്ചിരുന്ന വജ്രായുധത്തെ സൂര്യ പുറത്തെടുത്തത്. അതൊരു മലയാളി കൂടിയാണെങ്കിലോ..അതു മാത്രമോ ആ വജ്രായുധം പെരുമയ്ക്കനുസരിച്ചുള്ള പ്രകടനം കൂടി പുറത്തെടുത്താലോ ആനന്ദലബ്ധിക്കിനി എന്തുവേണം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്നേഷ് പുത്തൂര്‍ ഒരു രാത്രികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.
എതിര് ടീമിന്റെ തട്ടകത്തില്‍ ബാറ്റിങ് തകര്‍ന്ന മുംബൈ ഇന്ത്യന്‍സിന് സ്കോര്‍ പ്രതിരോധിക്കാനാവില്ലെന്ന നിഗമനത്തിലായിരുന്നു ക്രിക്കറ്റ് പണ്ഡിതര്‍. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ചെപ്പോക്കില്‍ വിഘ്നേഷ് കേവലം അഞ്ച് പന്തിനുള്ളില്‍ വിസ്മയം തീര്‍ത്തു. വിഘ്നേഷിന്റെ കൈയിലേക്ക് സ്പിന്‍ ബൗളിങ്ങിനായി സൂര്യകുമാര്‍ പന്ത് കൈമാറുമ്പോള്‍ ചെന്നൈ ഒരു ആധികാരിക ജയത്തിലേക്കു മുന്നേറുകയായിരുന്നു. വളരെ കൃത്യതയാര്‍ന്ന രീതിയില്‍ കളിക്കുന്ന റിതുരാജും മിന്നും ഫോമില്‍ കളിക്കുന്ന രചിന് രവീന്ദ്രയും ക്രിസീല്‍. തന്റെ പന്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ബാറ്ററെ ഷോട്ടിനു പ്രേരിപ്പിക്കുന്ന തന്ത്രം ഫലിച്ചു. റിതുരാജ് ഷോട്ടിനു മുതിര്‍ന്നു. വേഗക്കുറവ് റിതുരാജിനു വിനയായി പന്ത് വില്‍ ജാക്സിന്റെ കൈകളില്‍ ഭദ്രം. വിഘ്നേഷിന് പൊന്നും വിലയുള്ള ആദ്യവിക്കറ്റ്. പിന്നീട് ശിവം ദുബയെയും ഹൂഡയെയും വീഴ്ത്തി മുംബൈക്ക് പ്രതീക്ഷ നല്കാന് വിഘ്നേഷിനു സാധിച്ചു.
മത്സരത്തില്‍ മുംബൈ പരാജപ്പെട്ടു എങ്കിലും പുതിയ ഒരു താരത്തെക്കൂടി സംഭാവന ചെയ്യാന്‍ മുംബൈ ഇന്ത്യന്‍സിനായി. ചൈനാമാന്‍ ശേലിയിലൂടെ എതിരാളികളെ വട്ടം കറക്കിയ വിഘ്നേഷ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. വിഘ്നേഷിന്റെ മികവിനെ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി വരെ അഭിനന്ദിച്ചു.
നേരത്തെ രോഹിതിനേയും സൂര്യകുമാറിനേയും തിലകിനേയും നെറ്റ്സില്‍ കുഴപ്പിച്ച പന്തുകള്‍ എറിഞ്ഞ് വിഘ്നേഷ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. താരലേലത്തിന് മുന്‍പ് ട്രയല്‍സിനെത്തിയ വിഘ്നേഷിന്റെ ബൗളിങ് മികവ് കോച്ച് ജയവര്‍ധനയ്ക്കും പൊള്ളാര്‍ഡിനും മനസ്സിലായതിന്റെ ഫലമാണ് 30 ലക്ഷത്തിന് മുംബൈ വിഘ്നേഷിനെ സ്വന്തമാക്കിയതിലേക്കെത്തിയത്. തനിക്ക് വിളി വരുമെന്ന് സ്വപ്നത്തില്‍പ്പോലും വിഘ്നേഷ് ഓര്‍ത്തിരുന്നില്ല. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിക്കുമ്പോഴാണ് മുംബൈയുടെ വിളി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: