പെരിന്തല്‍മണ്ണ: ഭാരതത്തിലെന്നല്ല ഇന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പന്തെറിഞ്ഞ മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്റ്റ് പ്ലയര്‍ വിഘ്നേഷ് പുത്തൂര്‍ എന്ന മലയാളി പയ്യന്സിനെ കുറിച്ചാണ്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്.
ലോകമെമ്പാടുമുള്ള മലയാളികള്‍ തെല്ലഹങ്കാരത്തോടെ വിഘ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റ നേട്ടം ആഘോഷിക്കുമ്പോള്‍ വിഘ്നേഷിന്റെ കുടുംബത്തോടൊപ്പം അഭിമാനത്തോടെ ആ നേട്ടമാഘോഷിക്കുന്ന ഒരാളുണ്ട് ഇവിടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍. അത് മറ്റാരുമല്ല വിഘ്നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അതിനെ തേച്ച് മിനുക്കിയെടുത്ത ബിസിസിയുടെ അംഗീകാരമുള്ള പരിശീലകന് സി.ജി. വിജയകുമാറാണ്.
ക്രിക്കറ്റില്‍ ഇടം കയ്യന്‍ ബൗളര്‍ എന്നാല്‍ തന്നെ പ്രാധാന്യമുണ്ട്. അതോടൊപ്പം ലെഗ് സ്പിന്നര്‍ കൂടി ആവുക എന്നത് അപൂര്‍വ്വമാണ്. അത് മനസ്സിലാക്കി ചൈനമാന്‍ ശൈലി വിഘ്നേഷിനെ പരിശീലിപ്പിച്ചത്. അതിന് അനുകൂലമായി വഴങ്ങുന്ന റബ്ബറി റിസ്റ്റ് കൈക്കുഴയാണ് വിഘ്നേഷിന്റേത് എന്നും വിജയകുമാര്‍ പറയുന്നു. പത്ത് വര്‍ഷത്തോളം തന്റെ അടുത്ത് പരിശീലിച്ച വിഘ്നേഷ് പിന്നീട് പെരിന്തല്‍മണ്ണയില്‍ റോളിറോവേഴ്സില് പരിശീലനം തുടങ്ങിയപ്പോഴാണ് അവിടേക്ക് മാറിയത്.
പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിഘ്നേഷിന്റെ അയല്‍വാസിയായ ഷെറീഫാണ് വിഘ്നേഷിനെ തന്റെ മുന്നിലെത്തിച്ചത്. പൊതുവെ അന്തര്‍മുഖനായ മകനെക്കുറിച്ച് അച്ഛന് സുനില്‍ പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. ഇവനധികം സംസാരിക്കില്ല. അന്ന് താന്‍ പറഞ്ഞതാണ് ക്രിക്കറ്റില്‍ സംസാരമല്ല വേണ്ടത് കഴിവാണ് പ്രധാനം. ഇന്നത് യഥാര്‍ത്ഥ്യമായിരിക്കുന്നു. കഴിഞ്ഞദിവസം കളി കാണുമ്പോള്‍ വിഘ്നേഷ് പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരിക്കുമോ എന്നത് സംശയമായിരുന്നു. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസ്സിലായപ്പോള്‍ ഒപ്പം കളി കണ്ടിരുന്ന ഏട്ടന്റെ മോനോട് വിഘ്നേഷിന്റെ സാധ്യതയെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നുവെന്നും പിന്നീട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഇംപാക്ട് പ്ലേയേഴ്സിന്റെ ലിസ്റ്റ് എടുത്തപ്പോള്‍ വിഘ്നേഷ് ഉണ്ടെന്നറിഞ്ഞു. വലിയ സന്തോഷവും അഭിമാനവും തോന്നിയെന്നും വിജയകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: