പെരിന്തല്‍മണ്ണ: മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇടം നേടിയെങ്കിലും ഏതെങ്കിലും മത്സരത്തില്‍ കളിക്കാനാവും എന്ന പ്രതീക്ഷയൊന്നും വിഘ്‌നേഷനും കുടുംബത്തിനും ഇല്ലായിരുന്നു. അപ്രതീക്ഷിതമായാണ് ആദ്യ മത്സരത്തിലെ അവസാന ഇലവനില്‍ വിഘ്‌നേഷ് ഉള്‍പ്പെടുന്നത്. ഏകദേശം അഞ്ചു മണിയോടു കൂടി വീട്ടിലേക്ക് വിളിച്ച മകന്‍ താന്‍ സ്റ്റേഡിയത്തിലേക്ക് പോവുകയാണെന്നും മുംബൈ ഇന്ത്യന്‍സ് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞിരുന്നു.
ടീമിന്റെ വിജയത്തിന് വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ കുടുംബം നടത്തിയിരുന്നു. ഈ സീസണില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ കളിക്കാന്‍ ആവുമെന്ന പ്രതീക്ഷയിലായിരുന്നു വിഘ്‌നേഷിന്റെ കുടുംബവും വിഘ്‌നേഷും. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അത്ഭുതകരമായ പ്രകടനം നടത്താന്‍ ആയതില്‍ കുടുംബം ഈശ്വരനോട് നന്ദി പറയുകയാണ്. അടുത്ത മത്സരങ്ങളില്‍ ഇറങ്ങുമ്പോള്‍ നേരിട്ട് കളി കാണണം എന്നുള്ള ആഗ്രഹത്തിലാണ് വിഘ്‌നേഷിന്റെ കുടുംബം എന്ന് അമ്മ ബിന്ദു ജന്മഭൂമിയോട് പറഞ്ഞു.
പെരിന്തല്‍മണ്ണ കുന്നപള്ളിയില്‍ ഓട്ടോ ഡ്രൈവറായ സുനില്‍ ബിന്ദു ദമ്പതികളുടെ ഏക മകനാണ് വിഘ്‌നേഷ്. മകന്‍ ഭാരതത്തിന് വേണ്ടി കളിക്കുന്ന അഭിമാന നിമിഷത്തിനായി പ്രാര്‍ത്ഥിക്കുകയാണ് ഈ കുടുംബം ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: