ബ്യൂണെസ് ഐറിസ്: ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ 14-ാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് രാത്രി തുടങ്ങും. രാത്രി ഒന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബൊളീവിയ ഉറുഗ്വേയെ നേരിടും. ബാക്കി മത്സരങ്ങളെല്ലാം വെളുപ്പിന് അഞ്ചരയ്ക്കാണ്.
ബ്രസീലിനെതിരായ അര്‍ജന്റീനയുടെ മത്സരം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ്. അര്‍ജന്റീന തലസ്ഥാനം ബ്യൂണസ് ഐറിസിലെ മാസ് മോന്യുമെന്റല്‍ സ്റ്റേഡിയത്തില്‍ വെളുപ്പിന് അഞ്ചരയ്ക്ക് നടക്കുന്ന മത്സരം അത്യധികം ആവേശകരമായി മാറും. 85000 കാണികളെ ഉള്‍ക്കൊള്ളാന്‍ പാകതയുള്ള സ്റ്റേഡിയമാണ് മാസ് മോന്യുമെന്റല്‍.
ഇരുവരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ജയിച്ചത്. 2023 നവംബര്‍ 22ന് ബ്രസീലില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. പ്രതിരോധ താരം നിക്കോളാസ് ഒട്ടോമെന്‍ഡി ആണ് വിജയഗോള്‍ നേടിയത്. മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് മറ്റൊന്നിനെയും ആശ്രയിക്കാതെ 2026 ലോകകപ്പ് ടിക്കറ്റുറപ്പിക്കാനാകും. ഇന്ന് രാത്രി ഒന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ബൊളീവിയ ഉറുഗ്വേയെ തോല്പ്പിച്ചില്ലെങ്കില് ബ്രസീലിനെതിരായ മത്സരം നടക്കും മുമ്പേ അര്‍ജന്റീന യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: