തിരുവനന്തപുരം: ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. കേരളത്തില്‍ തമ്മിലടിക്കുകയും കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യുന്നവരാണ് ഇടതുവലത് പാര്‍ട്ടികള്‍. എന്നാല്‍ രാജ്യത്ത് മുഴുവന്‍ പ്രവര്‍ത്തിക്കുന്ന, അധികാരത്തിലുള്ള പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഡിപിയുടെ 39 ശതമാനവും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ആശാപ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. മഴ പെയ്താലും ഇല്ലെങ്കിലും ബിജെപിയെ കുറ്റപ്പെടുത്തുക എന്നത് സിപിഎമ്മിന്റെ ഫാഷനായി മാറി. ആശാപ്രവര്‍ത്തകര്‍ക്കായി എന്‍എച്ച്എമ്മില്‍ നിന്നും 1400 കോടിയാണ് നല്‍കിയത്. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധത ഇല്ലാത്തവര്‍ ആരാണോ അവരാണ് കമ്യൂണിസ്റ്റുകള്‍. അതുകൊണ്ടാണ് അവരുടെ ഭരണകാലത്ത് വിദ്യാഭ്യാസമുള്ള യുവാക്കള്‍ പുറത്തേക്ക് പോകുന്നതും വ്യവസായങ്ങള്‍ വരാതിരിക്കുന്നതും. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേരളത്തിന് അദ്ദേഹം പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.
രാജ്യത്ത് 65 ശതമാനത്തിലധികം സര്‍ക്കാരുകള്‍ ബിജെപിക്ക് കീഴിലാണ്. ഇപ്പോള്‍ 20 ശതമാനത്തോളം വോട്ട് ബിജെപിക്ക് കേരളത്തിലുണ്ട്. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിച്ച് കേരളത്തിലും അധികാരത്തില്‍ എത്താനാകും.
ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയാണ് രാജീവ് ചന്ദ്രശേഖറെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: